ട്രേഡ് വെൽ എന്ന കമ്പനിയിൽ ഇടപാട് നടത്തുകയാണെങ്കിൽ വൻ തുക സർവീസ് ബെനഫിറ്റ് നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. 

സുൽത്താൻ ബത്തേരി: ഓൺലൈൻ ട്രേഡിങ്ങിലൂടെ വൻ ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ കേസിൽ നാലുപേർ അറസ്റ്റിൽ. ബംഗളൂരുവിൽ നിന്നാണ് പ്രതികളെ സുൽത്താൻ ബത്തേരി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. തിരുവനന്തപുരം പൂജപ്പുര സ്വദേശി ജിബിൻ, കഴക്കൂട്ടം സ്വദേശി അനന്തു, പാലക്കാട്ടുകാരൻ രാഹുൽ കുറ്റ്യാടി സ്വദേശി അഭിനവ് എന്നിവരാണ് അറസ്റ്റിലായത്.

ബംഗളൂരു ഇലക്ട്രോണിക് സിറ്റിയിൽ വെച്ചായിരുന്നു പ്രതികളെ പൊലീസ് പിടികൂടിയത്. പിടിയിലായവരിൽ നിന്ന് 20 മൊബൈൽ ഫോണുകൾ 8 സിം കാർഡുകൾ 9 എടിഎം കാർഡുകൾ, 8,40,000 രൂപ എന്നിവ കണ്ടെടുത്തു. സുൽത്താൻ ബത്തേരി കുപ്പാടി സ്വദേശിയുടെ പരാതിയിലാണ് നടപടി. 2023 ഒക്ടോബറിൽ ആയിരുന്നു കേസിന് ആസ്പദമായ സംഭവം.

ട്രേഡ് വെൽ എന്ന കമ്പനിയിൽ ഇടപാട് നടത്തുകയാണെങ്കിൽ വൻ തുക സർവീസ് ബെനഫിറ്റ് നൽകാം എന്നായിരുന്നു പറഞ്ഞിരുന്നത്. ആദ്യം 10000 രൂപ വാങ്ങി കൃത്യമായി പണം തിരികെ നൽകും. വിശ്വാസം നേടിയെടുത്താൽ ആണ് തട്ടിപ്പിലേക്ക് കടക്കുക. പിന്നാലെ ഫോൺ നമ്പർ ഉപേക്ഷിച്ച് മുങ്ങും. സമാന രീതിയിൽ ഒട്ടേറെ പേർ പറ്റിക്കപ്പെട്ടു എന്നാണ് കണ്ടെത്തൽ. അനധികൃതമായി സമ്പാദിക്കുന്ന സിംകാർഡുകൾ ഉപയോഗിച്ചാണ് പ്രതികൾ ഇടപാടുകാരെ കണ്ടെത്തുന്നതെന്നും പൊലീസ് കണ്ടെത്തി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം