പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് പള്ളിക്കുറുപ്പ് സ്‌കൂളിലെ ജീവനക്കാരനായ അനൂപിനെ സ്‌കൂളിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

പാലക്കാട്‌: മണ്ണാർക്കാട് പള്ളിക്കുറുപ്പ് ഹൈസ്‌കൂളിൽ ജീവനക്കാരനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. സ്‌കൂളിലെ നോൺ ടീച്ചിങ് ജീവനക്കാരനായ അനൂപാണ് മരിച്ചത്. ഇന്ന് വൈകിട്ടാണ് മൃതദേഹം കണ്ടെത്തിയത്. സ്‌കൂളിൽ രാത്രി ഡ്യൂട്ടിക്കെത്തിയ വാച്ച്‌മാനാണ് സംഭവം ആദ്യം കണ്ടത്. പിന്നാലെ പൊലീസിനെയും സ്‌കൂൾ അധികൃതരെയും വിവരമറിയിച്ചു. പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ദിവസം അടക്കാപുത്തൂർ സ്‌കൂളിലേക്ക് സ്ഥലം മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് മരണം. അനൂപിൻ്റേത് ആത്മഹത്യയെന്നാണ് നിഗമനം.

പത്തനംതിട്ട കൂടൽ സർക്കാർ സ്കൂളിലും ഇന്ന് സമാന സംഭവമുണ്ടായി. സ്കൂളിലെ ജീവനക്കാരനായ കോന്നി മുതുപേഴുങ്കൽ സ്വദേശി ബെജി (52)യെ ആളൊഴിഞ്ഞ പ്രദേശത്ത് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ബെജിക്കെതിരെ സ്‌കൂളിലെ മുൻ പ്രധാനാധ്യാപിക നൽകിയ അപകീർത്തി കേസിൽ പൊലീസ് ചോദ്യം ചെയ്യാൻ വിളിപ്പിച്ചതിന് പിന്നാലെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച മുതൽ ബെജിയെ കാണാനില്ലെന്ന് പരാതി ബന്ധുക്കൾ പൊലീസിൽ നൽകിയിരുന്നു. വീടിന് അകലെയുള്ള ആളൊഴിഞ്ഞ പ്രദേശത്താണ് തൂങ്ങി മരിച്ച നിലയിൽ ബെജിയെ കണ്ടെത്തിയത്.

പത്തനംതിട്ടയിൽ തന്നെ കുമ്പഴയിൽ ലോഡ്‌ജ് മുറിയിൽ യുവാവിനെ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ലോഡ്‌ജ് മുറിയിൽ ഒപ്പമുണ്ടായിരുന്ന യുവതിയുമായി വഴക്കിട്ട് ജീവനൊടുക്കിയെന്നാണ് പൊലീസ് പറയുന്നത്. അടൂർ സ്വദേശി മുഹമ്മദ് സൂഫിയാൻ (23) ആണ് മരിച്ചത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: Toll free helpline number: 1056, 0471-2552056)