തിരുവന്തപുരം: കേന്ദ്ര കാർഷിക നിയമഭേദഗതിക്കെതിരായ സംസ്ഥാനത്തിന്റെ പ്രമേയത്തെ അനുകൂലിച്ചത് വിവാദമായതോടെ വിശദീകരണ പ്രസ്താവന പുറത്തിറക്കി ബിജെപി എംഎൽഎ ഒ രാജഗോപാൽ. നിയമസഭയിൽ പ്രമേയത്തെ ശക്തമായി താൻ എതിർത്തുവെന്നാണ് എംഎൽഎ പ്രസ്താവനക്കുറിപ്പിൽ നൽകുന്ന വിശദീകരണം. പ്രമേയത്തെ അനുകൂലിക്കുന്നവർ, എതിർക്കുന്നവർ എന്ന് സ്പീക്കർ വേർതിരിച്ചു ചോദിച്ചില്ലെന്നും ഒറ്റ ചോദ്യത്തിൽ ചുരുക്കിയ സ്പീക്കർ കീഴ് വഴക്ക ലംഘനം നടത്തിയെന്നും രാജഗോപാൽ ആരോപിച്ചു. 

എന്നാൽ കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം വോട്ടിനിട്ടപ്പോൾ അനുകൂലിക്കുന്നവർ എതിർക്കുന്നവർ എന്ന് സ്പീക്കർ വെവ്വേറെ ചോദിക്കുന്നുണ്ടെന്നത് സഭാ ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. അനുകൂലിക്കുന്നവർ എന്ന ചോദ്യത്തിന് ഒ.രാജഗോപാൽ കൈ പൊക്കി അനുകൂലിച്ചു. എതിർക്കുന്നവർ എന്ന് പറയുമ്പോൾ രാജ്ഗോപാലിൻറെ കൈ താഴ്ത്തിയ നിലയിലുമായിരുന്നുവെന്നും ദൃശ്യങ്ങളിൽ കാണാം. 

കേന്ദ്ര സർക്കാറിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പൊതു അഭിപ്രായത്തെ മാനിച്ച് യോജിക്കുന്നുവെന്നായിരുന്നു സഭയിൽ നിന്ന് പുറത്തിറങ്ങിയ ശേഷം രാജഗോപാൽ മാധ്യമങ്ങൾക്ക് മുന്നിൽ നൽകിയ വിശദീകരണം. സംഭവം വിവാദമായതോടെ മറ്റ് ബിജെപി നേതാക്കൾ വിഷയം രാജഗോപാലിനോട് സംസാരിച്ചതായും അതിന്റെ അടിസ്ഥാനത്തിലാണ് പ്രസ്താവന പുറത്തിറക്കിയതെന്നുമാണ് വിവരം. മുതിർന്ന നേതാവായ രാജഗോപാലിനോട് ബിജെപി നേരിട്ട് വിശദീകരണം ചോദിക്കുമോ എന്ന കാര്യത്തിലാണ് ഇനി വ്യക്തത വരേണ്ടതുളളത്.