കോട്ടയം: കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം സംബന്ധിച്ച കേരളാ കോണ്‍ഗ്രസിലെ തര്‍ക്കത്തില്‍ നിലപാട് ആവര്‍ത്തിച്ച് ഉമ്മൻചാണ്ടി. ജോസ് പക്ഷത്തിന്റെ രാജി നീളുന്നതിൽ യോജിപ്പില്ല. ഇരുവിഭാഗവും ചില ഉപാധികൾ മുന്നോട്ട് വച്ചെങ്കിലും ഉടൻ അംഗീകരിക്കാൻ സാധിക്കില്ല. കോൺഗ്രസ് മാത്രം വിചാരിച്ചാൽ തർക്കത്തിന് പരിഹാരമാവില്ലെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേര്‍ത്തു. 

ജില്ലാ പ‍ഞ്ചായത്ത് പ്രസിഡന്‍റ് ്സ്ഥാനം കൈമാറാനുള്ള യുഡിഎഫ് നിര്‍ദ്ദേശം പാലിക്കാതെ ജോസ് കെ മാണി വിഭാഗത്തിന് യുഡിഫില്‍ തുടരാനാകില്ലെന്ന് പിജെ ജോസഫ് പ്രതികരിച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനി തീരുമാനം എടുക്കേണ്ടത് യുഡിഎഫാണ്. താന്‍ ഇടതു മുന്നണിയിലേക്ക് പോകുമെന്നത് ജോസ് വിഭാഗത്തിന്‍റെ വ്യാജ പ്രചരണമാണെന്നും പിജെ ജോസഫ്  നേരത്തെ പ്രതികരിച്ചിട്ടുണ്ട്. 

പഞ്ചായത്ത്-നിയമസഭ തെരഞ്ഞെടുപ്പിലെ സീറ്റുകളുടെ കാര്യത്തില്‍ ഇപ്പോഴേ ധാരണ വേണമെന്ന ആവശ്യമാണ് ജോസ് പക്ഷം മുന്നോട്ട് വെക്കുന്നത്. സീറ്റ് വിഭജനത്തില്‍ ധാരണയിലെത്തായാല്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി ഒഴിയാമെന്നാണ് ജോസ് വിഭാഗം യുഡിഎഫിനെ അറിയിച്ചത്. എന്നാല്‍ സീറ്റുകള്‍ പങ്കുവെക്കുന്ന ചര്‍ച്ച പറ്റില്ലെന്ന നിലപാടിലാണ് ജോസഫ്. കോണ്‍ഗ്രസ് നേതാക്കളുടെ സാന്നിധ്യത്തിലാണ് കോട്ടയം ജില്ലാ പഞ്ചായത്തില്‍ നേരത്തെ ധാരണ ഉണ്ടാക്കിയത്. അതുകൊണ്ടാണ് യുഡിഎഫ് ജോസ് വിഭാഗത്തോട് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പദവി രാജിവയ്ക്കാൻ ആവശ്യപ്പെട്ടത്. തെരഞ്ഞെടുപ്പുകള്‍ വരാനിരിക്കെ  കേരളാ കോണ്‍ഗ്രസിലെ ഏതെങ്കിലും ഒരു വിഭാഗം മുന്നണി വിട്ടാല്‍ ക്ഷീണമാകും എന്ന വിലയിരുത്തലിലാണ് യുഡിഎഫ്. അതിനാല്‍ രണ്ട് വിഭാഗത്തെയും ഒന്നിച്ച് കൊണ്ടുപോകാനാണ് യുഡിഎഫും കോൺഗ്രസും ശ്രമിക്കുന്നത്.