'അതിസമർത്ഥമായ സൈബർ തട്ടിപ്പിന് ഇരയായി, വെർച്ചൽ കസ്റ്റഡിയിലാണെന്ന് വിശ്വസിപ്പിച്ചു'; ഗീവർഗീസ് മാർ കൂറിലോസ്
രണ്ട് ദിവസം വെർച്ചൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
പത്തനംതിട്ട: അതിസമർത്ഥമായ സൈബർ തട്ടിപ്പിന് താൻ ഇര ആയെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ്. രണ്ട് ദിവസം വെർച്ചൽ കസ്റ്റഡിയിൽ ആണെന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചുവെന്ന് ഡോ. ഗീവർഗീസ് മാർ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിരമിക്കൽ ആനുകൂല്യം അടക്കമുള്ള തുകയാണ് തട്ടിപ്പ് സംഘം കൈക്കലാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കള്ളപ്പണ കേസിലെ നടപടി ഒഴിവാക്കാൻ പണം നൽകി എന്ന പ്രചാരണം തെറ്റാണെന്നും ഗീവർഗീസ് മാർ കൂറിലോസ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദ്യാഭ്യാസവും ലോക പരിചയവുമുള്ള താൻ പോലും വഞ്ചിക്കപ്പെട്ടു. സുപ്രീംകോടതി നിരീക്ഷണത്തിലുള്ള അക്കൗണ്ടിലേക്ക് പണം കൈമാറണമെന്ന നിർദ്ദേശമാണ് പാലിച്ചത്. നരേഷ് ഗോയൽ കള്ളപ്പണ ഇടപാടിൽ തനിക്ക് ബന്ധമുണ്ട് എന്ന് തട്ടിപ്പുകാര്‍ വിശ്വസിപ്പിച്ചു. സിബിഐ, സുപ്രീംകോടതി എന്നിവയുടെ എംബ്ലം പതിപ്പിച്ച ഉത്തരവുകൾ തട്ടിപ്പുകാര്‍ വാട്സാപ്പിലൂടെ കൈമാറിയെന്നും ഗീവർഗീസ് മാർ കൂറിലോസ് പറയുന്നു. തനിക്ക് മറച്ചു വയ്ക്കാൻ ഒന്നുമില്ലാത്തത് കൊണ്ടും തട്ടിപ്പിനെ കുറിച്ച് സാധാരണക്കാർ പോലും ബോധവാന്മാരാകണമെന്നും ഉള്ളത് കൊണ്ടാണ് പരാതി നൽകിയതെന്നും ഗീവർഗീസ് മാർ കൂറിലോസ് കൂട്ടിച്ചേര്‍ത്തു.