തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഉദയകുമാർ സരസു ആണ് മരിച്ചത്

ദമ്മാം: പ്രവാസി മലയാളി സൗദിയിൽ മരിച്ചു. തിരുവനന്തപുരം കിളിമാനൂർ സ്വദേശി നെല്ലിക്കാട്ടിൽ വീട്ടിൽ ഉദയകുമാർ സരസു ആണ് മരിച്ചത്. 54 വയസ്സായിരുന്നു. രാവിലെ ജോലിക്ക് പോകാൻ വിളിച്ചിട്ടും എഴുന്നേൽക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കൾ നോക്കിയപ്പോൾ കിടക്കയിൽ മരിച്ചുകിടക്കുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കളും സഹ പ്രവർത്തകരും ചേർന്ന് കമ്പനി അധികൃതരെ അറിയിക്കുകയായിരുന്നു. കമ്പനി അധികൃതർ പോലീസിൽ വിവരം അറിയിക്കുകയും മേൽനടപടികൾ സ്വീകരിച്ച് മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു.

ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. ദീർഘ കാലമായി ഉദയകുമാർ സൗദിയിൽ പ്രവാസിയാണ്. ദമ്മാമിലുള്ള ഒരു സ്വകാര്യ കമ്പനിയുടെ ഫാക്ടറിയിൽ പ്രൊഡക്ഷൻ വിഭാ​ഗത്തിൽ ജീവനക്കാരനായിരുന്നു. മഞ്ജുഷയാണ് ഭാര്യ. പിതാവ്: എൻ കൃഷ്ണൻ. മാതാവ്: സരസു. മകൾ: പൊന്നു. തുടർ നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.