Asianet News MalayalamAsianet News Malayalam

ലോക്ഡൗണിൽ മദ്യാസക്തി കുറഞ്ഞോ? പരിശോധന നടത്താൻ എക്സൈസ് വകുപ്പ്

കഴിഞ്ഞ വർഷം ലോക്ഡൗൺ മാർച്ച് മുതൽ ഓഗസ്റ്റ് വരെ 1798 കേസുകളാണ് വിമുക്തി ഹെൽപ്പ് ലൈനിലേക്ക് എത്തിയത്. പ്രതിമാസം കുറഞ്ഞത് 350 കേസുകൾ വീതം. എന്നാൽ ഇത്തവണ ലോക്ഡൗണിൽ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു.

number of people calling vimukthi helpline during lockdown alcohol unavailability comes down
Author
Kochi, First Published Jun 16, 2021, 10:18 AM IST

കൊച്ചി: കഴിഞ്ഞ വർഷത്തെ ലോക്ഡൗണിനെ അപേക്ഷിച്ച്, ഇത്തവണ ലോക്ഡൗണിൽ മദ്യാസക്തി പ്രകടിപ്പിക്കുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞത് എന്ത് കൊണ്ടെന്ന് എക്സൈസ് വകുപ്പ് പരിശോധിക്കുന്നു. ഇവർക്ക് അനധികൃതമായ വഴികളിലൂടെ മദ്യം ലഭിക്കുന്നുണ്ടോ എന്നത് ഉൾപ്പടെയാണ് അന്വേഷിക്കുന്നത്. ഇതരസംസ്ഥാനങ്ങളിൽ നിന്ന് തപാൽമാർഗം മദ്യം എത്തിച്ച സംഭവം വരെ കഴിഞ്ഞ ദിവസം കൊച്ചിയിലുണ്ടായി. അതേസമയം തുടർച്ചയായ ലോക്ഡൗൺ സ്ഥിരം മദ്യപാനികളിൽ ചില മാറ്റങ്ങൾ വരുത്തുന്നതായി വിമുക്തി കൗൺസിലർമാരും പറയുന്നു.

നാട്ടിൽ മദ്യം കിട്ടുന്നില്ലെന്ന കൂട്ടുകാരന്‍റെ പരാതി കേട്ട വിഷമത്തിൽ ബെംഗളൂരു മലയാളി കൊച്ചിയിലേക്ക് കഴിഞ്ഞ ദിവസം ഒരു പോസ്റ്റ് അയച്ചു. കൂട്ടുകാരന്‍റെ ഫ്ലാറ്റിന്‍റെ മേൽവിലാസത്തിലേക്ക്. പാഴ്സലായി 3 കുപ്പി മദ്യവും, ഒരു പാക്കറ്റ് മിക്സ്ച്ചറും. പോസ്റ്റ് ഓഫീസിലെ എലി പാഴ്സലിലെ മിക്സചർ മണത്തതോടെ കുപ്പിയും പുറത്ത്. കൊച്ചിയിലെ എക്സൈസ് ഉദ്യോഗസ്ഥരെത്തി മേൽവിലാസത്തിലെ രണ്ട് പേർക്കെതിരെയും കേസെടുത്ത് അന്വേഷണം തുടങ്ങി.

കഴിഞ്ഞ വർഷം അപ്രതീക്ഷിത ലോക്ഡൗണിൽ മദ്യം കിട്ടാതായതോടെ സ്ഥിരം മദ്യപാനികളിൽ പലവിധ ശാരീരിക മാനസിക പ്രശ്നങ്ങളാണ് കണ്ടത്. വലിയൊരു വിഭാഗം ഇതിന് ചികിത്സയും തേടി. എന്നാൽ ഇക്കുറി ലോക്ഡൗണിൽ മദ്യലഭ്യത ഉറപ്പാക്കാൻ നിരവധി വ്യത്യസ്ത മാർഗങ്ങളാണ് മദ്യപാനികൾ തേടുന്നത്. വീടുകൾ കേന്ദ്രീകരിച്ചുള്ള വാറ്റും ലോക്ഡൗണിൽ കൂടി. 

കഴിഞ്ഞ വർഷം ലോക്ഡൗൺ മാർച്ച് മുതൽ ഓഗസ്റ്റ് വരെ 1798 കേസുകളാണ് വിമുക്തി ഹെൽപ്പ് ലൈനിലേക്ക് എത്തിയത്. പ്രതിമാസം കുറഞ്ഞത് 350 കേസുകൾ വീതം. ഇവരിൽ പലരും അതാത് ജില്ലകളിലെ ഡീ അഡിക്ഷൻ കേന്ദ്രങ്ങളിലേക്കുമെത്തി. എന്നാൽ ഇത്തവണ ലോക്ഡൗണിൽ ഈ പ്രശ്നങ്ങളുമായി ബന്ധപ്പെടുന്നവരുടെ എണ്ണം കുത്തനെ കുറഞ്ഞു. മുൻ വർഷത്തെ അനുഭവത്തിൽ നിന്ന് മദ്യം ലഭിക്കാത്തതിന്‍റെ മാനസിക, ശാരീരിക പ്രശ്നങ്ങളെ അതിജീവിക്കാൻ മദ്യപാനികളിൽ ഒരു വിഭാഗത്തിന് കഴിയുന്നുണ്ടെന്നും കൗൺസിലർമാർ പറയുന്നു.

സംസ്ഥാനത്തെ എല്ലാ മേഖലകളിലും വിമുക്തി കൗൺസിലർമാരുടെ സേവനം ഓൺലൈനായും ലഭ്യമാണ്.

Follow Us:
Download App:
  • android
  • ios