നെടുമ്പാശ്ശേരി: കൊവിഡിനെ തുടർന്ന് തിരിച്ചുപോകാൻ കഴിയാതിരുന്ന 48 ഒമാൻ സ്വദേശികളെ നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വദേശത്തേക്ക് അയച്ചു. കർശന ആരോഗ്യസുരക്ഷാ നടപടികൾക്ക് ശേഷമാണ് യാത്രക്കാരുമായി വിമാനം പുറപ്പെട്ടത്. മാ‍‍‍ർച്ച് ആദ്യ ആഴ്ചയിൽ ആയുർവേദ ചികിത്സകൾക്കായി കേരളത്തിലെത്തിയ വിദേശികളാണ് ലോക്ക് ഡൗണിനെ തുടർന്ന് കുടുങ്ങിയത്. 

കൊവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തിൽ വിമാനത്താവളങ്ങൾ കൂടി അടച്ചതോടെ ഇവർക്ക് തിരിച്ചുപോകാൻ മറ്റുവഴികളില്ലാതായിരുന്നു. ചികിത്സയും നിരീക്ഷണ കാലാവധിയും അവസാനിച്ചപ്പോൾ ഒമാൻ എംബസി ഇടപെട്ടാണ് ഇവർക്ക് സ്വദേശത്തേക്ക് പോകാനുള്ള വഴിയൊരുങ്ങിയത്. വ്യോമയാന മന്ത്രാലയത്തിന്‍റെ പ്രത്യേക അനുമതിയോടെയാണ് ഇന്ന് ഒമാനിലേക്കും നാളെ പാരീസിലേക്കും പ്രത്യേക വിമാനസർവ്വീസുകൾ. 

48 ഒമാൻ സ്വദേശികളേയും പ്രത്യേകം കാറുകളിലാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിച്ചത്. ടെര്‍മിനലില്‍ പ്രവേശിക്കുന്നതിന് മുൻപ് എല്ലാവരുടേയും ലഗേജുകൾ അണുവിമുക്തമാക്കി. കൊവിഡ് പ്രതിരോധ പ്രോട്ടോക്കോൾ പ്രകാരമാണ് ടെര്‍മിനലില്‍ ഇരിപ്പിടങ്ങൾ സജ്ജീകരിച്ചിരുന്നത്.

ആരോഗ്യപരിശോധയ്ക്കും ഇമിഗ്രേഷൻ പരിശോധനകൾക്കും ശേഷം നേരേ വിമാനത്തിൽ കയറ്റി. കൊച്ചിയിൽ നിന്നും പുറപ്പെട്ട് ബെംഗളൂരു ചെന്നൈ എന്നിവിടങ്ങളിലും കുടുങ്ങിയ ഒമാൻ സ്വദേശികളുമായിട്ടാണ് വിമാനം മസ്കറ്റിലേക്ക് പോകുന്നത്. ഇന്ത്യയിൽ കുടുങ്ങിയ ഫ്രഞ്ച് പൗരന്മാരെ നാളെ എയർ ഇന്ത്യ വിമാനത്തിൽ പാരിസീലേക്ക് അയക്കും.