Asianet News MalayalamAsianet News Malayalam

മാഡം? നടിയെ ആക്രമിച്ച കേസിൽ കാവ്യക്ക് 'ശബ്ദരേഖ കുരുക്ക്'; ചോദ്യം ചെയ്യാൻ നോട്ടീസ്, ആലുവ പൊലീസ് ക്ലബിൽ ഹാജരാകണം

ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ്  ചോദ്യം ചെയ്യൽ നടക്കുക. 

Notice to Kavya Madhavan to appear for questioning on actress assault case
Author
Kochi, First Published Apr 8, 2022, 5:37 PM IST

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ചോദ്യംചെയ്യലിന് ഹാജരാകാന്‍ കാവ്യ മാധവന് (Kavya Madhavan) നോട്ടീസ്. തിങ്കളാഴ്ച 11 മണിക്ക് ആലുവ പൊലീസ് ക്ലബ്ബിലാണ് ചോദ്യംചെയ്യലിന് ഹാജരാകേണ്ടത്. ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലുകളിലും ഡിജിറ്റൽ തെളിവുകളുടെ അടിസ്ഥാനത്തിലുമാണ്  ചോദ്യം ചെയ്യൽ നടക്കുക. കേസിലെ ഗൂ‍ഡാലോചനയിൽ കാവ്യയുടെ പങ്ക് സൂചിപ്പിക്കുന്ന ശബ്ദരേഖ അന്വേഷണ സംഘം ഹൈക്കോടതിയിൽ സമർപ്പിച്ചു. നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണത്തിനുള്ള സമയം നീട്ടണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷക്കൊപ്പമാണ് ഈ ശബ്ദരേഖ ഉള്‍പ്പടെ ഡിജിറ്റൽ തെളിവുകൾ അന്വേഷണ സംഘം കോടതിയിൽ നൽകിയത്. ഇതിന് പിന്നാലെയാണ് കാവ്യക്ക് തിങ്കളാഴ്ച പതിനൊന്ന് മണിക്ക് ഹാജരാകാൻ നോട്ടീസ് നൽകിയത്. 

ദിലിപിന്‍റെ ബന്ധു സുരാജും സുഹൃത്തായ ശരത്തും തമ്മിലുള്ള ശബ്ദരേഖയടക്കം മൂന്ന് ശബ്ദരേഖകൾ ഏഷ്യാനെറ്റ് ന്യൂസിന് കിട്ടി. കാവ്യ സുഹൃത്തുക്കൾക്ക് കൊടുക്കാൻ വച്ചിരുന്ന പണി ദിലീപ് ഏറ്റെടുത്തുവെന്നാണ് സഹോദരി ഭർത്താവ് സുരാജ് പറയുന്നത്. വധ ഗൂഡാലോചന കേസിലെ വിഐപി എന്നറിയിപ്പെടുന്ന പ്രതി ശരത്തുമായി നടത്തിയതാണ് ഈ നിർണ്ണായക സംഭാഷണം. സുരാജിന്‍റെ ഫോണിൽ നിന്നും നശിപ്പിച്ച ശബ്ദരേഖ ഫൊറൻസിക് പരിശോധനയിലാണ് വീണ്ടെടുത്തത്. 

കേസില്‍ കാവ്യാ മാധവനെ ചോദ്യംചെയ്യണമെന്ന് പ്രോസിക്യൂഷൻ നേരത്തെ ഹൈക്കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. നടിയെ ആക്രമിച്ച കേസിന്‍റെ തുടരന്വേഷണം ഈ മാസം 15 ന് മുമ്പ് പൂർത്തിയാക്കാനായിരുന്നു ഹൈക്കോടതി നിർദേശിച്ചിരുന്നത്. എന്നാൽ ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും ആവശ്യമായതിനാൽ തുടരന്വേഷണത്തിന് കൂടുതൽ സമയം വേണമെന്നാണ് പ്രോസിക്യൂഷന്‍റെ നിലപാട്.

സൂരജിന്‍റെ മൊബൈൽ ഫോൺ പരിശോധിച്ചതിൽ നിന്ന് നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ സംബന്ധിച്ച ചില വിവരങ്ങളടക്കം ഒട്ടേറെ നിർണായക തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഈ ഡിജിറ്റൽ തെളിവുകളിൽ വിശദമായ അന്വേഷണവും പരിശോധനയും നടക്കുകയാണ്. ദിലീപിന്‍റെ ആറ് ഫോണുകൾ പരിശോധിച്ച് ഫോറൻസിക് ലാബ് നൽകിയ രണ്ട് ലക്ഷം പേജ് വിവരങ്ങളാണ് വിശകലനം ചെയ്യേണ്ടത്. 

Follow Us:
Download App:
  • android
  • ios