ഇന്ന് അത്തം ഒന്ന്. ഇനി പത്ത് നാൾ മലയാളക്കരയ്ക്ക് ഉത്സവമാകേണ്ടതാണ്. കേരളത്തിലെ ഓണാഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തൃക്കാക്കരയിൽ ഇത്തവണ ആഘോഷം ചടങ്ങുകളിൽ ഒതുങ്ങും. ചരിത്രത്തിൽ ആദ്യമായി തൃക്കാക്കര ക്ഷേത്രത്തിൽ ഇക്കുറി ഓണസദ്യയില്ല. ആളും ആരവവുമില്ലാത്ത ഓണക്കാലത്തിനായാണ് ഇത്തവണത്തെ തയ്യാറെടുപ്പ്.

ഓലക്കുട ചൂടി വരുന്ന മാവേലി, വാക്ക് തേടി വരുന്ന വാമനൻ. ആർപ്പുവിളികളുടെ ഇരമ്പങ്ങൾ.. തൃക്കാക്കരയിലെ ആർപ്പുവിളിയിലാണ് കേരളക്കര ഓണാഘോഷങ്ങളിലേക്ക് ഉണരുന്നത്. അത്തം മുതൽ തിരുവോണം വരെ ഉത്സവ ലഹരിയായിരുന്നു തൃക്കാക്കരയിൽ. കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ തുടക്കം. പക്ഷെ ആളും ആരവവും നിറയുന്ന ആ പഴയ കാഴ്ചകളല്ല ഇപ്പോൾ. വർണാഭമായി ഒരുങ്ങിയിരുന്ന ക്ഷേത്ര പരിസരം വിജനം. കച്ചവടക്കാരുടെ ഒച്ചയും ബഹളങ്ങളുമില്ല.

കൊടിയേറ്റം കഴിഞ് പത്തുനാൾ തൃക്കാക്കര അരങ്ങേറ്റങ്ങൾക്കും കലാപരിപാടികൾക്കും വേദിയാകും. ഇത്തവണ അതുമില്ല. കഴിഞ 27 വർഷമായി ആസ്വാദകരുടെ മനം നിറച്ചിരുന്ന കൂത്ത് കലാകാരൻ എടനാട് രാജൻ നമ്പ്യാർക്ക് പറയാനേറെയുണ്ട്.

''വളരെ ആഹ്ളാദം നിറഞ്ഞ വേദിയാണ് കൂത്തിന്‍റേത്. കൂത്ത് പറയാൻ ചമയമിടുമ്പോഴേക്ക് വേദിയിൽ ആളുകൾ വന്ന് നിറയുമായിരുന്നു. 27 വർഷം ഭഗവാന്‍റെ സന്നിധിയിൽ കൂത്തുപറഞ്ഞിരുന്നതാണ്. ഇത്തവണ ഇല്ല. വേദന നിറഞ്ഞ ഓർമയാകുമിത്'', എന്ന് നമ്പ്യാർ.

അത്തം തുടങ്ങുന്നതോടെ ഊട്ടുപുരയിൽ സദ്യയുണ്ടാകും. കഴിഞ തവണ 25000 പേരാണ് ഇവിടെ ഓണ സദ്യയുണ്ടത്. ഇത്തവണ സദ്യവട്ടം ഒരുങ്ങേണ്ട ഊട്ടുപുരയിൽ ഒന്നുമില്ല. ആഘോഷമെല്ലാം മനസ്സിൽ മാത്രം. പതിവുകൾ മുടങ്ങിയ സങ്കടമുണ്ടെങ്കിലും സുരക്ഷയാണ് പ്രധാനം.

ആൾക്കൂട്ടമില്ലാത്ത ചിങ്ങമാസം അദ്‌ഭുതക്കാഴ്ചയാണ് തൃക്കാക്കരയിൽ. ഇക്കുറിയെല്ലാം മാറുകയാണ്. ആർപ്പും വിളിയും നിറയുന്ന നല്ലൊരോണക്കാലമാണ് പ്രതീക്ഷ.

