കൊച്ചി: മന്ത്രി ജി സുധാകരന്റെ ഷാനിമോൾക്കെതിരായ 'പൂതന' പരാമർശം ഉപതെരഞ്ഞെടുപ്പിൽ ചൂടേറുന്നു. അരൂരിൽ പരാജയ ഭീതി പൂണ്ട് സമനില തെറ്റിയാണ് സിപിഎമ്മും മന്ത്രി ജി സുധാകരനും പ്രവർത്തിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറിയെന്നും ചെന്നിത്തല കുറ്റപ്പെടുത്തി.

പൂതന പാമർശത്തിൽ ഷാനിമോൾ ഉസ്മാനോട് സുധാകരൻ മാപ്പ് പറയണം. സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. പാർട്ടി നേതൃത്വം വിഷയത്തിൽ ഖേദം പ്രകടിപ്പിച്ചില്ലെന്നും ചെന്നിത്തല അറിയിച്ചു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിനെക്കാൾ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വോട്ട് നേടി ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കി.

ജി സുധാകരന്റെ പരാമർശത്തിനെതിരെ രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസവും രം​ഗത്തെത്തിയിരുന്നു. സുധാകരന്റെ പ്രസ്താവന തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടുവരും. പ്രസ്താവനയെ നിയമപരമായി നേരിടുമെന്നും സുധാകരൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയണമെന്നും ഇന്നലെ ചെന്നിത്തല ആവശ്യപ്പെട്ടിരുന്നു.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്ന് ജി സുധാകരന്‍ പറഞ്ഞിരുന്നു. അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് മീണ ആവശ്യപ്പെട്ടു. സുധാകരന്‍റെ പ്രസ്താവന സ്ത്രീ വിരുദ്ധമെന്ന് നേരത്തെ ഷാനിമോള്‍ പ്രതികരിച്ചിരുന്നു.

Read More:' പൂതന' പരാമർശത്തിൽ കുടുങ്ങി സുധാകരൻ; സ്ത്രീ വിരുദ്ധമെന്ന് ഷാനിമോൾ ഉസ്മാൻ, മാപ്പുപറയണമെന്ന് മഹിളാ കോൺഗ്രസ്

എന്നാൽ, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് മന്ത്രി പറഞ്ഞു. ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും സുധാകരൻ പറഞ്ഞിരുന്നു.

അതേസമയം, ലാവ്‌ലിൻ കേസ്  ആരോപണത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും കേസ് മറ്റിവയ്ക്കാനാണ് മുഖ്യമന്ത്രി ദില്ലിയിൽ പോയതെന്നും ചെന്നിത്തല പറഞ്ഞു. ദേശീയ പാത ചർച്ചയ്ക്ക് പൊതുമരാമത്തു മന്ത്രിയെ കൊണ്ടുപോയില്ല. മുഖ്യമന്ത്രിക്ക് വിശ്വാസം ഇല്ലാത്ത മന്ത്രിയായി സുധാകരൻ മാറിയെന്ന് ചെന്നിത്തല പറഞ്ഞു. ട്രാൻസ്‍ഗ്രിഡ് പദ്ധതിയിലെ അഴിമതിയിൽ  അന്വേഷണത്തിന് ചെന്നിത്തല സർക്കാരിനെ വെല്ലുവിളിക്കുകയും ചെയ്തു. 

കെഎസ്ഇബി ട്രാന്‍സ്ഗ്രിഡ് പദ്ധതിയിലെ അഴിമതി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഗവര്‍ണറെ സമീപിക്കുമെന്ന്  രമേശ് ചെന്നിത്തല കഴിഞ്ഞ ദിവസം പറഞ്ഞ‌ിരുന്നു. ആക്ഷേപത്തെക്കുറിച്ച് മുഖ്യമന്ത്രിയും ധനമന്ത്രിയും മറുപടി നൽകിയില്ല. ഭയമായതുകൊണ്ടാണ് എജി ഓഡിറ്റ് നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തതെന്നും അദ്ദേഹം ആരോപിച്ചിരുന്നു.

Read Also: ട്രാന്‍സ്ഗ്രിഡ് അഴിമതിയില്‍ അന്വേഷണത്തിന് ഗവര്‍ണറോട് ആവശ്യപ്പെടുമെന്ന് ചെന്നിത്തല