ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം റോഡ് മുറിച്ചുകടക്കുന്നതിനിടെ കാറിടിച്ച് വയോധിക മരിച്ചു. കാസർകോഡ് സ്വദേശിനിയായ വിലാസിനി സുകുമാരൻ (72) ആണ് മരിച്ചത്. കലവൂർ കൃപാസനത്തിലേക്ക് പോകാൻ ബസ് കയറുന്നതിനിടെ പുലർച്ചെയായിരുന്നു അപകടം.

ചേർത്തല: ദേശീയപാതയിൽ ചേർത്തല റെയിൽവേ സ്റ്റേഷന് സമീപം കാറിടിച്ച് കാസർകോഡ് കിനാനൂർ കാരിമൂല (ചോയ്യങ്കോട്) പുതുവീട്ടിൽ വിലാസിനി സുകുമാരൻ (സുമ- 72) മരിച്ചു. വെള്ളിയാഴ്ച പുലർച്ചെ നാലോടെയായിരുന്നു അപകടം. കലവൂർ കൃപാസനത്തിൽ പോകാനായി ചേർത്തല റെയിൽവേ സ്റ്റേഷനിലെത്തിയ വിലാസിനി, ബസ് കയറാനായി റോഡ് മറികടക്കുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടതെന്ന് ചേർത്തല പോലീസ് പറഞ്ഞു. ഉടൻ തന്നെ ചേർത്തല താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇടുക്കി തൊടുപുഴ കോടിക്കുളം തകിടിപ്പുറത്ത് പരേതനായ മാധവൻ, ടി എം കമലാക്ഷി അമ്മ എന്നിവരുടെ മകളാണ്. ചോയ്യങ്കോട് ഹോമിയോ ആശുപത്രിക്ക് സമീപം പുതുവീട്ടിൽ സ്റ്റോഴ്സ് എന്ന പേരിൽ ടെക്സ്റ്റൈൽസ് നടത്തിവരികയായിരുന്നു. ഭർത്താവ്: പി കെ സുകുമാരൻ (ബിസിനസ്). മക്കൾ: അജു സുകുമാരൻ (എൻജിനീയർ, റെയിൽവേ, ചെന്നൈ), ഡോ. അഞ്ജു പി സുകുമാരൻ (അശ്വിനി ആയുർവേദ ക്ലിനിക്ക്, നടക്കാവ്, തൃക്കരിപ്പൂർ). മരുമകൻ: ഡോ. പി വി ശ്രീജിത്ത് (അശ്വിനി ആയുർവേദ ക്ലിനിക്ക്, നടക്കാവ്, തൃക്കരിപ്പൂർ). സഹോദരങ്ങൾ: സിദ്ധാർഥൻ, സോളി, വത്സല, ഷീല, മധു, സിന്ധു. സംസ്കാരം ശനിയാഴ്ച ഇടുക്കി തൊടുപുഴ കോടിക്കുളം തകിടിപ്പുറത്തെ വീട്ടുവളപ്പിൽ നടക്കും.