കൊച്ചി: യുഡിഎഫ് സ്ഥാനാർത്ഥി ഷാനിമോൾ ഉസ്മാനെതിരായ മന്ത്രി ജി സുധാകരന്റെ 'പൂതന' പരാമർശം പരിശോധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സുധാകരൻ കവിയും സാഹിത്യകാരനും ആണെന്നും പൂതന പ്രയോഗം ഏത് സാഹചര്യത്തിലാണ് പറഞ്ഞതെന്ന് മന്ത്രിയോട് ചോദിക്കുമെന്നും കോടിയേരി പറഞ്ഞു. സ്ത്രീകളെ അപമാനിക്കുന്ന നിലപാട് സിപിഎമ്മിന്റെ ഭാ​ഗത്തുനിന്നും ഉണ്ടാകില്ലെന്നും കോടിയേരി വ്യക്തമാക്കി. മന്ത്രിയുടെ പരാമർശം തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കില്ലെന്നും കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു.

ഷാനിമോൾ ഉസ്മാനെതിരായ ജി സുധാകരന്റെ പൂതന പരാമർശം വലിയ രാഷ്ട്രീയ വിവാദമായി യുഡിഎഫ് പ്രചാണവേദിയിൽ ഉൾപ്പടെ ഉയർത്തികൊണ്ട് വരികയാണ്. ഇതിന് പിന്നാലെയാണ് പ്രതികരണവുമായി കോടിയേരി രം​ഗത്തെത്തിയിരുക്കുന്നത്. ഇന്നലെ അരൂരിൽ ഉപവാസസമരം അടക്കമുള്ള പ്രതിഷേധ പരിപാടികൾ യുഡിഎഫ് സംഘടിപ്പിച്ചിരുന്നു.

കോടിയേരിയുടെ വാക്കുകൾ......

'സുധാകരൻ ഒരു കവിയും സാഹിത്യകാരനുമാണ്. അദ്ദേഹം ഏത് സാഹചര്യത്തിലാണ് അങ്ങനെ ഒരു പ്രയോ​ഗം നടത്തിയതെന്നുള്ളത് പരിശോധിക്കാം. ഏതായാലും സ്ത്രീകളെ അപമാനിക്കുന്ന ഒരു നിലപാട് സിപിഎമ്മിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടാകില്ല. സ്ത്രീ പുരുഷ സമത്വം ഉറപ്പ് വരുത്തണം എന്നുള്ളതാണ് സിപിഎമ്മിന്റെ നിലപാട്. ഇന്നും പുരുഷ കേന്ദ്രീക‍ൃതമായ സമൂഹം തന്നെയാണ് നമ്മുടേത്. ആ പുരുഷ കേന്ദ്രീക‍ൃതമായ സ്വഭാവം ഒരിക്കലും ഉണ്ടാകാൻ പാടില്ല എന്നുള്ളതാണ് സിപിഎമ്മിന്റെ സമീപനം. അതുകൊണ്ട് ഏത് സാഹചര്യത്തിലാണ് സഖാവ് സുധാകരൻ അങ്ങനെ പറഞ്ഞിട്ടുള്ളത് എന്നത് ചോദിച്ച് മനസിലാക്കിയിട്ടെ പറയാൻ സാധിക്കൂ'- കോടിയേരി പറഞ്ഞു.

