തിരുവനന്തപുരം: യൂണിവേഴ്‍സിറ്റി കോളേജിനകത്ത് സുരക്ഷയ്ക്ക് ഇനി വനിതാ പൊലീസ് മാത്രം മതിയെന്ന് കോളേജ് കൗൺസിൽ. ഇക്കാര്യം ആവശ്യപ്പെട്ട് കൗൺസിൽ പൊലീസിന് കത്ത് നൽകി.

യൂണിവേ‍ഴ്‍സിറ്റി കോളേജിലെ സംഘർഷങ്ങൾക്കും കത്തിക്കുത്തിനും പിന്നാലെ കോളേജിനകത്ത് പൊലീസ് കനത്ത സുരക്ഷ ഒരുക്കിയിരുന്നു. പരിശോധനയ്ക്ക് ശേഷം മാത്രമാണ് കോളേജിനകത്ത് ആളുകളെ പ്രവേശിപ്പിച്ചിരുന്നത്. ഒരു എഎസ്ഐ അടക്കം അഞ്ച് പൊലീസുകാരായിരുന്നു ക്യാംപസിനകത്ത് സുരക്ഷ ഒരുക്കിയത്. എന്നാൽ കോളേജ് തുറക്കുകയും എസ്എഫ്ഐ പ്രവ‍ർത്തനം സജീവമാക്കുകയും ചെയ്തതോടെ പൊലീസ് പുറത്ത് പോകണമെന്ന് ആവശ്യമുയർന്നു. എസ്എഫ്ഐ പ്രവർത്തകരും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി.  

പൊലീസുകാർ വിദ്യാർത്ഥിനികളോട് മോശമായി പെരുമാറിയതായി എസ്എഫ്ഐ പ്രിൻസിപ്പലിന് പരാതിയും നൽകി. ഇതിന് പിന്നാലെ, പ്രിൻസിപ്പൽ ആവശ്യപ്പെട്ടാൽ മാത്രം ക്യാംപസിൽ കയറിയാൽ മതിയെന്ന് പൊലീസിന് ഉന്നത ഉദ്യോഗസ്ഥർ നിർദ്ദേശം നൽകി. എസ്എഫ്ഐയുടെ സമ്മർദ്ദത്തിന് ഉന്നത ഉദ്യോഗസ്ഥർ കീഴ്‍പെട്ടെന്ന  ആരോപണത്തിന് ഈ നടപടി ഇടയാക്കിയിരുന്നു. ഇതോടെയാണ് കോളേജ് കൗൺസിൽ യോഗം ചേർന്ന് ക്യാംപസിനകത്ത് പൊലീസ് സുരക്ഷ വേണമെന്നും എന്നാൽ വനിതാ പൊലീസ് മാത്രം മതിയെന്നും ആവശ്യപ്പെട്ടത്. അഞ്ച് പേരെ വിന്യസിക്കുമെന്ന് പൊലീസ് ഉന്നതവൃത്തങ്ങൾ അറിയിച്ചു. 

അതേസമയം യൂണിവേഴ്‍സിറ്റി കോളേജിൽ നിന്നുള്ള സ്ഥലം മാറ്റം ചോദ്യം ചെയ്തുള്ള അധ്യാപികയുടെ ഹർജി പരിഗണിക്കാൻ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ വിസമ്മതിച്ചു. കോളേജിന്‍റെ സുഗമമായ പ്രവർത്തനങ്ങൾക്കായുള്ള  തിരുത്തൽ നടപടികളിൽ ഇടപെടാനാകില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലംമാറ്റത്തിനെതിരെ ബയോകെമിസ്ട്രി വിഭാഗം മേധാവി ഡോക്ടർ മായാ മാധവനാണ് കോടതിയെ സമീപിച്ചത്. കത്തിക്കുത്ത് സമയത്തെ പ്രിൻസിപ്പൽ ഇൻ ചാർജ്ജ് കെ വിശ്വംഭരൻ അടക്കം പതിനൊന്ന് പേരെയാണ് ശുദ്ധികലശത്തിൻറ ഭാഗമായി സ്ഥലം മാറ്റിയത്.