Asianet News MalayalamAsianet News Malayalam

'എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢ സ്വര്‍ഗത്തില്‍'; മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്

രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢ സ്വര്‍ഗത്തിലാണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ പറഞ്ഞു. 

nss against pinarayi vijayans statement
Author
Thiruvananthapuram, First Published Mar 24, 2021, 1:33 PM IST

തിരുവനന്തപുരം:  മുഖ്യമന്ത്രിക്ക് മറുപടിയുമായി എന്‍എസ്എസ്. ശബരിമല അടക്കം എന്‍എസ്എസ് ഉന്നയിക്കുന്ന ആവശ്യങ്ങളിൽ രാഷ്ട്രീയം ഇല്ല. അതിൽ പൊതു സമൂഹത്തിന് സംശയമില്ല. രാഷ്ട്രീയവുമായി എന്‍എസ്എസിന് ഇപ്പോഴും സമദൂരം തന്നെയാണ് ഉള്ളത്. എന്‍എസ്എസിനെ വിരട്ടാമെന്ന് ചിന്തിക്കുന്നവർ മൂഢ സ്വര്‍ഗത്തിലാണെന്നും എന്‍എസ്എസ് പ്രസ്താവനയിലൂടെ പറഞ്ഞു. 

മൂന്ന് ആവശ്യങ്ങളാണ് എന്‍എസ്എസ് സംസ്ഥാന സര്‍ക്കാരിനോട് ഉന്നയിച്ചത്. ഒന്നാമത്തെ ആവശ്യമായ ശബരിമല വിഷയം എവിടെ നില്‍ക്കുന്നുവെന്ന് എല്ലാവര്‍ക്കും അറിയാം. മന്നം ജയന്തി നെഗോഷ്യബിള്‍ ഇന്‍സ്ട്രമെന്റ്‌സ് ആക്ടിന്റെ പരിധിയില്‍പെടുന്ന പൊതുഅവധി ആക്കണമെന്ന ആവശ്യവും സംസ്ഥാന സര്‍ക്കാര്‍ നിരസിച്ചു. കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ മുന്നാക്ക സംവരണത്തിന്‍റെ പ്രയോജനവും കിട്ടിയില്ലെന്ന് എന്‍എസ്എസിന്‍റെ പ്രസ്താവനയില്‍ പറയുന്നു. 

സർക്കാരിനെതിരായ എൻഎസ്എസിൻ്റെ തുടർച്ചയായ വിമർശനങ്ങളിൽ പൊതുസമൂഹത്തിന് സംശയങ്ങളുണ്ടെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയ്ക്കാണ് എന്‍എസ്എസിന്‍റെ മറുപടി. നാട്ടിൽ അത്തരം പ്രതികരണങ്ങളുണ്ടെന്ന് സുകുമാരൻ നായ‍ർ മനസ്സിലാക്കണമെന്നും പിണറായി വിജയൻ പറഞ്ഞിരുന്നു. എൻഎസ്എസ് നേരിട്ട് രാഷ്ട്രീയത്തിൽ ഇടപെടുകയാണെന്ന് ആരോഗ്യമന്ത്രിയും വിമർശിച്ചു. ശബരിമല പ്രശ്നത്തിൽ കടുത്ത വിമർശനം ഉന്നയിക്കുന്ന എൻഎസ്എസിനോടുള്ള മൃദുസമീപനം വിടുന്നതിൻ്റെ സൂചനയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

Follow Us:
Download App:
  • android
  • ios