വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതിലുകളും ജനാലകളും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയായിരുന്നു.
തിരുവനന്തപുരം: കുന്നത്തുകാൽ പഞ്ചായത്തിലെ എള്ളുവിളയില്‍ വീടു മാറി ആക്രമിച്ച 10 അംഗ സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍. കുന്നത്തുകാല്‍ വണ്ടിത്തടം സ്വദേശി സുജിത്താണ് ഇന്നലെ (24) അറസ്റ്റിലായത്. നിലമാമൂട് എള്ളുവിള സ്വദേശി സലിംകുമാറിന്‍റെ (59) വീട്ടിലാണ് സംഘം ശനിയാഴ്ച രാത്രി ആക്രമണം നടത്തിയത്. എള്ളുവിള സ്വദേശി പ്രവീണിന്‍റെ വീടെന്ന് തെറ്റിദ്ധരിച്ചാണ് സമീപത്തുള്ള സലിം കുമാറിന്‍റെ വീട് ആക്രമിച്ചത്.
വീട്ടില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം വാതിലുകളും ജനാലകളും മാരകായുധങ്ങളും ഉപയോഗിച്ച് വെട്ടി നശിപ്പിക്കുകയായിരുന്നു. ബഹളം കേട്ട് നാട്ടുകാര്‍ എത്തിയപ്പോള്‍ പ്രതികള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ദിവസങ്ങള്‍ക്കു മുമ്പ് ആക്രമി സംഘങ്ങളില്‍ ചിലരും പ്രവീണും തമ്മില്‍ കൈയ്യാങ്കളി നടന്നിരുന്നു. തുടര്‍ന്നുള്ള പക തീര്‍ക്കാനെത്തിയ സംഘമാണ് വീട് മാറി ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റുപ്രതികൾക്കായി അന്വേഷണം തുടരുകയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു.
