ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും, നൊമ്പരമായി പ്രവീൺ, കളമശ്ശേരി സ്ഫോടനത്തിൽ മരണം ആറായി
ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്.

കൊച്ചി : കളമശേരി സ്ഫോടനത്തിൽ ഒരു മരണം കൂടി. ലിബിനക്കും അമ്മയ്ക്കും പിന്നാലെ സഹോദരനും വിടവാങ്ങി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മലയാറ്റൂർ സ്വദേശി പ്രവീണാണ് മരിച്ചത്. ഇതോടെ ആകെ മരണം ആറായി. പ്രവീണിന്റെ അമ്മ മലയാറ്റൂര്‍ സ്വദേശിനി സാലി പ്രദീപന്‍ കഴിഞ്ഞ11 നാണ് മരിച്ചത്. സ്ഫോടനം നടന്ന ദിവസം 12കാരി ലിബിനയും മരിച്ചു. സഹോദരി ലിബിനയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു പ്രവീണിന് പൊള്ളലേറ്റത്. ഒരു കുടുബത്തിലെ മൂന്ന് പേരാണ് ഇതോടെ മരണത്തിന് കീഴടങ്ങിയത്. ഇതുവരെ എട്ട് പേരാണ് പൊള്ളലേറ്റ് ഗുരുതരമായ സ്ഥിതിയിൽ വിവിധ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
കളമശ്ശേരി സ്ഫോടനത്തിന്റെ നിർണായക തെളിവുകളാണ് പ്രതി മാർട്ടിന്റെ വാഹനത്തിൽ നിന്ന് പൊലീസ് കഴിഞ്ഞ ദിവസം തെളിവെടുപ്പിനിടെ കണ്ടെടുത്തത്. സ്ഫോടനത്തിന് ഉപയോഗിച്ച നാല് റിമോട്ടുകളാണ് കണ്ടെത്തിയത്. ഈ റിമോട്ടുകൾ ഉപയോഗിച്ചാണ് കളമശ്ശേരിയിൽ മാർട്ടിൻ സ്ഫോടനം നടത്തിയതെന്നാണ് പൊലീസ് നൽകുന്ന വിവരം. സ്ഫോടനത്തിന് ശേഷം ഇരുചക്ര വാഹനത്തിൽ കൊടകര പൊലീസ് സ്റ്റേഷനിലെത്തിയ മാർട്ടിൻ വാഹനത്തിനുള്ളിൽ റിമോട്ടുകൾ സൂക്ഷിച്ചിരിക്കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലാണ് റിമോട്ടുകൾ കണ്ടെത്തിയത്. കൊടകര പൊലീസ് സ്റ്റേഷനിൽ എത്തിച്ചു നടത്തിയ തെളിവെടുപ്പിലാണ് നിർണായക തെളിവുകൾ കണ്ടെടുത്തത്.
സ്ഫോടനം നടന്ന് രണ്ടാഴ്ച പിന്നിടുമ്പോഴാണ് നിര്‍ണായക തെളിവുകള്‍ അന്വേഷണ സംഘം തെളിവെടുപ്പില്‍ കണ്ടെത്തുന്നത്. മാര്‍ട്ടിന്‍ കീഴടങ്ങാനെത്തിയ സ്കൂട്ടര്‍ കൊടകര പൊലീസ് സ്റ്റേഷനിലായിരുന്നു സൂക്ഷിച്ചിരുന്നത്. ഉച്ചതിരിഞ്ഞ് തെളിവെടുപ്പിനെത്തിച്ചപ്പോള്‍ സ്കൂട്ടറില്‍ നിന്ന് നാലു റിമോര്‍ട്ടുകള്‍ മാര്‍ട്ടിന്‍ എടുത്തു നല്‍കുകയായിരുന്നു. വെള്ള കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു റിമോര്‍ട്ടുകള്‍. നാലു റിമോര്‍ട്ടുകളില്‍ രണ്ടെണ്ണം ഉപയോഗിച്ചാണ് സ്ഫോടനം നടത്തിയിട്ടുള്ളത്.
കളമശ്ശേരി സ്ഫോടനം; ലിബ്നയുടെ അമ്മയും മരണത്തിന് കീഴടങ്ങി, 2മക്കള്‍ ആശുപത്രി കിടക്കയില്‍