മട്ടന്നൂര്‍: വരാന്തയുടെ നീളം പത്തുസെന്‍റിമീറ്റര്‍ കുറഞ്ഞുപോയതിന് കെട്ടിടം തന്നെ പൊളിച്ചുമാറ്റണമെന്ന്  മട്ടന്നൂര്‍ നഗരസഭയുടെ ഉത്തരവ്. അസൈനാര്‍ എന്ന പ്രവാസി വ്യവസായിയാണ് സിപിഎം ഭരിക്കുന്ന നഗരസഭയ്ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്.  നഗരസഭാ സെക്രട്ടറിക്ക് കൈക്കൂലി നല്‍കാത്തതാണ് തന്നോടുളള വിരോധത്തിന് കാരണമെന്നും അസൈനാര്‍  ആരോപിക്കുന്നു.


2016ല്‍ കെട്ടിട നിര്‍മ്മാണത്തിന് അനുമതി തേടിയ അസൈനാര്‍ക്ക് ആറ് മാസം കഴിഞ്ഞാണ് മട്ടന്നൂര്‍ നഗരസഭ അനുമതി നല്‍കിയത്. നിശ്ചിതസമയം കഴിഞ്ഞും മറുപടി കിട്ടാതായപ്പോള്‍ അസൈനാര്‍ കെട്ടിടനിര്‍മ്മാണം തുടങ്ങി. നഗരസഭ ചൂണ്ടിക്കാട്ടിയ നിയമതടസ്സങ്ങള്‍ പരിഹരിച്ച് വീണ്ടും അപേക്ഷിച്ചപ്പോഴാണ് അരക്കോടി രൂപ ചെലവഴിച്ച് നിര്‍മ്മിച്ച കെട്ടിടം പൊളിക്കണമെന്ന് ഉത്തരവ് വന്നത്. വരാന്തയ്ക്ക് പത്ത് സെന്‍റിമീറ്റര്‍ കുറഞ്ഞതാണ് കാരണമായി ചൂണ്ടിക്കാട്ടിയത്. നഗരസഭ സെക്രട്ടറി 25000 രൂപ കൈക്കൂലി ആവശ്യപ്പെട്ടെന്നും അതു നല്‍കാനാവില്ലെന്ന് താന്‍ വ്യക്തമാക്കിയിരുന്നെന്നും അസൈനാര്‍ പറയുന്നു. 


അതേസമയം, മട്ടന്നൂരില്‍ തന്നെയുള്ള, ഒറ്റനോട്ടത്തില്‍ നിയമലംഘനം ദൃശ്യമാവുന്ന കെട്ടിടങ്ങള്‍ക്ക് അനുമതി നല്കാന്‍ തടസ്സമൊന്നുമുണ്ടായില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസ് കണ്ടെത്തി. മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡില്‍ റോഡ് ഒന്നരമീറ്റര്‍ കയ്യേറിയാണ് മുമ്പ് ശുചിമുറിയായിരുന്ന സ്ഥലത്ത് നഗരസഭ കടമുറികള്‍ നിര്‍മ്മിച്ചിരിക്കുന്നത്. തൊട്ടടുത്ത് കംഫര്‍ട്ട് സ്റ്റേഷനുളളതുകൊണ്ട് ശുചിമുറി പൊളിച്ചെന്നാണ് നഗരസഭ സെക്രട്ടറിയുടെ വിശദീകരണം. 

ആരോഗ്യമന്ത്രി കെ കെ ശൈലജയുടെ ഭര്‍ത്താവ് ഭാസ്കരന്‍ ആയിരുന്നു 2013 മുതല്‍  2018 വരെ നഗരസഭ ചെയര്‍മാന്‍. ഈ ഭരണകാലത്താണ് ബസ് സ്റ്റാന്‍ഡിലെ പരസ്യമായ നിയമലംഘനം നടന്നിട്ടുള്ളത്.