തിരുവനന്തപുരം: പ്രതിപക്ഷ നേതാവായി വി ഡി സതീശനെ തെരഞ്ഞെടുത്തത് എല്ലാ നേതാക്കളുമായി ആലോചിച്ചെന്ന് ഉമ്മന്‍ ചാണ്ടി. എല്ലാവരേയും സതീശൻ ഒരുമിച്ച് കൊണ്ടുപോകും. പ്രതിപക്ഷ നേതൃസ്ഥാനത്തേക്ക്  പല പേരുകൾ വന്നത് ജനാധിപത്യ വ്യവസ്ഥയായത് കൊണ്ടാണ്. അതിന്‍റെ അടിസ്ഥാനത്തിലാണ് താനുൾപ്പടെ പേരുകൾ നിർദേശിച്ചത്. പ്രതിപക്ഷ നേതാവായി എല്ലാവരും സതീശനെ അംഗീകരിച്ച് കഴിഞ്ഞെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. 

നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് ഒടുവില്‍ പതിനഞ്ചാം കേരള നിയമസഭയിൽ രമേശ് ചെന്നിത്തലയ്ക്ക് പകരം വി ഡി സതീശനെ പ്രതിപക്ഷനേതാവായി തെരഞ്ഞെടുത്തതായി ഇന്നലെയാണ് ഹൈക്കമാൻഡ് പ്രഖ്യാപനം ഉണ്ടായത്. ഹൈക്കമാൻഡ് പ്രതിനിധിയായ മല്ലികാർജുൻ ഖാർഗെയാണ് ഇക്കാര്യം സംസ്ഥാനഘടകത്തെ അറിയിച്ചത്. 

പ്രതിപക്ഷ നേതാവായി തെരഞ്ഞെടുക്കപ്പെട്ട വിഡി സതീശൻ ഇന്ന് തലസ്ഥാനത്തെത്തും. എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കെപിസി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രൻ, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല എന്നിവരുമായി കൂടിക്കാഴ്ച നടത്തും. നാളെ നിയമസഭ സമ്മേളനം തുടങ്ങുന്ന സാഹചര്യത്തിൽ തിരുവനന്തപുരത്ത് തന്നെ തുടരും.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona