Asianet News MalayalamAsianet News Malayalam

വിസ്മയിപ്പിക്കാൻ ഓണം സാംസ്കാരിക ഘോഷയാത്ര... തിരുവനന്തപുരത്തെ ഗതാഗത നിയന്ത്രണം ഇങ്ങനെ...

76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്ന് കാഴ്ചക്കാർക്ക് വിസ്മയ മുഹൂർത്തമൊരുക്കും

onam festival 2022 closing ceremony today at thiruvananthapuram, cm pinarayi will flag off Cultural procession
Author
First Published Sep 12, 2022, 1:16 AM IST

തിരുവനന്തപുരം: സംസ്ഥാനത്തെ ഓണാഘോഷങ്ങൾക്ക് തിരുവനന്തപുരത്ത് വര്‍ണാഭമായ സാസ്കാരിക ഘോഷയാത്രയോടെ ഇന്ന് കൊടിയിറക്കം. വൈകീട്ട് അഞ്ചിന് മാനവീയം വീഥിയിൽ മുഖ്യമന്ത്രിയാകും സാസ്കാരിക ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്യുക. 76 ഫ്ലോട്ടുകളും പത്ത് ഇതര സംസ്ഥാനങ്ങളിലേതുൾപ്പെടെ 77 കലാരൂപങ്ങളും ഘോഷയാത്രയിൽ അണിനിരന്ന് കാഴ്ചക്കാർക്ക് വിസ്മയ മുഹൂർത്തമൊരുക്കും.

വര്‍ഷങ്ങളുടെ ഇടവേളയ്ക്ക് ശേഷം മലയാളികൾ കെങ്കേമമാക്കിയ ഓണാഘോഷങ്ങൾക്കാണ് തലസ്ഥാനത്തെ സാസ്കാരിക ഘോഷയാത്രയോടെ തിരശ്ശീല വീഴുന്നത്. പകിട്ട് ഒട്ടും കുറയാതെ ദൃശ്യ വിസ്മയം തീര്‍ക്കാൻ നിശ്ചലദൃശ്യങ്ങളും കലാരൂപങ്ങളും വാദ്യഘോഷങ്ങളും സജ്ജമാണ്. ഒപ്പം അശ്വാരൂഢ സേനയും സേനാ വിഭാഗങ്ങളുടെ ബാൻഡുകളും നഗരവീഥികളിലൂടെ കടന്നുപോകും. കേന്ദ്ര സംസ്ഥാനസര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സ്ഥാപനങ്ങളുടെ മേന്മകളും നേട്ടങ്ങളും വിവരിക്കുന്ന നിശ്ചലദൃശ്യങ്ങൾക്ക് ഏറ്റവും മുന്നിലായുണ്ടാകുക മുത്തുക്കുട ചൂടിയ എൻ സി സി കേഡ‍റ്റുകളാകും. ശിശുക്ഷേമസമിതിയിലെ കുഞ്ഞുങ്ങൾക്കും കെയര്‍ ഹോമിലെ അന്തേവാസികൾക്കും ഘോഷയാത്ര കാണാൻ പ്രത്യേക സൗകര്യമുണ്ടാകും. യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി ഐ പി പവിലിയനിൽ കാണിയായി മുഖ്യമന്ത്രിയും മന്ത്രിമാരുമടക്കമുള്ള പ്രമുഖരെല്ലാം എത്തും.

7 നാൾ ഓണാഘോഷം പൊളിപൊളിക്കും, തിരിതെളിച്ച് മുഖ്യമന്ത്രി; സ്നേഹം പങ്കുവച്ച് ഉപഹാരം ഏറ്റുവാങ്ങി ദുൽഖറും അപ‍ർണയും

വൈകീട്ട് ഏഴിന് നിശാഗന്ധിയിൽ സമാപനസമ്മേളനവും സമ്മാനദാനവും നടക്കും. നടൻ ആസിഫ് അലിയാകും ചടങ്ങിന് മുഖ്യ അതിഥിയായി എത്തുക. വൈകീട്ട് മൂന്നിന് ശേഷം നഗരത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ഘോഷയാത്രയോടനുബന്ധിച്ച് നഗരത്തിൽ പ്രത്യേക ഗതാഗതക്രമീരണവുമുണ്ടാകും.

