ആൻഡമാൻ കടലിൽ കാലവർഷം 9 ദിവസം നേരത്തെ എത്തി. സാധാരണ മെയ് 22ന് എത്തേണ്ട കാലവർഷം മെയ് 13ന് തന്നെ എത്തിയതോടെ കേരളത്തിലും നേരത്തെ എത്തുമെന്നാണ് പ്രതീക്ഷ
തിരുവനന്തപുരം: ആന്‍ഡമാൻ കടലിൽ കാലവര്‍ഷം ഇക്കുറി എത്തിയത് പതിവിലും നേരത്തെ. കൃത്യമായി പറഞ്ഞാൽ 9 ദിവസം മുന്നെയാണ് കാലവർഷം ആൻഡമാനിലെത്തിയത്. സാധാരണ ഗതിയിൽ മെയ് 22 നാണ് കാലവർഷം ആൻഡമാനിൽ എത്തേണ്ടത്. ഇക്കുറി നേരത്തെ എത്തിയതോടെ കേരളത്തിലെയും സാഹചര്യം മാറുകയാണ്. ആൻഡമാനിൽ നിന്ന് കാലവർഷം കേരളത്തിലെത്താൻ എത്ര ദിവസം വേണ്ടിവരുമെന്ന ചോദ്യമാണ് പലരും ഉന്നയിക്കുന്നത്. സാധാരണ ഗതിയിൽ ആൻഡമാനിൽ നിന്ന് 10 ദിവസം കൊണ്ടാണ് കേരളത്തിലെത്തുക. എന്നാൽ എപ്പോഴും അങ്ങനെതന്നെയാകണമെന്നില്ലെന്നാണ് കാലാവസ്ഥ വിദഗ്ദർ പറയുന്നത്.
വിശദ വിവരങ്ങൾ ഇങ്ങനെ
തെക്കൻ ബംഗാൾ ഉൾക്കടൽ, നിക്കോബർ ദ്വീപ്, തെക്കൻ ആൻഡമാൻ കടൽ എന്നിവിടങ്ങളിൽ ഇന്ന് ( മെയ് 13) കാലവർഷം എത്തിച്ചേർന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. സാധാരണയായി മെയ് 22 ഓടെ ആണ് ഈ മേഖലയിൽ കാലവർഷം എത്തുന്നത്. ( ഇത്തവണ 9 ദിവസം നേരത്തെ എത്തി ). മെയ് 22 ആരംഭിച്ച് സാധാരണ 10 ദിവസമെടുത്താണ് ജൂൺ 1 ന് കേരളത്തിൽ എത്തിച്ചേരുക. ആൻഡമാൻ മേഖലയിൽ കാലവർഷം എത്തി അധികം വൈകാതെ അത് കേരളത്തിലെത്തും. കഴിഞ്ഞ 25 വർഷത്തിനുള്ളിൽ ആൻഡമാനിൽ എത്തുന്ന കാലവർഷം ഏകദേശം പൂജ്യം മുതൽ മുതൽ 23 ദിവസത്തെ വ്യത്യാസത്തിലാണ് കേരളത്തിലെത്തിയിട്ടുള്ളത്. എന്നാൽ 2011 ൽ ആൻഡമാനിൽ 10 ദിവസം വൈകി ( മെയ് 29) എത്തിയെങ്കിലും അതേദിവസം തന്നെ കേരളത്തിലും കാലാവർഷം തുടങ്ങിയിട്ടുണ്ട്. 2009 ൽ ആൻഡമാനിൽ നിന്ന് കേരളത്തിൽ എത്താൻ എടുത്തത് മൂന്ന് ദിവസം മാത്രമായിരുന്നു. 2018 ൽ 4 ദിവസവും 2004 ൽ 5 ദിവസവും എടുത്താണ് ആൻഡമാനിൽ നിന്ന് കേരളത്തിൽ കാലവർഷം എത്തിയത്. അതേസമയം 2003 ൽ മെയ് 16 ന് തന്നെ ആൻഡമാനിൽ കാലവർഷം എത്തിയെങ്കിലും കേരളത്തിൽ എത്താൻ 23 ദിവസങ്ങൾ എടുത്തു. 2008, 2016 വർഷങ്ങളിൽ 21 ദിവസവും 2019, 2015 വർഷങ്ങളിൽ 20 ദിവസവും എടുത്താണ് കേരളത്തിൽ കാലവർഷം എത്തിയത്. ഇത്തവണ കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം മെയ് 27 ന് കാലവർഷം കേരളത്തിൽ എത്തുമെന്നാണ് പ്രതീക്ഷ.