നൂറനാട് പോലീസ് സ്റ്റേഷന് സമീപമുള്ള എസ്ബിഐ ശാഖയിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശം ലഭിച്ചു. തുടർന്ന് ബോംബ് സ്ക്വാഡ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. മദ്യലഹരിയിൽ ഫോൺ ചെയ്ത ആദിക്കാട്ടുകുളങ്ങര സ്വദേശി ഷാജഹാനെ പോലീസ് അറസ്റ്റ് ചെയ്തു.
ചാരുംമൂട്: നൂറനാട് പോലീസ് സ്റ്റേഷന് സമീപം പ്രവർത്തിക്കുന്ന എസ് ബി ഐ ശാഖയിൽ ബോംബ് വെച്ചതായി വ്യാജ സന്ദേശമയച്ചയാളെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തു. പാലമേൽ ആദിക്കാട്ടുകുളങ്ങര തൈക്കാപറമ്പിൽ വീട്ടിൽ ഷാജഹാൻ (47) ആണ് അറസ്റ്റിലായത്. മദ്യലഹരിയിലാണ് ഇയാൾ ബാങ്കിൽ ബോംബ് വെച്ചതായി പോലീസിനെ ഫോണിൽ വിളിച്ച് അറിയിച്ചത്.
വ്യാഴാഴ്ച പകൽ 3.10-ഓടെയാണ് നൂറനാട് പോലീസ് സ്റ്റേഷനിലേക്ക് ഭീഷണി സന്ദേശമെത്തിയത്. തുടർന്ന് ഈ ഫോൺ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ അന്ന് രാത്രി തന്നെ ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു. ബോംബ് ഭീഷണിയുണ്ടായ ഉടൻ തന്നെ പോലീസെത്തി ജീവനക്കാരെയടക്കം പുറത്തിറക്കിയ ശേഷം ബാങ്ക് ശാഖ അടപ്പിച്ചിരുന്നു. പിന്നീട് ആലപ്പുഴയിൽനിന്നും ബോംബ് സ്ക്വാഡും ഡോഗ് സ്‌ക്വാഡുമെത്തി ബാങ്കിനുള്ളിൽ പരിശോധന നടത്തി. ഒന്നര മണിക്കൂറോളം നീണ്ട പരിശോധനയിൽ ബാങ്കിനകത്തോ പുറത്തോ ഭീഷണി സന്ദേശത്തിൽ പറഞ്ഞത് പ്രകാരം ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. ഇതോടെയാണ് ജീവനക്കാരിലും നാട്ടുകാരിലുമുണ്ടായ പരിഭ്രാന്തിയൊഴിഞ്ഞത്. നൂറനാട് എസ് എച്ച് ഒ ഡി രതീഷ് ബാബുവിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.


