കെ എസ് ഇ ബി ആസ്ഥാനത്ത് ഇന്നും നാളെയും കരിദിനം ആചരിക്കും. തിങ്കളാഴ്ച മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കും. ചൊവ്വാഴ്ച മുതൽ സംയുക്ത സമര സഹായ സമിതി രൂപീകരിച്ചായിരിക്കും പ്രക്ഷോഭം നടത്തുക

തിരുവനന്തപുരം: കെ എസ് ഇ ബി (KSEB) ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന പ്രസി‍ഡണ്ട് എം ജി സുരഷ് കുമാറിന്‍റെ സസ്പെന്‍ഷന്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സംഘടന നേതാക്കള്‍ അറിയിച്ചു. വൈദ്യുതി ബോര്‍ഡില്‍ ചട്ടപ്പടി സമരം വേണ്ടിവന്നേക്കുമെന്ന മുന്നറിയിപ്പടക്കം നൽകിയാണ് ഓഫീസേഴ്സ് അസോസിയേഷന്‍ നേതാക്കൾ രംഗത്തെത്തിയത്. കെ എസ് ഇ ബി ആസ്ഥാനത്ത് ഇന്നും നാളെയും കരിദിനം ആചരിക്കും. തിങ്കളാഴ്ച മുതല്‍ വൈദ്യുതി ഭവന് മുന്നില്‍ അനിശ്ചിതകാല സത്യഗ്രഹം സംഘടിപ്പിക്കും. ചൊവ്വാഴ്ച മുതൽ സംയുക്ത സമര സഹായ സമിതി രൂപീകരിച്ചായിരിക്കും പ്രക്ഷോഭം നടത്തുക. വൈദ്യുതി ഭവന്‍ ഉപരോധമടക്കമുള്ള തുടര്‍ പ്രക്ഷോഭം ആലോചിക്കും. മാനേജ് മെന്‍റ് നിഷേധാത്മക നിലപാട് തുടരുകയാണെങ്കില്‍ ചട്ടപ്പടി സമരമടക്കമുള്ള ദീര്‍ഘകാല പ്രക്ഷോഭം ആലോചിക്കുമെന്നും ഓഫീസേഴ്സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ബി ഹരികുമാറും, പ്രസിഡണ്ട് എം ജി സുരേഷ്കുമാറും തിരുവന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

ഇതോടെ വൈദ്യുതി ബോര്‍ഡ് ആസ്ഥാനം തിങ്കളാഴ്ച മുതല്‍ വീണ്ടും അനിശ്ചിതകാല സത്യഗ്രഹ സമര വേദിയാകുകയാണ്. സി പി എം അനുകൂല സംഘടനയായ ഓഫീസേഴ്സ് അസോസിയഷന്‍റെ സംസ്ഥാന പ്രസിഡണ്ട് എം ജി സുരേഷ്കുമാറിന്‍റെയും സംസ്ഥാന ഭാരവാഹി ജാസ്മിന്‍ ബാനുവിന്‍റേയും സസ്പെന്‍ഷനില്‍ പ്രതിഷേധിച്ചാണ് സമരം ശക്തമാക്കുന്നത്. പൊതുജനങ്ങള്‍ക്ക് അസൗകര്യമുണ്ടാക്കാത്ത വിധത്തില്‍ മാനേജ്മെന്‍റിനോട് നിസ്സഹകരണം പ്രഖ്യാപിച്ചു കൊണ്ടാണ് സംഘടനയുടെ സമര പ്രഖ്യാപനം.

ടാറ്റയുടെ 1200 ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങാനുള്ള നീക്കമടക്കം, സ്ഥാപിത താത്പര്യമുള്ള പദ്ധതികളെ തുടക്കത്തിലേ കണ്ടെത്തി എതിര്‍ത്തതാണ്, സംഘടനക്കും നേതാക്കള്‍ക്കുമെതിരായ ചെയര്‍മാന്‍റെ പ്രതികാര നടപടിക്ക് കാരണമെന്നാണ് നേതാക്കൾ പറയുന്നത്. കെ എസ് ഇ ബി ചെയര്‍മാൻ ഡോ ബി സതീഷിന്‍റെ ഡ്രൈവറുടെ വീട്ടിൽ കാറ് വാങ്ങിയതിലടക്കം അഴിമതി ആരോപണം ഉയർത്തിയായിരുന്നു ഓഫീസേഴ്സ് അസോസിയേഷന്‍ ഇന്നത്തെ വാർത്താ സമ്മേളനം അവസാനിപ്പിച്ചത്. ചെയര്‍മാന്‍റെ ഡ്രൈവറുടെ വീട്ടിൽ ഡ്രസില്‍ ടാറ്റയുടെ ആഡംബര കാര്‍ രജിസ്റ്റര്‍ ചെയ്തതടക്കം അന്വേഷിക്കണമെന്ന ആവശ്യമാണ് ഇവർ മുന്നോട്ട് വച്ചിരിക്കുന്നത്.

എന്നാൽ ആരോപണങ്ങള്‍ കെ എസ് ഇ ബി ചെയര്‍മാന്‍ ബി അശോക് തള്ളിക്കളഞ്ഞിട്ടുണ്ട്. ബാങ്ക് ലോണെടുത്താണ് തന്‍റെ ഡ്രൈവര്‍ കാറ് വാങ്ങിയതെന്നും കെ എസ് ഇ ബി ചെയര്‍മാന്‍ അറിയിച്ചു. സസ്പെന്‍ഡ് ചെയ്യപ്പെട്ട സംഘടന നേതാവിന്‍റെ
ആക്ഷേപങ്ങളോട് പരസ്യപ്രതികരണത്തിനില്ലെന്നും അശോക് പറഞ്ഞു. അനുമതിയില്ലാതെ അവധിയെടുത്ത് ജോലിയില്‍ നിന്ന് വിട്ടുനിന്നതിനാണ് ഓഫീസേഴ്സ് അസോസിയേഷന്‍ സംസ്ഥാന ഭാരവാഹിയായ ജാസ്മിന്‍ ബാനുവിനെ മാർച്ച് 28 ന് സസ്പെന്‍ഡ് ചെയ്തത്. ഇതിനെതിര നടത്തിയ സമരത്തിന്‍റെ ഭാഗമായി സര്‍വ്വീസ് ചട്ടങ്ങള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന പ്രസിഡണ്ടിനെ ഇന്നലെ സസ്പെന്‍ഡ് ചെയ്തത്. 12ന് തിരുവനന്തപുരത്ത് മടങ്ങിയെത്തിയ ശേശം മാത്രം സമവായ ചര്‍ച്ചയെന്നാണ് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടിയുടെ നിലപാട്.