അക്രമത്തിൽ ബാറിൻ്റെ ഉടമയ്ക്കും പരിക്കേറ്റു. നെഞ്ചിന് താഴെ കുത്തേറ്റ നിലയിൽ മറ്റൊരാളേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

തൃശൂർ തളിക്കുളത്ത് ബാറിൽ ഉണ്ടായ അടിപിടിയിൽ ഒരാൾ കൊല്ലപ്പെട്ടു. ബാറുടമ ഉൾപ്പടെ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു. തളിക്കുളത്തെ സെൻട്രൽ റെസിഡൻസി ബാറിൽ ആണ് കത്തിക്കുത്ത് നടന്നത്. തളിക്കുളം സ്വദേശി ബൈജു ആണ് മരിച്ചത്. 22 വയസുകാരനായ അനന്തു, ബാറുടമ കൃഷ്ണരാജ് എന്നിവർക്കാണ് ഗുരുതരമായി പരിക്കേറ്റത്. അനന്തുവിൻ്റെ നെഞ്ചിന് താഴെയാണ് കുത്തേറ്റത്. ഇവരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാറിൽ എത്തിയ ഏഴംഗ സംഘമാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു . പത്ത് ദിവസങ്ങൾക്ക് മുൻപാണ് ഈ ഹോട്ടലിന് ബാർ ലൈസൻസ് കിട്ടിയത്.

ബാർ ജീവനക്കാരനെ കൗണ്ടറിൽ വടിവാളുകൊണ്ട് വെട്ടി, മൂന്ന് പേർ അറസ്റ്റിൽ 

ചാരുംമൂട്: ബാർ ജീവനക്കാരനെ സംഘം ചേർന്ന് മർദ്ദിച്ച സംഭവത്തിൽ മൂന്ന് പേരെ നൂറനാട് പൊലീസ് അറസ്റ്റ് ചെയ്തു. ചാരുംമൂട്ടിലെ ബാർ ജീവനക്കാരനായ കാർത്തികപ്പള്ളി മഹാദേവികാട് വലിയ വീട്ടിൽ കിഴക്കതിൽ ശ്രീജിത്തി(32)നെ മർദ്ദിച്ച സംഭവത്തിലാണ് നൂറനാട് കിടങ്ങയം സ്വദേശി അരുൺ കുമാർ (28) പള്ളിക്കൽ സ്വദേശി അലി മിയാൻ ( 27 ) നൂറനാട് സ്വദേശി മിഥുൻ (29) എന്നിവരെ പൊലീസ് കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. 

സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്
എ സ്ക്വയർ ബാറിൽ വച്ച് കഴിഞ്ഞ 19 ന് വൈകിട്ട് 6.30 ഓടെയായിരുന്നു സംഭവം. അലിമിയാനും മിഥുനും ഇവിടെ മദ്യപിക്കാനെത്തുകയും ജീവനക്കാരുമായി മനപൂർവം പ്രശ്നങ്ങളുണ്ടാക്കുകയും ചെയ്തു. ബാറിൽ നിന്നു പോയ ഇവർ സുഹൃത്തായ അരുണിനെ കൂട്ടി വരുകയും വടിവാളുപയോഗിച്ച് കൗണ്ടറിലുണ്ടായിരുന്ന ശ്രീജിത്തിനെ അക്രമിക്കുകയുമായിരുന്നു. വിവരമറിഞ്ഞെത്തിയ പൊലീസിനെക്കണ്ട് പ്രതികൾ രക്ഷപ്പെട്ടു.

സിഐ പി. ശ്രീജിത്ത്, എസ്ഐമാരായ മഹേഷ്, ബാബുക്കുട്ടൻ സിപിഒമാരായ വിഷ്ണു, രഞ്ജിത്ത്, ഇസ്ലാഹ് എന്നിവരുൾപ്പെട്ട സംഘം നൂറനാട്ടുള്ള സ്വകാര്യാശുപത്രി പരിസരത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. ഇവർ സഞ്ചരിച്ചിരുന്ന കാറും അതിലുണ്ടായിരുന്ന വടിവാളും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളാണെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.