കോട്ടയം നാഗമ്പടം ഗുഡ് ഷെഡ് റോഡിലാണ് സംഭവമുണ്ടായത്.
കോട്ടയം: ഭാര്യയെ പറ്റി മോശമായി സംസാരിച്ചതിനെ തുടർന്നുള്ള തർക്കത്തിൽ ഒറീസ സ്വദേശിയെ വെട്ടിക്കൊന്നു. തിരുവഞ്ചൂറിൽ താമസിക്കുന്ന ഷിഷിറിനെയാണ് വെട്ടിക്കൊന്നത്. സംഭവത്തിൽ ഒറീസ സ്വദേശിയായ രാജേന്ദ്രൻ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
എല്ലാ ഞായറാഴ്ച്ചകളിലും ജില്ലയിലെ വിവിധയിടങ്ങളിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികൾ നാഗമ്പടം ഗുഡ്ഷെഡ് റോഡിന് സമീപം ഒത്തുകൂടാറുണ്ട്. ഇന്ന് ഉച്ചയ്ക്കും ഇവർ ഒത്തുകൂടി. മദ്യലഹരിയിലായ തൊഴിലാളികൾ തമ്മിൽ സംസാരിക്കുന്നതിനിടെ നടന്ന തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംസാരത്തിനിടെ ഷിഷിർ പ്രതിയായ രാജേന്ദ്രന്‍റെ ഭാര്യയെ പറ്റി മോശമായി സംസാരിച്ചു.
പിന്നാലെ രണ്ടുപേരും തമ്മിൽ വാക്കേറ്റവും തർക്കവും ഉണ്ടായി. ഇതിനിടയിൽ രാജേന്ദ്രൻ തന്‍റെ കൈവശമുണ്ടായിരുന്ന കത്തി ഉപയോഗിച്ച് ഷിഷിറിനെ വെട്ടിക്കൊന്നു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച രാജേന്ദ്രൻ ഗൗഡയെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പൊലീസ് മേധാവിയുടെയും ഡിവൈഎസ്പിയുടെയും നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി പരിശോധന നടത്തി.
