ആലപ്പുഴ: അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥിയ്ക്കെതിരെ വ്യക്തിഹത്യ നടത്തിയെന്ന ആരോപണത്തിൽ ജില്ലാ കളക്ടർക്ക് പരാതി നൽകി പൊതുമരാമത്ത് മന്ത്രി ജി സുധാകരൻ. യുഡിഎഫ് നേതാക്കൾ അസത്യം പ്രചരിപ്പിക്കുകയാണെന്ന് കാണിച്ച്  മന്ത്രി ജി. സുധാകരൻ ആലപ്പുഴ ജില്ലാ കളക്ടർക്ക് പരാതി നൽകി. പൂതന എന്ന് വിളിച്ചത് ഏതെങ്കിലും ഒരു വ്യക്തിയെ അല്ലെന്നും സുധാകരൻ വ്യക്തമാക്കി. കള്ളങ്ങൾ പറഞ്ഞ് ഏതെങ്കിലും പൂതനമാർക്ക് ജയിക്കാനുള്ളതല്ല തെരഞ്ഞെടുപ്പ് എന്നായിരുന്നു ഷാനി മോൾ ഉസ്മാനെതിരായ മന്ത്രി സുധാകരന്റെ പരാമർശം. തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു മന്ത്രിയുടെ വിവാദ പരാമർശം. 

മന്ത്രിക്കെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതിയിൽ  ജില്ലാ കളക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് നാളെ റിപ്പോർട്ട് കൈമാറാനിരിക്കെയാണ് പരാതിയുമായി ജി സുധാകരൻ രംഗത്തെത്തുന്നത്. ഷാനി മോൾക്ക് എതിരായ പരാമർശത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ കഴിഞ്ഞ ദിവസം  റിപ്പോർട്ട് തേടിയിരുന്നു. ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്നും മീണ ആവശ്യപ്പെട്ടിരുന്നു. ജി സുധാകരനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോള്‍ ഉസ്മാന്‍ നൽകിയ പരാതിയിലായിരുന്നു ടിക്കാറാം മീണയുടെ ഇടപെടൽ. സ്ത്രീത്വത്തെ അപമാനിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് അരൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയത്. 

Read More: സുധാകരന്‍റെ 'പൂതന' പരാമര്‍ശം; കളക്ടറോടും ഡിജിപിയോടും അടിയന്തര റിപ്പോര്‍ട്ട് തേടി തെരഞ്ഞെടുപ്പ് കമ്മീഷൻ

അതേ സമയം അരൂരിൽ സ്ഥാനാർഥിക്കെതിരായ വ്യക്തിഹത്യാ ആരോപണം സഹതാപ തരംഗമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. ഷാനിമോൾക്കെതിരായ പരാമർശത്തിൽ മന്ത്രി ജി. സുധാകരൻ മാപ്പുപറയണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സ്ഥാനാർത്ഥിക്കെതിരായ ക്രിമിനൽ കേസിന് പിന്നാലെ വ്യക്തിഹത്യാ ആരോപണവും സജീവചർച്ചയാക്കുകയാണ് യുഡിഎഫ്. സ്ത്രീവിരുദ്ധപരമാർശം ചർച്ചയായാൽ സഹതാപതരംഗം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. 

Read More: സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷന്‍; മികച്ച ഭൂരിപക്ഷത്തിൽ ഷാനിമോൾ വിജയിക്കുമെന്ന് ചെന്നിത്തല.

എന്നാൽ യുഡിഎഫ് ആരോപണങ്ങൾക്ക് മറുപടി നൽകാതെ വികസനവിഷയങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് എൽഡിഎഫിന്‍റേത്. മന്ത്രിയുടെ പരാമർശം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വ്യക്തമാക്കി. സുധാകരൻ കവിയും സാഹിത്യകാരനും ആണെന്നും പൂതന പ്രയോഗം ഏത് സാഹചര്യത്തിലാണെന്ന് മന്ത്രിയോട് ചോദിക്കുമെന്നും ആയിരുന്നു വിഷയത്തിൽ കോടിയേരിയുടെ പ്രതികരണം. സിപിഎം സ്ത്രീകളെ അപമാനിക്കില്ലെന്നും കോടിയേരി പറഞ്ഞു. 

Read More: 'സുധാകരൻ കവിയും സാഹിത്യകാരനുമാണ്'; പൂതന പ്രയോ​ഗം പരിശോധിക്കുമെന്ന് കോടിയേരി

പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരൻ നേരത്തെ രംഗത്തെത്തിയിരുന്നു. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്നും ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും ആയിരുന്നു ജി സുധാകരന്റെ പ്രതികരണം. പരാമർശത്തിൽ യുഡിഎഫ് ആക്രമണം കടുപ്പിച്ചതോടെയാണ് ജില്ലാ കളക്ടർക്ക് പരാതി നൽകാനുള്ള തീരുമാനത്തിലേക്ക് ജി സുധാകരൻ എത്തിയത്. 

Read More: ജി സുധാകരന്‍റെ 'പൂതന' പരാമര്‍ശം; തെരഞ്ഞെടുപ്പ് കമ്മീഷന് ഷാനിമോളുടെ പരാതി

സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിലുള്ള ഇത്തരം നിലപാടുകളിലുള്ള ശക്തമായ പ്രതിഷേധം അറിയിക്കുമെന്നായിരുന്നു പരാമർശത്തിൽ ഷാനി മോൾ ഉസ്മാന്റെ പ്രതികരണം.  പൊതു ജീവിതത്തിൽ ഞാൻ ആദ്യമായിട്ടാണ് ഇത്തരമൊരു പരാമർശം കേൾക്കുന്നത്. എനിക്ക് അതിൽ അതിയായ ദുഃഖവും ഉണ്ട്. വളരെ നിന്ദ്യവും നീചവുമായിട്ടുള്ള പദപ്രയോ​ഗമാണ് മന്ത്രി ജി സുധാകരൻ നടത്തിയിട്ടുള്ളത്. വളരെ ചെറുപ്പകാലം മുതൽ തന്നെ എന്നെ അറിയാവുന്ന ആളാണ് അദ്ദേഹമെന്നും അവർ‍ പ്രതികരിച്ചിരുന്നു.