തൈക്കാട്ടുശേരിയിലെ കുടുംബ യോഗത്തിലായിരുന്നു ജി സുധാകരന്റെ വിവാദ പരാമർശം. പൂതനമാര്‍ക്ക് ജയിക്കാനുള്ള സ്ഥലമല്ല അരൂരെന്നായിരുന്നു സുധാകരന്‍ പറഞ്ഞത്. കള്ളം പറഞ്ഞും മുതലക്കണ്ണീര്‍ ഒഴുക്കിയുമാണ് യു ഡി എഫ് ജയിക്കാന്‍ ശ്രമിക്കുന്നതെന്നും ജി സുധാകരന്‍ ആരോപിച്ചിരുന്നു. സുധാകരന്‍റെ പ്രസ്താവന സ്ത്രീ വിരുദ്ധമാണെന്നായിരുന്നു ഷാനിമോള്‍ ഉസ്മാന്റെ പ്രതികരണം. എന്നാൽ, പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി ജി സുധാകരൻ രംഗത്തെത്തിയിരുന്നു. ഷാനിമോൾ സ്വന്തം സഹോദരിയെ പോലെയാണെന്ന് പറഞ്ഞ മന്ത്രി ഷാനിമോളേ കുറിച്ച് മോശമായി ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ അനാവശ്യമായി വിവാദങ്ങൾ ഉണ്ടാക്കുന്നുവെന്നും പറഞ്ഞു.

Read More:'പൂതന' പരാമർശത്തിൽ കുടുങ്ങി സുധാകരൻ; സ്ത്രീ വിരുദ്ധമെന്ന് ഷാനിമോൾ ഉസ്മാൻ, മാപ്പുപറയണമെന്ന് മഹിളാ കോൺഗ്രസ്

സുധാകരന്റെ പരാമർശത്തിനെതിരെ യുഡിഫ് നേതാക്കൾ രംഗത്തെത്തിയിരുന്നു. സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷനായി മാറിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞിരുന്നു. പൂതന പാമർശത്തിൽ ഷാനിമോൾ ഉസ്മാനോട് സുധാകരൻ മാപ്പ് പറയണമെന്നും സ്ത്രീകളെ അപമാനിക്കുന്നത് പതിവായിട്ടും മുഖ്യമന്ത്രി ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. 

Read More; സ്ത്രീകളെ അപമാനിക്കുന്നത് സിപിഎം നേതാക്കളുടെ ഫാഷന്‍; മികച്ച ഭൂരിപക്ഷത്തിൽ ഷാനിമോൾ വിജയിക്കുമെന്ന് ചെന്നിത്തല

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ കിട്ടിയ ഭൂരിപക്ഷത്തെക്കാൾ വോട്ട് നേടി ഷാനിമോൾ ഉസ്മാൻ അരൂരിൽ ജയിക്കുമെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. അതേസമയം, മന്ത്രിയുടെ പരാമർശത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ റിപ്പോർട്ട് തേടിയിട്ടുണ്ട്. ഡി ജി പിയും ആലപ്പുഴ കളക്ടറും അടിയന്തരമായി റിപ്പോർട്ട് സമര്‍പ്പിക്കണമെന്ന് മീണ ആവശ്യപ്പെട്ടു. അതേസമയം,  മന്ത്രി ജി സുധാകരനെതിരെ നടപടി ആവശ്യപ്പെട്ട് യുഡിഎഫ് നൽകിയ പരാതിയിൽ ആലപ്പുഴ ജില്ലാ കളക്ടർ മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർക്ക് ഇന്ന് റിപ്പോർട്ട് കൈമാറും.

മന്ത്രിക്കതിരെ നടപടി ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷിന് യുഡിഎഫ് പരാതി നൽകുകയും ചെയ്തിരുന്നു. റോഡ് നിർമാണം തടസപ്പെടുത്തിയതിന് സ്ഥാനാർത്ഥിക്കെതിരായ കേസിന് പിന്നാലെ മന്ത്രിയുടെ വിവാദ പരാമർശവും കോൺഗ്രസിന് പ്രചാരണരംഗത്ത് വീണുകിട്ടിയ ആയുധമായിരിക്കുകയാണ്. സ്ത്രീവിരുദ്ധപരമാർശം ചർച്ചയായാൽ സഹതാപതരംഗം ഉണ്ടാകുമെന്നാണ് കണക്കുകൂട്ടൽ. എന്നാൽ യുഡിഎഫ് ആരോപണങ്ങൾക്ക് മറുപടി നൽകാതെ വികസനവിഷയങ്ങളിൽ ഊന്നിയുള്ള പ്രചാരണമാണ് എൽഡിഎഫിന്‍റേത്.

"