സൂക്ഷിച്ചോണം, കരുതലോണം

ഓണക്കാലത്ത് തമിഴ് നാട്ടിൽ നിന്നും പൂക്കൾ എത്താത്തത് അവസരമാക്കി മാറ്റിയിരിക്കുകയാണ് എറണാകുളത്തെ ചേന്ദമംഗലം ഗ്രാമപഞ്ചായത്ത്. ലോക്ഡൗണിൽ വീടുകളിൽ വിതരണം ചെയ്ത ചെണ്ടുമല്ലി തൈകളിൽ നിന്നും ടണ്‍ കണക്കിന് പൂക്കളാണ് ഇത്തവണ വിളവെടുക്കുന്നത്.

കൈത്തറി മാത്രമല്ല പൂ കൃഷിയും വഴങ്ങും ചേന്ദമംഗലത്തുകാ‍ർക്ക്. കൊവിഡ് കാലത്ത് പൂത്ത് നിൽക്കുന്ന ചെണ്ടുമല്ലി പ്പൂക്കൾ ഇവരുടെ അതിജീവനത്തിൻറെ കഥ കൂടിയാണ്. ലോക്ഡൗണിലെ വിരസത മാറ്റാൻ തുടങ്ങിയ പൂ കൃഷി വരുമാന മാര്‍ഗം കൂടി ആയതോടെ ഇരട്ടി സന്തോഷം.

വീടുകൾ തോറും പഞ്ചായത്ത് അധികൃതരാണ് തൈകളും വളവും എത്തിച്ചത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്ന പൂക്കൾ രോഗവ്യാപന സാധ്യത കൂട്ടുമെന്ന മുന്നറിയിപ്പെത്തിയതോടെ ചേന്ദമംഗലത്തെ പൂക്കൾക്ക് ആവശ്യക്കാരേറി. എന്നാൽ എല്ലാവര്‍ക്കും നൽകാൻ പൂക്കൾ തികയുന്നില്ല. മൂന്ന് ടണ്ണിലധികം പൂക്കൾ ഇതുവരെ വിളവെടുത്തു. അടുത്ത വര്‍ഷം കൃഷി വിപുലമാക്കാനാണ് ഇവരുടെ തീരുമാനം.

പുലികൾ ബോട്ടിറക്കുകയാണ് കൂട്ടരേ!

കൊവിഡ് കാരണം ഇത്തവണ ഓണത്തിന് തൃശ്ശൂരിൽ പുലി ഇറങ്ങില്ല. പകരം പുലികൾ മട വിട്ടിറങ്ങുന്നത് ബോട്ട് ഇറക്കാനാണ്. അയ്യന്തോൾ ദേശം പുലി കളി സംഘമാണ് പ്രളയത്തെ പ്രതിരോധിക്കാൻ ഡ്രം ബോട്ടുകൾ നിമ്മിക്കുന്നത്.

ഓഗസ്റ്റ് ആദ്യം കണ്ട മഴയാണ് പുലികളെ രക്ഷക വേഷം കെട്ടിച്ചത്. മഴ തുടങ്ങിയപ്പോൾത്തന്നെ ബോട്ടും നിമ്മിച്ചു തുടങ്ങി. മഴ കുറഞ്ഞെങ്കിലും നിമ്മാണം തുടരുകയാണ് സംഘം. മുൻ വർഷങ്ങളിൽ വീടുകളിൽ വെള്ളം കയറിയപ്പോൾ ചെന്പിൽ ഇരുത്തിയാണ് പ്രദേശവാസികളെ രക്ഷിച്ചത്. ആവശ്യമുള്ളിടത്തെല്ലാം സേവനമെത്തിക്കാനാണ് സ്വന്തമായി ബോട്ട്.

നാല് പേർക്ക് ഇരിക്കാവുന്നതാണ് ഒരു ബോട്ട്. ഒരെണ്ണം നിർമ്മിക്കാൻ മൂന്നിലേറെ ഡ്രമ്മുകൾ വേണം. യുവാക്കൾക്കായി പിഎസ്‍സി കോച്ചിംഗ്, കൃഷി, തുടങ്ങി നിരവധി മേഖലകളിൽ സജീവമാണ് നാട്ടിലെ പുലികൾ. 

നമസ്തേ കേരളത്തിൽ ഇന്ന് ഓണക്കാഴ്ചകളുടെ പൂരമാണ്. കാണാം തത്സമയം: