യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ പാർട്ടി വിടും. നേതൃത്വത്തിന്റെ അവഗണന, സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾ, കോൺഗ്രസും ബിജെപിയും തമ്മിലുള്ള രഹസ്യ ധാരണ എന്നിവയാണ് രാജിക്ക് കാരണമായി അദ്ദേഹം ആരോപിക്കുന്നത്. അടൂർ പ്രകാശിന്റെ ബിസിനസ് താൽപ്പര്യങ്ങൾ സ്ഥാനാർത്ഥി നിർണ്ണയത്തിൽ സ്വാധീനിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.എസ്. നുസൂർ കോൺഗ്രസ് വിടും. നേതൃത്വത്തിനെതിരെയും സ്ഥാനാർത്ഥി നിർണ്ണയത്തിലെ അപാകതകൾക്കെതിരെയും അതിരൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് പാർട്ടി വിടാനുള്ള തീരുമാനത്തിലേക്ക് ഇദ്ദേഹം നീങ്ങുന്നത്. വർഷങ്ങളായി പാർട്ടിയിൽ തന്നെ നിരന്തരം അവഗണിക്കുകയാണെന്നും അർഹമായ പരിഗണന ലഭിക്കുന്നില്ലെന്നും നുസൂർ ആരോപിച്ചു. ഇത്രയും ജീർണ്ണിച്ച ഒരു സ്ഥാനാർത്ഥി പട്ടിക ഇതിന് മുൻപ് ഉണ്ടായിട്ടില്ലെന്നും യുവാക്കളെ പാർട്ടിക്കുള്ളിൽ മനഃപൂർവ്വം തഴയുന്ന സമീപനമാണ് നേതൃത്വം സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
നിയമസഭാ സീറ്റിലേക്കുള്ള പട്ടികയിൽ തന്റെ പേര് പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം തന്നെ തഴയുകയായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഇതിന് പുറമെ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയും കോൺഗ്രസും തമ്മിൽ രഹസ്യ ധാരണയുണ്ടെന്ന് നുസൂർ ആരോപിക്കുന്നു. നേമത്ത് ബിജെപിയെ സഹായിക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്ന് പറഞ്ഞ അദ്ദേഹം വട്ടിയൂർക്കാവ്, അരുവിക്കര മണ്ഡലങ്ങളിൽ കോൺഗ്രസിനെ ബിജെപി സഹായിക്കുന്ന തരത്തിലുള്ള ധാരണയാണുള്ളതെന്നും പറഞ്ഞു.
സുധീർഷാ പാലോടിനെ സ്ഥാനാർത്ഥിയാക്കിയത് എസ്‌ഡിപിഐ താൽപ്പര്യപ്രകാരമാണെന്ന ആരോപണവും നുസൂർ ഉന്നയിച്ചു. അടൂർ പ്രകാശിന്റെ ബിസിനസ് പാർട്ണറാണ് നെടുമങ്ങാട് സ്ഥാനാർത്ഥിയായ മീനാങ്കൽ കുമാറെന്നും നുസൂർ വെളിപ്പെടുത്തി. തന്റെ ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കാനാണ് അടൂർ പ്രകാശ് മീനാങ്കൽ കുമാറിനെ നെടുമങ്ങാട് ഇറക്കിയതെന്നും പാർട്ടി താൽപ്പര്യങ്ങൾ ബലികഴിക്കപ്പെട്ടുവെന്നും അദ്ദേഹം വിമർശിച്ചു. അതേസമയം എൻ.എസ്. നുസൂറിന്റെ രാജി തിരുവനന്തപുരം ജില്ലയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ എങ്ങനെ പ്രതിഫലിക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.


