Asianet News MalayalamAsianet News Malayalam

'മാണി സാറിനോടും കുടുംബത്തോടും സിപിഎം മാപ്പ് പറയണം'; ക്യാംപയിനുമായി കോണ്‍ഗ്രസ്

ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം കഴിയാവുന്നിടത്തെല്ലാം പയറ്റി തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണ് സിപിഎം എന്ന് രമേശ് ചെന്നിത്തല 

oommen chandy and ramesh chennithala facebook post against cpm to apologize  bar case
Author
Thiruvananthapuram, First Published Sep 25, 2020, 9:10 PM IST

തിരുവനന്തപുരം: കെഎം മാണി ബാര്‍കോഴക്കേസിൽ കുറ്റക്കാരനല്ലെന്ന ഇടത് മുന്നണി കണ്‍വീനര്‍ വിജയരാഘവന്‍റെ  വെളിപ്പെടുത്തല്‍ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. മാണി സാറിനോട് സിപിഎം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് ക്യാംപയിന്‍ തുടങ്ങി. ഫേസ്ബുക്ക് പ്രൊഫൈലില്‍ കെഎം മാണിയുടെ ചിത്രമുള്‍പ്പെടുത്തി സിപിഎം മാപ്പ് പറണമെന്ന ആവശ്യത്തോടെയാണ് ക്യാംപയിന്‍.

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങി പ്രമുഖ നേതാക്കളെല്ലാം ക്യാംപയിനുമായി രംഗത്തെത്തി. ഇരട്ടത്താപ്പിന്റെ രാഷ്ട്രീയം കഴിയാവുന്നിടത്തെല്ലാം പയറ്റി തിരഞ്ഞെടുപ്പിൽ ജയിക്കാൻ സാധിക്കുമോ എന്ന് ഗവേഷണം നടത്തുകയാണ് സിപിഎം എന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. കേരളം സ്നേഹിച്ച കെ എം മാണിയെ നാട് മുഴുവൻ നടന്നു തേജോവധം ചെയ്യുമ്പോളും അദ്ദേഹം നിരപരാധിയാണെന്ന കാര്യം തങ്ങൾക്ക് ബോധ്യമുണ്ടായിരുന്നു എന്നാണ് എല്‍ഡിഫ് കൺവീനർ കൂടിയായ എ വിജയരാഘവൻ വെളിപ്പെടുത്തിയത്.  ഇനിയെങ്കിലും കെ എം മാണിയോടും, പൊതുസമൂഹത്തോടും സിപിഎം നിരുപാധികം മാപ്പ് പറയണം- ചെന്നിത്തല ആവശ്യപ്പെട്ടു.

ബാര്‍കോഴക്കേസില്‍ കെഎം മാണി തെറ്റുകാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് സമരം നടത്തിയതെന്നും നോട്ട് എണ്ണുന്ന മെഷീന്‍ മാണിയുടെ വീട്ടിലുണ്ടെന്ന് ആരോപിച്ചത് രാഷ്ട്രീയമായി മാത്രമായിരുന്നുവെന്നുമുള്ള  എല്‍ഡിഎഫ് കണ്‍വീനര്‍ എ. വിജയരാഘവന്റെ വെളിപ്പെടുത്തില്‍ മാണിസാറിനുള്ള മരണാനന്തരബഹുമതിയാണെന്നായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രതികരണം.

മാണിസാറിന്റെ കുടുംബത്തോടും ജനങ്ങളോടും സിപിഎം മാപ്പുപറയണം. അദ്ദേഹം ജീവിച്ചിരുന്നപ്പോള്‍ ഈ വെളിപ്പെടുത്തില്‍ നടത്തിയിരുന്നെങ്കില്‍ അത്രയും ആശ്വാസമാകുമായിരുന്നു.  കുറ്റക്കാരനല്ലെന്ന് അറിഞ്ഞുകൊണ്ടാണ് മാണി സാറിനെതിരേ  പ്രാകൃതമായ സമരമുറകള്‍ അഴിച്ചുവിട്ടത്. സിപിഎം നടത്തിയ ഈ വെളിപ്പെടുത്തല്‍ യുഡിഎഫ് ഏറ്റെടുക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.

അതേസമയം പ്രസ്താവന വിവാദമായതോടെ  ബാര്‍ക്കോഴയ്‌ക്കെതിരെ നടത്തിയത് യു.ഡി.എഫിന്റെ  അഴിമതിയ്‌ക്കെതിരായ  രാഷ്ട്രീയ സമരമാണെന്നും അത് ശരിയായിരുന്നു എന്ന് തന്നെയാണ് ഇപ്പോഴും കരുതുന്നതെന്നും എല്‍.ഡി.എഫ് കണ്‍വീനര്‍ എ.വിജയരാഘവന്‍ പ്രതികരിച്ചു. ബാര്‍ക്കോഴയുടെ ഉപജ്ഞാതാവും ഗുണഭോക്താവും അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയും കൂട്ടരുമാണ്.കെഎം.മാണി അന്തരിച്ചതിനാല്‍ അദ്ദേഹവുമായി ബന്ധപ്പെ അത്തരമൊരു ചര്‍ച്ച നടത്തുന്നത് തന്നെ ശരിയല്ല എന്നാണ്പറഞ്ഞത്. അതിനെ വളച്ചൊടിക്കുകയായിരുന്നുവെന്നും വിജയരാഘവന്‍ പറഞ്ഞു.

Follow Us:
Download App:
  • android
  • ios