തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ കോൺഗ്രസിന്‍റെ നിർണായകചുമതലയിലേക്ക് എത്തുമ്പോൾ സോളാർ വിവാദം വീണ്ടും കത്തിപ്പിടിക്കുകയാണ്, എന്താണ് ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയ ചാണക്യന് പറയാനുള്ളത്? എക്സ്ക്ലൂസീവ് അഭിമുഖം. 

തെരഞ്ഞെടുപ്പ് കാലത്ത് കേരളത്തിൽ കോൺഗ്രസിന്‍റെ നിർണായകചുമതലയിലേക്ക് എത്തുമ്പോൾ സോളാർ വിവാദം വീണ്ടും കത്തിപ്പിടിക്കുകയാണ്, എന്താണ് ഉമ്മൻചാണ്ടിയെന്ന രാഷ്ട്രീയ ചാണക്യന് പറയാനുള്ളത്?

തിരുവനന്തപുരം ബ്യൂറോ ചീഫ് കെ ജി കമലേഷുമായി നടത്തിയ എക്സ്ക്ലൂസീവ് അഭിമുഖം. കാണാം:

'സിബിഐ വരട്ടെ, നേരിടാം, ഒരു പേടിയുമില്ല'

പരാതിക്കാരിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഉമ്മൻചാണ്ടി പറയുന്നു. സർക്കാരിന്‍റെ മുമ്പിൽ പല പരാതികളും വരും. അതിൽ അന്വേഷണം നടന്നേക്കും. ഇതേ ആരോപണം മുൻപ് പല തെരഞ്ഞെടുപ്പ് സമയത്തും ഉയർന്നുവന്നതാണ്. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നൽകിയതും ആണെന്നും ഉമ്മൻചാണ്ടി പറയുന്നു. 

സോളാര്‍ കേസിൽ ഒരന്വേഷണത്തേയും ഒരു ഘട്ടത്തിലും എതിര്‍ത്തിട്ടോ തടസ്സപ്പെടുത്തിയിട്ടോ ഇല്ലെന്ന് ഉമ്മൻചാണ്ടി പറയുന്നു. സിബിഐയെ പേടിയില്ല. ഇടതുമുന്നണിയുടെ കയ്യിൽ എന്തെങ്കിലും തെളിവുണ്ടായിരുന്നെങ്കിൽ അഞ്ച് കൊല്ലം വെറുതെ വിടുമായിരുന്നോ? ഒരു ജാമ്യം പോലും എടുക്കാതെയാണ് കേരള സമൂഹത്തിൽ നടന്നത് - മുഖ്യമന്ത്രി പറയുന്നു. 

പരാതിക്കാരിക്ക് അഞ്ച് വര്‍ഷമായി സര്‍ക്കാരിൽ നിന്ന് നീതി കിട്ടിയിട്ടില്ലെങ്കിൽ, അഞ്ച് വര്‍ഷം കൊണ്ട് എന്ത് നടപടി എടുത്തു എന്ന ചോദ്യത്തിന് മറുപടി നൽകേണ്ടത് മുഖ്യമന്ത്രി പിണറായി വിജയനാണ്. പരാതിയിൽ നീതി ഉറപ്പാക്കാൻ ആഭ്യന്തര വകുപ്പും മന്ത്രിയും എന്തു ചെയ്തു? ഉമ്മൻചാണ്ടി ചോദിക്കുന്നു. 

'ലാവ്‍ലിൻ മധുരപ്രതികാരമോ?'

2006-ൽ ലാവ്ലിൻ കേസ് സിബിഐയ്ക്ക് വിട്ടതിന്‍റെ മധുരപ്രതികാരമായി സോളാര്‍ കേസിലെ സിബിഐ അന്വേഷണത്തെ കാണുന്നുണ്ടോ എന്ന ചോദ്യത്തിന് വിജിലൻസിന്‍റെ സുതാര്യത സംരക്ഷിക്കാനായിരുന്നു ലാവ്ലിൻ കേസ് സിബിഐക്ക് വിട്ടതെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.

വിജിലൻസ് പിണറായിയെ കുറ്റവിമുക്തമാക്കിയപ്പോൾ എല്ലാവരും കള്ളൻമാരാണെന്ന വിമര്‍ശനമാണ് സമൂഹത്തിൽ നിന്ന് പൊതുവെ ഉണ്ടായത്. അതിനെ മറികടക്കേണ്ടതുണ്ടായിരുന്നു. സിബിഐ വരുന്നതിൽ ഒരു ഭയവും ഇല്ല, കാസര്‍കോട് രണ്ട് ചെറുപ്പക്കാര്‍ കൊല്ലപ്പെട്ടപ്പോൾ ലക്ഷങ്ങൾ മുടക്കി സിബിഐ അന്വേഷണത്തെ എതിര്‍ത്തത് പിണറായി വിജയൻ സര്‍ക്കാറാണ്. സോളാറിൽ സിബിഐ വന്നാൽ ഒരു കോടതിയെയും സമീപിക്കാൻ ഉദ്ദേശിക്കുന്നില്ല. അന്വേഷണം നടക്കട്ടെ എന്നാണ് അന്നും ഇന്നും പറയാനുള്ളത്. 

'സമിതി പോസിറ്റീവായ കാര്യം'

തെരഞ്ഞെടുപ്പ് നടത്തിപ്പിനായി ഒരു കമ്മിറ്റിയെ കോൺഗ്രസ് നിയമിക്കുന്നത് ആദ്യമായാണ്. കൂട്ടായ നേതൃത്വത്തിന് അപ്പുറം ഒരു രാഷ്ട്രീയ പ്രാധാന്യം അതിന് നൽകേണ്ടതില്ല. പുതിയ കമ്മിറ്റി അധ്യക്ഷ സ്ഥാനവും സോളാര്‍ കേസിൽ സിബിഐ അന്വേഷണവും തമ്മിൽ ബന്ധമുണ്ടെന്ന് കരുതുന്നില്ല.