വീട് മാറിപ്പോയ സിപിഎം നേതാവും ഭാര്യയും, കുറ്റൂരിലെ സ്ഥിരതാമസക്കാരായ കോൺഗ്രസ്സ് പ്രവർത്തകനും അമ്മയും ഹരിശ്രീ ബൂത്തിൽ കള്ളവോട്ട് ചെയ്തുവെന്നാണ് ആരോപണം.
തൃശൂർ: കോൺഗ്രസിനും സിപിഎമ്മിനും എതിരെ കള്ളവോട്ട് ആരോപണവുമായി ബിജെപി മുൻ ജില്ലാ അധ്യക്ഷനും സംസ്ഥാന വൈസ് പ്രസിഡന്‍റുമായ കെ.കെ അനീഷ് കുമാർ. സിപിഎമ്മും കോൺഗ്രസ്സും ആരോപണം ഉന്നയിച്ച അതേ പൂങ്കുന്നത്ത് അവരും കള്ളവോട്ട് ചേർത്തിട്ടുണ്ട്. തൃശ്ശൂരിൽ കള്ളവോട്ട് ചെയ്തത് സിപിഎമ്മും കോൺഗ്രസ്സുമാണെന്നും വടക്കാഞ്ചേരി കുറ്റൂരിലെ സ്ഥിര താമസക്കാരായ കോൺഗ്രസ്സ് പ്രവർത്തകൻ അഭിജിത്തും, അദ്ദേഹത്തിന്‍റെ അമ്മ അമ്പിളിയും കള്ളവോട്ട് ചെയ്തിട്ടുണ്ടെന്നും കെ.കെ അനീഷ് കുമാർ ആരോപിച്ചു. ഇത് സംബന്ധിച്ച രേഖകളും അദ്ദേഹം പുറത്തുവിട്ടു.
തൃശൂർ ലോക്സഭാ മണ്ഡലത്തിൽ 1275 ബൂത്തുകളാണ് ഉള്ളത്. ഇതിൽ ഒരു ബൂത്തിലാണ് കള്ളവോട്ട് ആരോപണം വന്നിട്ടുള്ളത്. സിപിഎമ്മും കോൺഗ്രസും ആരോപണം ഉന്നയിച്ച അതേ ബൂത്തിൽ കള്ളവോട്ട് ചേർക്കുക മാത്രമല്ല, സിപിഎമ്മും കോൺഗ്രസും കള്ളവോട്ട് ചെയ്യിക്കുകയും ചെയ്തു. പൂങ്കുന്നത്തെ കൗൺസിലർ ആതിര ഇപ്പോൾ താമസിക്കുന്ന14/483 നമ്പർ വീട്ടിൽ മറ്റൊരാൾ വോട്ട് ചെയ്തു. വീട്ടുടമ ബാലസുബ്രഹ്മണ്യൻ അറിയാതെ വ്യാജരേഖയുണ്ടാക്കി സിപിഎം നേതാവ് വേണുഗോപാലും, അദ്ദേഹത്തിന്‍റെ ഭാര്യ ലീന വേണുഗോപാലും അഡീഷണൽ പട്ടികയിൽ വോട്ട് ചേർക്കുകയും വോട്ടു ചെയ്യുകയും ചെയ്തു എന്ന് അനീഷ് ആരോപിച്ചു.
അഞ്ച് വർഷം മുമ്പ് ഇവിടെ നിന്നും താമസം മാറി പോയതാണ് ഇവർ. രണ്ട് പേരും തെരഞ്ഞെടുപ്പിൽ വന്ന് കള്ളവോട്ട് ചെയ്തു, വേണുഗോപാലിന്റെയും ഭാര്യയുടെയുംവോട്ട് ചേർത്തതും ചെയ്യിപ്പിച്ചതും ഡിവൈഎഫ്ഐ നേതാവ് അയ്യന്തോൾ കണ്ണനാണെന്നും അനീഷ് ആരോപിച്ചു. ഇതേ ഹരിശ്രീ ബൂത്തിൽ സ്വന്തം വീട്ടിൽ വീട്ടുനമ്പർ വെക്കാതെ . കോൺഗ്രസ്സ് നേതാവ് മിഥുൻ കള്ളവോട്ട് ചെയ്യിപ്പിച്ചുവെന്നും അനീഷ് പറയുന്നു. കോൺഗ്രസ്സ് പ്രവർത്തകൻ അഭിജിത്തും, അദ്ദേഹത്തിന്‍റെ അമ്മ അമ്പിളിയും ആണ് വോട്ട് ചെയ്തതെന്നും അനീഷ് ആരോപിച്ചു.



