പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തടയുക, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക മുതലായ ലക്ഷ്യങ്ങളോടെയാണ് കേരളാ പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് -3 രൂപീകരിച്ചത്.

തിരുവനന്തപുരം: കുട്ടികളുടെ നഗ്നദൃശ്യങ്ങൾ നവമാധ്യമങ്ങൾ വഴി പ്രചരിപ്പിച്ച കേസില്‍ ഒരാള്‍ കൂടി പിടിയില്‍. മലപ്പുറം കോഡൂര്‍ സ്വദേശി മാടശ്ശേരി സാദിഖ് അലി (30 വയസ്സ്) ആണ് അറസ്റ്റിലായത്. ഇതോടെ കേരള പൊലീസിന്‍റെ ഓപ്പറേഷന്‍ പി ഹണ്ട്-3 യുടെ ഭാഗമായി 13 പേരാണ് പിടിയിലായിരിക്കുന്നത്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും തടയുക, കുട്ടികള്‍ക്കെതിരെയുള്ള ലൈംഗികാതിക്രമങ്ങള്‍ തടയുക മുതലായ ലക്ഷ്യങ്ങളോടെയാണ് കേരളാ പൊലീസ് ഓപ്പറേഷന്‍ പി ഹണ്ട് -3 രൂപീകരിച്ചത്.

ഇന്നലെ എ‍ഡിജിപി മനോജ് എബ്രഹാമിന്‍റെ നേതൃത്വത്തില്‍ നടന്ന റെയ്ഡില്‍ 12 പേരെയായിരുന്നു അറസ്റ്റ് ചെയ്തിരുന്നത്. ആലംബം , അധോലോകം, നീലക്കുറിഞ്ഞി എന്നീ ഗ്രൂപ്പുകൾ വഴിയാണ് കുട്ടികളുടെ ദൃശ്യങ്ങൾ പ്രചരിപ്പിച്ചിരുന്നത്. പതിനെട്ട് വയസ്സിന് താഴെയുള്ള കുട്ടികളുടെ അശ്ലീല വീഡിയോകള്‍ പ്രചരിക്കുന്നത് തടയുന്നതിനായാണ് സൈബര്‍ഡോം ഓപ്പറേഷൻ പി ഹണ്ട് ആരംഭിച്ചത്. ഓപ്പറേഷന്റെ ഭാഗമായി ഈ വർഷം ആദ്യം നടന്ന റെയ്ഡിലും 12 പേർ പിടിയിലായിരുന്നു.

നഗ്നചിത്രങ്ങൾ തുടർച്ചയായി നവ മാധ്യമങ്ങളിൽ അപ്‍ലോഡ് ചെയ്ത 12 പേരാണ് പിടിയിലായത്. ഇന്‍റർപോളിന്‍റെ മുന്നറിയിപ്പിനെ തുടർന്ന് നടത്തിയ റെയ്‍ഡിൽ 16 കേസുകൾ രജിസ്റ്റർ ചെയ്യുകയും ഉണ്ടായി. നവമാധ്യമങ്ങളിൽ പേജുകളും വാട്സ് ആപ്പ്, ടെലഗ്രാം അക്കൗണ്ടുകളും ഉണ്ടാക്കിയാണ് പിടിയിലായവർ കുട്ടികൾക്കെതിരായ അതിക്രമം നടത്തുന്നത്. സംസ്ഥാന വ്യാപകമായി 'ഓപ്പറേഷന്‍ പി ഹണ്ടി'ന്‍റെ പരിശോധന തുടരുകയാണ്. കുട്ടികളുടെ നഗ്ന ഫോട്ടോയും വീഡിയോയും പ്രചരിപ്പിക്കുന്ന സൈറ്റുകളിലും പരിശോധന നടത്തുന്നുണ്ട്.