ആളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല എം മാധവൻ അനുസ്മരണം എന്ന് ഐ.എൻ.ടി.യു.സിയുടെ തൃശ്ശൂർ ജില്ല അധ്യക്ഷൻ.

തൃശൂർ: തൃശൂരിൽ ഐ.എൻ.ടി.യുസിയുടെ ജനറൽ കൗൺസിൽ യോഗത്തിൽ നിന്ന് വിട്ടുനിന്നു പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. തന്നെ ക്ഷണിച്ചില്ലെന്ന തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്‍റെ പരാതിക്ക് പിന്നാലെയാണ് ജില്ലയിലുണ്ടായിട്ടും പ്രതിപക്ഷ നേതാവ് പരിപാടിയിൽ പങ്കെടുക്കാതിരുന്നത്. സമ്മേളന നഗരിയിലേയ്ക്കുള്ള യാത്രാമധ്യേ സതീശൻ തിരികെ മടങ്ങുകയായിരുന്നു. ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ആർ. ചന്ദ്രശേഖർ അധ്യക്ഷത വഹിക്കുന്ന ചടങ്ങിലാണ് സതീശൻ പങ്കെടുക്കാതെ തിരികെ പോയത്. ഇത് ഐ.എൻ.ടി.യു.സിയുടെ പരിപാടിയാണ്, മറ്റാളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല. നാട്ടിലെ ഒരുപാട് ആളുകളെ വേദിയിലിരുത്തി മാലയിട്ട് സ്വീകരിക്കാൻ സൗകര്യമില്ലെന്നും ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് സുന്ദരൻ കുന്നത്തുള്ളി തുറന്നടിച്ചു.

തൃശ്ശൂർ ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റിന്റെ പരാതിയെ തുടർന്നാണ് ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ചുമട്ടുതൊഴിലാളി യൂണിയന്റെ ജില്ലാ ജനറൽ കൗൺസിലും എം മാധവൻ അനുസ്മരണ പരിപാടിയിലും പങ്കെടുക്കാതെയാണ് തൃശ്ശൂരിലെത്തിയ പ്രതിപക്ഷ നേതാവ് മടങ്ങിയത്. തുടർന്നാണ് ഐ.എൻ.ടി.യു.സി ജില്ലാ അധ്യക്ഷനും, സംസ്ഥാന അധ്യക്ഷനും ഡിസിസി അധ്യക്ഷന് എതിരെ അതിരൂക്ഷ വിമർശനം ഉയർത്തിയത്. ആളുകളെ കോലംകെട്ടി കൊണ്ടിരുത്തി കാണിക്കേണ്ട പരിപാടിയല്ല എം മാധവൻ അനുസ്മരണം എന്ന് ഐ.എൻ.ടി.യു.സിയുടെ തൃശ്ശൂർ ജില്ല അധ്യക്ഷൻ സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു. നാട്ടിലെ ഒരുപാട് ആളുകളെ വേദിയിലിരുത്തി മാലയിട്ട് സ്വീകരിക്കാൻ സൗകര്യമില്ല എന്നും കുന്നത്തുള്ളി ആഞ്ഞടിച്ചു. കോൺഗ്രസിന്റെ പരിപാടിയിൽ ഞങ്ങളെയൊക്കെ സദസ്സിലാണ് ഇരുത്തിയതെന്നും ടാജറ്റിനെ കുന്നത്തുള്ളി ഓർമിപ്പിച്ചു . വിഡി സതീശന് തൃശൂരിൽ 11 മണിക്ക് ഐ.എൻ.ടി.യു.സിയുടെ പരിപാടി മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം രണ്ടുമണിക്ക് ശേഷമാണ് കൊടുങ്ങല്ലൂരിലെ പരിപാടി ഉണ്ടായിരുന്നത്.

ഐ.എൻ.ടി.യു.സി ജില്ലാ കമ്മിറ്റി ഓഫീസിൽ ഞങ്ങൾ അദ്ദേഹത്തെ കാത്തിരിക്കുകയായിരുന്നു. എന്നാൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടിനെ അറിയിച്ചില്ലെന്ന് പരാതി പറഞ്ഞ് ഫോൺകോൾ വന്നു, അതിന് പിന്നാലെയാണ് സതീശൻ പാതി വഴിയിൽ തിരിച്ച് പോയതെന്ന് സുന്ദരൻ കുന്നത്തുള്ളി കുറ്റപ്പെടുത്തി. ഇവിടെ ഇരിക്കുന്നത് ചുമട്ട് തൊഴിലാളികളാണ്. ഓട്ടോറിക്ഷക്കാരുടെ പരിപാടി ഓട്ടോറിക്ഷക്കാർ മാത്രമായി നടക്കുന്ന പരിപാടിയാണ്. ഇതാണ് സംഘടന രീതിയെന്നും അദ്ദേഹം പറഞ്ഞു.

ഐ.എൻ.ടി.യു.സിയുടെ പരിപാടിയിൽ വരാൻ തയ്യാറായതിന് സതീശന് നന്ദി. സതീശന് കൈയ്യടി കൊടുക്കാൻ സദസ്സിനോട് ആവശ്യപ്പെടുന്നു. കോൺഗ്രസിന്റെ ഏറ്റവും വലിയ പരിപാടി നേരത്തെ ഇതേ ടൗൺഹാളിൽ നടന്നു. അന്ന് തനിക്കും മുൻ ഡിസിസി അധ്യക്ഷനായ ജോസ് വള്ളൂരിനും ടി.എൻ പ്രതാപനും ഒന്നും വേദിയിലിരിക്കാൻ സീറ്റ് കിട്ടിയില്ല. അന്ന് ഞങ്ങളെല്ലാവരും താഴെയിരുന്നു. ഇവിടെ ഇരിക്കുന്നു എന്നുള്ളതാണ് ഞങ്ങളുടെ സംഘടന മഹത്വം. ഇതെല്ലാം പറഞ്ഞത് കൊണ്ട് എന്റെ സംഘടനാ പദവികൾ തെറിക്കുമായിരിക്കും. അങ്ങനെ തുമ്മിയാൽ തെറിക്കുന്ന മൂക്ക് തെറിക്കട്ടെയെന്നും സുന്ദരൻ കുന്നത്തുള്ളി പറഞ്ഞു.

ഞാനീ പറയുന്നത് കണ്ട് കേട്ടിട്ടെങ്കിലും അവർ നന്നാവട്ടെ എന്ന് പറയാൻ ആഗ്രഹിക്കുന്നു, നമ്മുടെ പരാതികൾ കേൾക്കുന്നത് മുടക്കുന്നവർ ഈ പദവിയിലിരിക്കുന്നത് പാർട്ടിക്ക് എത്ര ഗുണം ചെയ്യുമെന്നും കുന്നത്തുള്ളി ചോദിച്ചു. പരിപാടിക്ക് എത്തുന്നത് മുടക്കുന്നവർ പാർട്ടിയിൽ ഇരിക്കുന്നത് നല്ലതല്ലെന്നായിരുന്നു ആർ ചന്ദ്രശേഖരന്റെ വിമർശനം. കുറച്ചുനാളായി തുടരുന്ന കോൺഗ്രസ് ഐ.എൻ.ടി.യു.സി പോര് ഇന്നത്തെ സംഭവത്തോടെ മറനീക്കിയാണ് പുറത്തുവന്നത്.