തിരുവനന്തപുരം: മൊറട്ടോറിയം കാലാവധി നീട്ടണമെന്നാവശ്യപ്പെട്ട്  റിസര്‍വ് ബാങ്കിനെ ഒരിക്കല്‍ കൂടി സമീപിക്കാന്‍ ബാങ്കേഴ്സ് സമിതി യോഗം തീരുമാനിച്ചു.  ഇപ്പോഴത്തെ സാഹചര്യത്തില്‍ റിസര്‍വ് ബാങ്ക് അനുഭാവപൂര്‍വം ഇടപെടുമെന്ന് പ്രതീക്ഷിക്കുന്നതായും ചീഫ് സെക്രട്ടറി ടോം ജോസ് അറിയിച്ചു. 

കേരളം കടന്നുപോകുന്നത് കടുത്ത പ്രതിസന്ധിയിലൂടെയാണ്. ഈ ദുരിതഘട്ടത്തില്‍ സര്‍ക്കാര്‍ കര്‍ഷകരുടെ ഒപ്പമാണെന്നും ചീഫ് സെക്രട്ടറി അറിയിച്ചു. ആത്മഹത്യകളെ ബാങ്ക് വായ്പകളുമായി ബന്ധപ്പെടുത്തുന്നത് ദൗര്‍ഭാഗ്യകരമാണ്. ആത്മഹത്യകളെ മാധ്യമങ്ങൾ വൈകാരികമായാണ് അവതരിപ്പിക്കുന്നതെന്നും ബാങ്കേഴ്സ് സമിതി യോഗം വിലയിരുത്തി. വിദ്യാർത്ഥികൾക്ക് ബാങ്കുകളില്‍ നിന്ന് വായ്പ ലഭിക്കാത്ത സാഹചര്യമുണ്ട്. ഇക്കാര്യവും ബാങ്കേഴ്സ് സമിതി പരിശോധിക്കണമെന്നും യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. 

മൊറട്ടോറിയത്തിൽ വസ്തുത ബോധ്യപ്പെടുത്താനാണ് പത്ര പരസ്യം നൽകിയതെന്ന് ബാങ്കഴ്സ് സമിതി കണ്‍വീനര്‍ ജി കെ മായ യോഗത്തില്‍ അറിയിച്ചു. കര്‍ഷകരുടെ വായ്പയ്ക്കുള്ള മൊറട്ടോറിയം കാലാവധി ഡിസംബര്‍ 31 വരെ നീട്ടാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിന് റിസര്‍വ് ബാങ്ക് അനുമതി നല്‍കാത്ത സാഹചര്യത്തിലാണ് പ്രശ്നപരിഹാരത്തിന് വഴി തേടി സംസ്ഥാന ബാങ്കേഴ്സ് സമിതി ഇന്ന് യോഗം ചേര്‍ന്നത്. നിലവിലെ മൊറട്ടോറിയം കാലാവധി ജൂലൈ 31ന് അവസാനിക്കും. അതിന് ശേഷം ജപ്തി നടപടികള്‍ക്ക് തടസ്സമില്ലെന്ന് വ്യക്തമാക്കി ബാങ്കേഴ്സ് സമിതി നല്‍കിയ പരസ്യവും മൊറട്ടോറിയം പ്രതിസന്ധി രൂക്ഷമാക്കിയിരുന്നു. റിസര്‍വ് ബാങ്ക് മൊറട്ടോറിയം കാലാവധി നീട്ടിയില്ലെങ്കിലും ജപ്തി നടപടി അനുവദിക്കാനാവില്ലെന്നാണ് സര്‍ക്കാരിന്‍റെ നിലപാട്. 


Read Also: കർഷക വായ്പ തിരിച്ചടവ് മുടങ്ങിയാൽ ജപ്തി; അറിയിപ്പുമായി ബാങ്കേഴ്സ് സമിതിയുടെ പരസ്യം