തിരുവനന്തപുരം: കേരളത്തില്‍ പരിശോധന ശക്തമായതോടെ പഴകിയ മത്സ്യം കടല്‍മാർഗം എത്തിക്കാന്‍ ശ്രമിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടതായും ശക്തമായ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. അരലക്ഷത്തോളം കിലോ പഴകിയ മത്സ്യമാണ് ഒരാഴ്ചയ്ക്കിടെ പിടികൂടിയത് എന്നും വാർത്താസമ്മേളനത്തില്‍ മുഖ്യമന്ത്രി അറിയിച്ചു. 

കഴിഞ്ഞ ശനിയാഴ്ച ആരംഭിച്ച ഓപ്പറേഷന്‍ സാഗര്‍ റാണിയില്‍ അന്ന് 165 പരിശോധനകളിലൂടെ 2,865  കിലോഗ്രാം മത്സ്യവും തിങ്കളാഴ്ച 187 പരിശോധനകളിലൂടെ 15,641 കിലോഗ്രാം മത്സ്യവും ചൊവ്വാഴ്ച 17,018 കിലോഗ്രാം മത്സ്യവും പിടിച്ചെടുത്തിരുന്നു. ഇതോടെ ഓപ്പറേഷന്‍ സാഗര്‍ റാണിയിലൂടെ ഈ സീസണില്‍ 43,081 കിലോഗ്രാം മത്സ്യമാണ് പിടികൂടിയത്.

ഇന്ന് 12 പേർക്ക് രോഗം സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 12 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി അറിയിച്ചു. കണ്ണൂർ 4, കാസർഗേഡ് 4, മലപ്പുറം 2, കൊല്ലം 1, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സ്ഥിരീകരിച്ചത്. ഇതില്‍ 11 പേർക്കും സമ്പർക്കം മൂലമാണ് രോഗബാധയുണ്ടായത്. അതേസമയം 13 പേരുടെ റിസല്‍റ്റ് കൂടി നെഗറ്റീവായി. 258 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

കൊവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്‍ ആയവർ ഉള്‍പ്പടെ എട്ട് വിദേശികളെ പൂർണ ആരോഗ്യത്തിലെത്തിക്കാനായതായി മുഖ്യമന്ത്രി അറിയിച്ചു. 83 വയസുവരെ പ്രായമുള്ളവർ രോഗം ഭേദമായവരിലുണ്ട്. മാർച്ച് 13ന് വർക്കലയിലാണ് ഒരു വിദേശിക്ക് സംസ്ഥാനത്ത് ആദ്യമായി കൊവിഡ് സ്ഥിരീകരിച്ചത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക