Asianet News MalayalamAsianet News Malayalam

പണം വിഴുങ്ങും പദ്ധതികൾ; ഒരു കിലോമീറ്റർ പാതയോര നവീകരണത്തിന് പൊടിച്ചത് ഒരു കോടി രൂപ!

വഴുതക്കാട് ജംഗ്ഷനിൽ മരങ്ങൾ തണൽ വിരിച്ച സ്ഥലത്ത് വനിതകൾക്ക് വേണ്ടി തണൽപ്പാത ഒരുക്കി

One crore rupees spend for footpath renovation in Trivandrum Corporation
Author
Trivandrum, First Published Nov 22, 2020, 10:00 AM IST

തിരുവനന്തപുരം: ഒരു കിലോമീറ്റർ നീളുന്ന പാതയോര നവീകരണത്തിനായി തിരുവനന്തപുരം നഗരസഭ പൊടിച്ചത് ഒരു കോടിയോളം രൂപ. വിമൺസ് കോളേജ് പരിസരത്ത് ഷീറ്റിടാനും പാതയുടെ ഒരുഭാഗത്ത് ഇടവിട്ട് കൈവരി കെട്ടാനുമാണ് വൻ തുകയുടെ ചെലവാക്കിയത്. ആകെ തുകയുടെ പകുതിയിലും പൊരുത്തക്കേടുകളാണ് ഏഷ്യാനെറ്റ് ന്യൂസ് അന്വേഷണത്തിൽ മറനീങ്ങുന്നത്. ഖജനാവ് കാലിയാക്കുന്ന തട്ടിപ്പ് നിർമ്മാണങ്ങളെ കുറിച്ചുള്ള അന്വേഷണ പരമ്പര പണം വിഴുങ്ങും പദ്ധതികളിൽ ആദ്യത്തെ അന്വേഷണമാണിത്.

വഴുതക്കാട് ജംഗ്ഷനിൽ മരങ്ങൾ തണൽ വിരിച്ച സ്ഥലത്ത് വനിതകൾക്ക് വേണ്ടി തണൽപ്പാത ഒരുക്കി. ശിലാഫലകത്തിൽ നിർമ്മാണ ചെലവ് ഒഴിച്ച് മറ്റെല്ലാം വ്യക്തമാക്കിയിട്ടുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് തൊട്ടുമുമ്പായിരുന്നു ഉദ്ഘാടനം. വിമൻസ് കൊളെജിന് മുന്നിലെ പാത നവീകരണം, സോളാർ പാനൽ, ഷെൽട്ടർ നിർമ്മാണം, കൊളേജിന് മുന്നിലും കോട്ടണ്‍ഹിൽ സ്കൂൾ ഭാഗത്തും കൈവരിയും ക്യാമറയും സ്ഥാപിക്കൽ എന്നിവയായിരുന്നു പദ്ധതി. നഗരസഭാ രേഖ പ്രകാരം ചെലവ് 90,53,324 രൂപ. തലസ്ഥാനത്തെ സ്വകാര്യ കൊളേജിൽ  ഇതുപോലെ 150 മീറ്റർ തണൽ പാതയും, സ്വകാര്യ പാതയിൽ മുക്കാൽ കിലോമീറ്റർ  കൈവരി നിർമ്മാണത്തിനുമായി കരാറുകാരനെ ഞങ്ങൾ നേരിട്ട് ബന്ധപ്പെട്ടു. നഗരസഭയുടെ കരാറെടുത്ത അതേ വ്യക്തി ഞങ്ങൾക്ക് വേണ്ടിയും തയ്യാർ. നിർമ്മാണചെലവും ജിഎസ്ടിയും ഉൾപ്പെടുത്തി തന്ന എസ്റ്റിമേറ്റ് 30 ലക്ഷം രൂപയുടേതായിരുന്നു.

30 ലക്ഷത്തിനപ്പുറം പ്രമുഖ വനിതകളുടെ ഫോട്ടോ സ്ഥാപിച്ചതിനും മറ്റ് ചെലവുകൾക്കുമായി 20 ലക്ഷം കൂടി കൂട്ടിയാലും അൻപത് ലക്ഷം. ബാക്കി തുക എവിടെ?
പദ്ധതിയെ സംബന്ധിച്ച കൂടുതൽ രേഖകൾക്കായി നഗരസഭയിൽ എത്തിയതിന് പിന്നാലെ കരാറുകാരന് സംശയം മണത്തു. കൂടിക്കാഴ്ച്ചക്ക് തൊട്ടുമുമ്പ് കരാറുകാരൻ പിന്മാറി. വനിതാ സൗഹൃദ ഇടനാഴിയും റോഡിന് കുറുകെ നടപ്പാലവും അടക്കം നഗരസഭ ആദ്യം വിഭാവനം ചെയ്തത് വൻ പദ്ധതിയാണ്. എന്നാൽ ചെയ്ത് വന്നപ്പോൾ സംശയകരമായ ഈ പാതയോര  നവീകരണത്തിൽ ഒതുങ്ങി. വിദ്യാർത്ഥികൾക്കെന്ന പേരിൽ തയ്യാറാക്കിയ പദ്ധതിക്കെതിരെയല്ല ആക്ഷേപം, മറിച്ച് ഒരു കോടിക്ക് എന്തുണ്ട് എന്നതാണ് ചോദ്യം. ഈ വാർത്ത തന്നെ തെളിവാകുമ്പോൾ  ഇനി വേണ്ടത് സർക്കാർ അന്വേഷണമാണ്.

Follow Us:
Download App:
  • android
  • ios