ഹാൾ മോടിപിടിപ്പിച്ചത് ആണ് ധൂർത്ത് എന്ന് പറഞ്ഞത്. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയോ താമസം നല്കുന്നതിനെയോ ധൂർത്ത് എന്ന് പറഞ്ഞിട്ടില്ലെന്നും വിഡി സതീശൻ
തിരുവനന്തപുരം: തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിൽ ഭരണസ്തംഭനം ആരോപിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പദ്ധതികൾക്ക് അംഗീകാരം നൽകുന്നില്ല. സംസ്ഥാനത്ത് ശ്രീലങ്കയ്ക്ക് സമാനമായ സാമ്പത്തിക പ്രതിസന്ധിയാണ്. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവള പത്രം ഇറക്കണം. എം എ യൂസഫലിയുടെ പരാമർശം ദൗർഭാഗ്യകരം. രാഷ്ട്രീയകാരണങ്ങളാലാണ് യുഡിഎഫ് ലോക കേരള സഭയിൽ നിന്ന് വിട്ടുനിൽക്കുന്നത്. ഇത് അദ്ദേഹത്തെ അറിയിച്ചിരുന്നു. ഇതറിഞ്ഞുകൊണ്ട് തെറ്റായ പ്രസ്താവന നടത്തിയത് ദൗർഭാഗ്യകരമാണ്.
ഹാൾ 16 കോടി രൂപ മുടക്കി മോടിപിടിപ്പിച്ചത് ആണ് ധൂർത്ത് എന്ന് പറഞ്ഞത്. പ്രവാസികൾക്ക് ഭക്ഷണം കൊടുക്കുന്നതിനെയോ താമസം നല്കുന്നതിനെയോ ധൂർത്ത് എന്ന് പറഞ്ഞിട്ടില്ല. ഇവിടെ എത്തിയ ഞങ്ങളുടെ പ്രതിനിധികളോട് ലോക കേരള സഭയിൽ പങ്കെടുക്കാനാണ് ആവശ്യപ്പെട്ടത്. ഇക്കാര്യങ്ങൾ അദ്ദേഹത്തോട് നേരിട്ട് പറഞ്ഞിരുന്നു. ഭക്ഷണത്തിന്റെയും താമസത്തിന്റെയും കാര്യമായി ഇത് വ്യാഖ്യാനിച്ചത് തീരെ ശരിയായില്ല. പ്രതിപക്ഷവിമർശനങ്ങളെ ട്വിസ്റ്റ് ചെയ്യുന്നത് സിപിഎമ്മാണ്.
'മോദിയുടെ തൃപ്തിക്ക് പാക്കേജ് പ്രഖ്യാപിച്ചയാൾ'; യൂസഫലിയെ വിമർശിച്ച് കെഎം ഷാജി
കോഴിക്കോട്: പ്രവാസി വ്യവസായ പ്രമുഖൻ എം എ യൂസഫലിയെ വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെഎം ഷാജി. യോഗിയുടെ നാട്ടിൽ ബിസിനസ് വളർത്തുകയാണ് ലക്ഷ്യം, മോദിയെ തൃപ്തിപ്പെടുത്താൻ പാക്കേജ് പ്രഖ്യാപിച്ചയാളാണ്, ലീഗിനെ വിലക്ക് വാങ്ങാൻ ശ്രമിക്കേണ്ടന്നുമാണ് ഷാജി പറഞ്ഞതദ്. എം എ യൂസഫലിയുടെ പേര് പറയാതെയാണ് കെ എം ഷാജിയുടെ വിമർശനം. ലോക കേരള സഭയിൽ യൂസഫലി പ്രതിപക്ഷത്തെ വിമർശിച്ചതിനുള്ള മറുപടിയാണ് ഷാജിയുടേതെന്നാണ് വിലയിരുത്തൽ.
'യോഗിയെ നിങ്ങൾക്ക് തൃപ്തിപ്പെടുത്തണം, കാരണം അവിടെ ബിസിനസ് വേണം. മോദിയെ നിങ്ങൾക്ക് തിരുമ്മിക്കൊടുക്കണം കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വളർത്തണം. ചങ്ങായിയെ നിങ്ങൾക്ക് സ്തുതിപറയണം. കാരണം അവിടെയും നിങ്ങൾക്ക് ബിസിനസ് വേണം. ആയിക്കോ, തിരുമ്മിക്കൊ ബിസിനസുകാർക്ക് പലതും വേണ്ടിവരും. പക്ഷെ ലീഗിനെ വിലക്ക് വാങ്ങാൻ വന്നാൽ വിവരമറിയും. ഏത് വലിയ സുൽത്താനായാലും വിവരമറിയും. ഇത് ഇന്ത്യൻ യൂണിയൻ മുസ്ലിം ലീഗാണ്. പാവപ്പെട്ടവന്റെ കൈയ്യിലെ നക്കാപ്പിച്ചയിൽ നിന്ന് വളർത്തിയെടുത്ത അന്തസേ ലീഗിനുള്ളൂ. അതിനപ്പുറത്തേക്ക് ഒരു മൊതലാളിയുടെ ഒത്താശയും ഇതിനില്ല. നിങ്ങൾ എന്ത് ചെയ്താലും പറയും. കാരണം നിങ്ങളുടെ ഒരു നക്കാപ്പിച്ചയും വാങ്ങി ജീവിക്കാത്തിടത്തോളം പറയുക തന്നെ ചെയ്യും. മുസ്ലിം ലീഗെന്ന രാഷ്ട്രീയ പാർട്ടിയെ വെല്ലുവിളിക്കാൻ നിങ്ങളാര്? ഞങ്ങളുടെ നേതാക്കൾ എവിടെ പോകണം എവിടെ പോകണ്ട എന്ന് തീരുമാനിക്കാൻ ഞങ്ങൾക്ക് നല്ല വ്യവസ്ഥയുണ്ട്. അത് മുതലാളിമാരുടെ വീട്ടിൽ പോയി ചീട്ട് വാങ്ങിയട്ടല്ല പോവുകയും പങ്കെടുക്കുകയും ചെയ്യുന്നത്'- എന്നാണ് കെഎം ഷാജി പറഞ്ഞത്. എന്നാൽ എം എ യൂസഫലിയുടെ പേര് ഒരിടത്തും പരാമർശിച്ചിരുന്നില്ല.