സാംസ്കാരിക ഘോഷയാത്രയുടെ വിശദാംശങ്ങൾ

വൈകിട്ട് 5 ന് വെള്ളയമ്പലം മാനവീയം വീഥിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഫ്ളാഗ് ഓഫ് ചെയ്യും. ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ്, പൊതുവിദ്യാഭ്യാസ തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി, ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആര്‍. അനില്‍, ഗതാഗത മന്ത്രി ആന്‍റണി രാജു, ഘോഷയാത്രാ കമ്മിറ്റി ചെയര്‍മാന്‍ ഡി.കെ. മുരളി എം.എല്‍.എ. തുടങ്ങിയവര്‍ സംബന്ധിക്കും. ഇന്ത്യയുടെയും കേരളത്തിന്‍റെയും വൈവിധ്യമാര്‍ന്ന കലാസാംസ്ക്കാരിക തനിമ വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ക്കും കലാരൂപങ്ങള്‍ക്കും വാദ്യഘോഷങ്ങള്‍ക്കുമൊപ്പം അശ്വാരൂഢ സേനയും വിവിധ സേനാവിഭാഗങ്ങളുടെ ബാന്‍ഡുകളും ഘോഷയാത്രയില്‍ അണിനിരക്കുമെന്ന് മന്ത്രി വി.ശിവന്‍കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേന്ദ്രസംസ്ഥാന സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍, സഹകരണ തദ്ദേശ സ്വയംഭരണ വകുപ്പുകള്‍ തുടങ്ങിയവ അവതരിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങള്‍ കിഴക്കേകോട്ട വരെ നീളുന്ന ഘോഷയാത്രയില്‍ പങ്കെടുക്കും. പത്ത് ഇതരസംസ്ഥാനങ്ങളിലേയും കേരളത്തിലേയും തനത് കലാരൂപങ്ങള്‍ ഉള്‍പ്പെടെ എണ്‍പതോളം കലാരൂപങ്ങളും ഘോഷയാത്രയ്ക്ക് മിഴിവേകും. ആകെ 76 ഫ്ളോട്ടുകളും 77 കലാരൂപങ്ങളുമുണ്ടാകും. മുത്തുക്കുടയുമായി എന്‍.സി.സി. കേഡറ്റുകള്‍ ഘോഷയാത്രയുടെ മുന്നില്‍ അണിനിരക്കും.

യൂണിവേഴ്സിറ്റി കോളേജിന് മുന്നിലെ വി.ഐ.പി. പവലിയനിലാകും മുഖ്യമന്ത്രി, മന്ത്രിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയവര്‍ ഘോഷയാത്ര വീക്ഷിക്കുക. ശിശുക്ഷേമ സമിതിയിലെ കുട്ടികള്‍ക്കും സാമൂഹ്യനീതി വകുപ്പിന്‍റെ കീഴിലുള്ള കെയര്‍ ഹോമിലെ അന്തേവാസികള്‍ക്കും ഘോഷയാത്ര കാണാന്‍ പാളയത്ത് പബ്ലിക്ക് ലൈബ്രറിക്കു മുന്നില്‍ പ്രത്യേക പവലിയന്‍ ഒരുക്കിയിട്ടുണ്ട്. വൈകിട്ട് 7 ന് നിശാഗന്ധിയില്‍ നടക്കുന്ന സമാപന സമ്മേളനം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി.ശിവന്‍കുട്ടി അധ്യക്ഷനാകും. സിനിമാതാരം ആസിഫ് അലി മുഖ്യാതിഥിയാകും.

കണ്ണൂരിൽ ട്രെയിനിന് നേരെ കല്ലേറ്, കൊണ്ടത് 12 കാരിക്ക്, തലയ്ക്ക് പരിക്കേറ്റ കീർത്തന ആശുപത്രിയിൽ ചികിത്സ തേടി

ഇന്ന് വൈകുന്നേരം 3 ന് ശേഷം നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും. ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനായി കര്‍ശനമായ സുരക്ഷാ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നഗരത്തില്‍ ഗതാഗത നിയന്ത്രണവും ഉണ്ടായിരിക്കും. ഘോഷയാത്രയ്ക്ക് ശേഷം നിശാഗന്ധിയില്‍ നടക്കുന്ന സമ്മേളനത്തില്‍ ഓണാഘോഷത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനദാനം നടക്കും.

Follow Us:
Download App:
  • android
  • ios