ഹൈദരാബാദ്: ഇസ്രൊയിലെ മലയാളി  ശാസ്ത്രജ്ഞൻ എസ് സുരേഷിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാളെ പൊലിസ് കസ്റ്റഡിയിലെടുത്തു. ഹൈദരബാദ് അമീര്‍പേട്ടിലെ സ്വകാര്യ ലാബിലെ ജീവനക്കാരനായ ശ്രീനിവാസനെയാണ് കസ്റ്റഡിയിലെടുത്തത്. ശ്രീനിവാസനെ സംശയകരമായ സാഹചര്യത്തില്‍ ഫ്ലാറ്റില്‍ കണ്ടെന്ന്   സുരക്ഷാ ജീവനക്കാരന്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ്  ഇയാളെ ചോദ്യം ചെയ്യുന്നത്.

ഇസ്രൊ റിമോട്ട് സെൻസിംഗ് സെന്‍ററിലെ ശാസ്ത്രജ്ഞനായ സുരേഷിനെ ഫ്ലാറ്റിൽ തലയ്ക്കടിയേറ്റ് മരിച്ച നിലയിലാണ്  കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ഐഎസ്ആർഒയുടെ ഉപവിഭാഗമായ നാഷണൽ റിമോട്ട് സെൻസിംഗ് സെന്‍ററിലെ ശാസ്ത്രജ്ഞനായിരുന്നു സുരേഷ്. നഗരമധ്യത്തിലുള്ള അമീർപേട്ടിലെ അന്നപൂർണ എന്ന ഫ്ലാറ്റ് കോംപ്ലക്സിലുള്ള സ്വന്തം അപ്പാർട്ട്മെന്‍റില്‍ സുരേഷ് ഒറ്റയ്ക്കാണ് കഴിഞ്ഞിരുന്നത്. 

ചൊവ്വാഴ്ച ഓഫീസിലെത്താതിരുന്ന സുരേഷിനെ സഹപ്രവര്‍ത്തകര്‍ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും കഴിഞ്ഞല്ല. തുടര്‍ന്ന് ചെന്നൈയില്‍ ബാങ്കുദ്യോഗസ്ഥയായ അദ്ദേഹത്തിന്‍റെ ഭാര്യ ഇന്ദിരയെ ഫോണിൽ വിളിച്ച് സഹപ്രവർത്തകർ വിവരമറിയിച്ചു. തുടർന്ന പൊലീസെത്തി ഫ്ലാറ്റിന്‍റെ പൂട്ട് പൊളിച്ച് അകത്ത് കടന്നപ്പോഴാണ് സുരേഷിനെ തറയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ 20 വർഷമായി സുരേഷ് ഹൈദരാബാദിലാണ് കഴിയുന്നത്.