ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് (ബിഎസ്ബിഡി) അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ ഒക്ടോബര്‍ ഒന്ന് മുതല്‍ മാറ്റങ്ങള്‍ വരുത്തി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. പുതിയ നിയമപ്രകാരം, ഒരു മാസത്തെ സൗജന്യ പണം പിന്‍വലിക്കല്‍ നാല് തവണയായി പരിമിതപ്പെടുത്തിയിട്ടുണ്ട്. അതിനുശേഷം ഓരോ ഇടപാടിനും 15 രൂപയും ജിഎസ്ടിയും ഈടാക്കും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ബേസിക് സേവിങ്‌സ് ഡെപ്പോസിറ്റ് അക്കൗണ്ട് ഉടമകള്‍ക്കുള്ള സേവന നിരക്കുകളില്‍ മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ മാറ്റങ്ങള്‍ പ്രാബല്യത്തില്‍ വരിക.

പണം പിന്‍വലിക്കുന്നതിന് പുതിയ നിബന്ധനകള്‍

പുതിയ നിയമപ്രകാരം, ബിഎസ്ബിഡി അക്കൗണ്ട് ഉടമകള്‍ക്ക് ഒരു മാസം പരമാവധി നാല് തവണ മാത്രമേ സൗജന്യമായി പണം പിന്‍വലിക്കാന്‍ സാധിക്കൂ. സൗജന്യ പരിധിയായ നാല് തവണ കഴിഞ്ഞാല്‍ പിന്നീട് നടത്തുന്ന ഓരോ പണം പിന്‍വലിക്കലിനും 15 രൂപയും ഒപ്പം ജിഎസ്ടിയും സര്‍വീസ് ചാര്‍ജായി ഈടാക്കും. ബാങ്ക് ശാഖകള്‍, എടിഎം , മൈക്രോ-എടിഎം, എഇപിഎസ്, ക്യാഷ് അറ്റ് പോസ് എന്നിവ വഴി പണം പിന്‍വലിക്കുന്നതിനെല്ലാം ഈ നിരക്ക് ബാധകമായിരിക്കും.

ഡിജിറ്റല്‍ ഇടപാടുകള്‍ക്ക് സൗജന്യം തുടരും

പണം നേരിട്ട് പിന്‍വലിക്കുന്നതിന് പുതിയ നിരക്കുകള്‍ വന്നെങ്കിലും ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് ഇത് ബാധകമല്ല. യുപിഐ, ഐഎംപിഎസ് , നെഫ്റ്റ്, ആര്‍ടിജിഎസ് എന്നിവ വഴി ഡിജിറ്റലായി പണം കൈമാറുന്നതിന് ഉപഭോക്താക്കളില്‍ നിന്നും യാതൊരുവിധ നിരക്കുകളും ഈടാക്കില്ലെന്ന് എസ്ബിഐ വ്യക്തമാക്കി.

ബിഎസ്ബിഡി അക്കൗണ്ട്: അറിയേണ്ട കാര്യങ്ങള്‍

നിലവില്‍ മറ്റ് ബാങ്കുകളിലൊന്നും ബിഎസ്ബിഡി അക്കൗണ്ട് ഇല്ലാത്ത ഏതൊരാള്‍ക്കും ആവശ്യമായ കെവൈസി രേഖകള്‍ നല്‍കി എസ്ബിഐയില്‍ ഈ അക്കൗണ്ട് തുടങ്ങാം. വ്യക്തിഗതമായോ ജോയിന്റ് അക്കൗണ്ടായോ ഇത് തുടങ്ങാവുന്നതാണ്. ഈ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്തേണ്ട ആവശ്യമില്ല. അക്കൗണ്ടില്‍ സൂക്ഷിക്കാവുന്ന പരമാവധി തുകയ്‌ക്കോ, പ്രതിമാസ നിക്ഷേപത്തിനോ ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. നിലവിലുള്ള സേവിങ്‌സ് ബാങ്ക് അക്കൗണ്ട് ബിഎസ്ബിഡി ആക്കി മാറ്റാനും സാധിക്കും. എന്നാല്‍ ഇവര്‍ക്ക് മറ്റ് ബാങ്കുകളില്‍ ഇത്തരം അക്കൗണ്ടുകള്‍ ഇല്ലെന്ന് ഉറപ്പാക്കണം.