സ്റ്റാർട്ട്അപ്പ് രംഗത്ത് സംസ്ഥാന സർക്കാരിൻ്റെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് പണം നൽകി തയ്യാറാക്കിയതാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ
തിരുവനന്തപുരം: സംസ്ഥാനത്തിന്റെ സ്റ്റാർട്ടപ് രംഗത്തെ നേട്ടം സംബന്ധിച്ച റിപ്പോർട്ട് തയ്യാറാക്കിയത് പണം കൊടുത്താണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സ്റ്റാർട്ടപ് നേട്ടത്തെക്കുറിച്ച് സ്റ്റാർട്ടപ് ജെനോം എന്ന കമ്പനിക്ക് പണം കൊടുത്ത് റിപ്പോർട്ട് തയ്യാറാക്കിയെന്നാണ് ആരോപണം. 48000 യു.എസ് ഡോളർ സ്റ്റാർട്ടപ് ജെനോം കമ്പനിക്ക് സംസ്ഥാന സർക്കാർ നൽകിയെന്നും അദ്ദേഹം വിമർശിച്ചു.
2019-2021- കോവിഡ് കാലവുമായി താരതമ്യം ചെയ്ത് ഊതിപ്പെരുപ്പിച്ച കണക്കാണ് സംസ്ഥാനം ഉണ്ടാക്കിയത്. 2021 മുതൽ 2024 വരെ സർക്കാർ റിപ്പോർട്ട് തയ്യാറാക്കൻ പണം കൊടുത്തു. രാജ്യത്ത് മോദി സർക്കാർ ഫാസിസ്റ്റ് വിരുദ്ധരെന്ന് വാദിക്കുന്ന ബിജെപി ഇതര പാർട്ടി സിപിഎം മാത്രമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൊഴിലാളികൾ സമരം ചെയ്യുമ്പോൾ അവരോട് മാന്യമായി പെരുമാറാൻ എങ്കിലും പഠിക്കേണ്ടേയെന്ന് ചോദിച്ച അദ്ദേഹം ആശ വർക്കേർസിൻ്റെ സമരത്തിൽ സർക്കാർ എന്തൊരു അഹങ്കാരമാണ് കാണിക്കുന്നതെന്നും ചോദിച്ചു.
രാഹുൽഗാന്ധിയും കോൺഗ്രസും എവിടെയാണ് ബി.ജെ.പിയുമായി വിട്ടുവീഴ്ച ചെയ്തതെന്ന് ചോദിച്ച അദ്ദേഹം പാർലമെൻ്റ് തിരഞ്ഞടുപ്പിന് ശേഷം മുഖ്യമന്ത്രിക്ക് ബി ജെ പി അനുകൂല നിലപാടാണെന്നും വിമർശിച്ചു. ലീഗ് വിരുദ്ധ പരാമർശമാണ് പാർലമെൻ്റ് തെരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്. സംസ്ഥാനത്ത് ഭരണത്തുടർച്ചയുണ്ടാകുമെന്ന സർവേ ഫലം തട്ടിപ്പാണ്. അതിൽ എഐസിസി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

