കൊച്ചി: കൊവിഡ് വ്യാപനത്തെ തുടർന്ന് വിദേശത്ത് കുടുങ്ങിയ പ്രവാസികളെ തിരികെ കൊണ്ടുവരുന്ന വിമാനത്തിന്റെ സമയക്രമത്തിൽ മാറ്റം. പ്രവാസികളുമായി നാളെ കൊച്ചിയിലേക്ക് ഒരു വിമാനം മാത്രമായിരിക്കും എത്തുക. ദോഹയിൽ നിന്നുള്ള നാളത്തെ വിമാന സർവീസ് സർവ്വീസ് റദ്ദാക്കി. ദോഹയിൽ നിന്നുള്ള സർവ്വീസ് ശനിയാഴ്ചയിലേക്ക് മാറ്റിയെന്ന് എയർ ഇന്ത്യ എക്സ്പ്രസ് അറിയിച്ചു.

സമയക്രമത്തിൽ മാറ്റം വന്നതോടെ, നാളെ മൂന്ന് വിമാനങ്ങളാവും കേരളത്തിലേക്ക് എത്തുക. ഇതില്‍ അബുദാബിയില്‍ നിന്നുള്ള വിമാനമാണ് കൊച്ചിയിലേക്ക് വരുന്നത്. മറ്റ് രണ്ട് സർവ്വീസുകൾ കോഴിക്കോടേക്കുമാണുളളത്. ഓരോ വിമാനങ്ങളിലും 200 യാത്രക്കാർ വീതമായിരിക്കും നാട്ടിലെത്തുക. നെടുമ്പാശ്ശേരിയില്‍ ആദ്യ ഘട്ടത്തില്‍, 10 വിമാനങ്ങളിലായി 2150 പ്രവാസികളാണ് എത്തുക. മടങ്ങിയെത്തുന്നവരെ നിരീക്ഷണത്തിലാക്കാൻ 4000 വീടുകളും സജ്ജമാക്കിയിട്ടുണ്ട്.

കൈകള്‍ ഉള്‍പ്പെടെ ശുചിയാക്കിയശേഷം മാത്രമേ വിമാനമിറങ്ങുന്നവരെ എയറോ ബ്രിഡ്ജില്‍ നിന്ന് ടെര്‍മിനലിലേക്ക് കടത്തിവിടൂ. ബാഗേജും അണുവിമുക്തമാക്കും. നേരെ ഹെല്‍ത്ത് കൗണ്ടറിലേക്ക്. തെര്‍മല്‍ സ്കാനര്‍ ഉപയോഗിച്ച് താപനില പരിശോധിക്കും. ചൂട് കൂടുതലോ രോഗലക്ഷണങ്ങളോ ഉണ്ടെങ്കില്‍ ആംബുലൻസില്‍ ആശുപത്രിയിലേക്ക്. മറ്റുള്ളവരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റും. ഇതിനായി കൊച്ചിയിൽ ഗ്രാമപഞ്ചായത്ത് പരിധിയില്‍ 2200 വീടുകളും മുനിസിപ്പാലിറ്റി പരിധിയില്‍ 2000 വീടുകളും കണ്ടെത്തിയിട്ടുണ്ട്. 

വിമാനത്താവളത്തില്‍ നിന്ന് പ്രവാസികളെ ഡബിള്‍ ചേംബര്‍ ടാക്സി കാറുകളിലാകും നിരീക്ഷണ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോവുക. ഒരു വിമാനത്തിലെ മുഴുവൻ യാത്രക്കാരും പോയ ശേഷം വിമാനത്താവളം പൂര്‍ണ്ണമായും അണുവിമുക്തമാക്കും. ഇതിനായി ആരോഗ്യപ്രവര്‍ത്തകര്‍ക്കും വിമാനത്താവള ജീവനക്കാര്‍ക്കും പ്രത്യേക പരിശീലനവും പൂര്‍ത്തിയാക്കി.