അധ്യാപകൻ സന്ദീപ് പാണ്ഡ്യയുടെ ഉപദ്രവത്തെ കുറിച്ച് ആദിത്യൻ അമ്മയോട് പറഞ്ഞിരുന്നു. കർണാടക പൊലീസിൽ നിന്നോ കോളേജിൽ നിന്നോ നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആദിത്യന്റെ അച്ഛൻ പറഞ്ഞു.

തിരുവനന്തപുരം: നഴ്സിങ്ങ് വിദ്യാർത്ഥി ആദിത്യൻ മരിച്ച സംഭവത്തിൽ കോളേജിനെതിരെ ആദിത്യന്റെ അച്ഛൻ പ്രദീപ്. അഡ്മിഷനിൽ പോലും ചതിയായിരുന്നുവെന്നും മറ്റൊരു കോളേജിന്റെ പേര് പറഞ്ഞായിരുന്നു അഡ്മിഷൻ എടുപ്പിച്ചതെന്നും പ്രദീപ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കുടുംബപ്രശ്നം എന്ന് വരുത്തി തീർക്കാൻ കോളേജ് അധികൃതർ ശ്രമിക്കുന്നു. ഇല്ലാത്ത കാര്യങ്ങൾ പറഞ്ഞുണ്ടാക്കുന്നു. കുടുംബപ്രശ്നത്തിന്റെ മനോവിഷമത്തിൽ ആത്മഹത്യ ചെയ്തെന്ന് പ്രചരിപ്പിക്കുന്നുവെന്നും പ്രദീപ് പറഞ്ഞു. അധ്യാപകൻ സന്ദീപ് പാണ്ഡ്യയുടെ ഉപദ്രവത്തെ കുറിച്ച് ആദിത്യൻ അമ്മയോട് പറഞ്ഞിരുന്നു. കർണാടക പൊലീസിൽ നിന്നോ കോളേജിൽ നിന്നോ നീതി പ്രതീക്ഷിക്കുന്നില്ലെന്നും ആദിത്യന്റെ അച്ഛൻ പറഞ്ഞു.

ബെംഗളൂരു ബിടിഎൽ നഴ്സിങ് കോളേജ് വിദ്യാർത്ഥി 19കാരൻ ആദിത്യന്‍റെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം രംഗത്തെത്തിയിരുന്നു. ആദിത്യൻ അതീവ ഗുരുതരാവസ്ഥയിൽ ആണെന്നറിയിച്ച് ബുധനാഴ്ച ഉച്ചയോടെ കോളേജ് അധികൃതർ തിരുവനന്തപുരത്തെ വീട്ടിലേക്ക് വിളിച്ചിരുന്നു. അറിയിപ്പ് ലഭിച്ച കുടുംബം ബെംഗളൂരുവിൽ എത്തിയപ്പോഴാണ് ആദിത്യന്‍റെ മരണവിവരം അറിഞ്ഞത്. ഹോസ്റ്റൽ മുറിയിൽ ആദിത്യനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു എന്നാണ് സഹപാഠികൾ നൽകിയിരിക്കുന്ന മൊഴി. തലേദിവസമടക്കം വീഡിയോ കോൾ വഴി സന്തോഷത്തോടെ സംസാരിച്ചിരുന്നു ആദിത്യൻ. മകൻ ആത്മഹത്യ ചെയ്യേണ്ടതായ ഒരു സാഹചര്യവും ഉണ്ടായിരുന്നില്ല എന്നാണ് പിതാവ് പ്രദീപിന്‍റെ വാദം.

ഹോസ്റ്റൽ മുറിയിൽ ഒപ്പം താമസിക്കുന്ന രണ്ട് വിദ്യാർത്ഥികൾ ലഹരി ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആദ്യത്യനുമായി ചില തർക്കങ്ങൾ ഉണ്ടായിരുന്നു. സംഭവം പുറത്തായതോടെ ആദിത്യനും ഇതിൽ പങ്കുണ്ടെന്ന് വരുത്തി തീർക്കുകയായിരുന്നു ഈ സംഘം. ഈ പ്രശ്നത്തിൽ ആദിത്യൻ കടുത്ത മാനസിക സമ്മർദ്ദം നേരിട്ടിരുന്നതായി കുടുംബം വ്യക്തമാക്കി. രണ്ടാം വർഷ ബി എസ് സി നഴ്സിങിന് പഠിക്കുന്ന ആദിത്യൻ വിഷുവിനാണ് അവസാനമായി നാട്ടിലെത്തിയത്. അച്ഛൻ പ്രദീപ് പെയിന്ററാണ്. അമ്മ അശ്വതിയും പ്ലസ് ടു പഠനം പൂർത്തിയാക്കിയ സഹോദരിയും അടങ്ങുന്നതാണ് ആദിത്യന്‍റെ കുടുംബം.