Asianet News MalayalamAsianet News Malayalam

ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണം, ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമെന്ന് വിഡി സതീശൻ

അഗതികളും വിധവകളും ഭിന്നശേഷിക്കാരും വയോധികരും ഉള്‍പ്പെടെ 55 ലക്ഷം പേരാണ് ആഹാരം കഴിക്കാനോ മരുന്നു വാങ്ങാനോ നിവൃത്തിയില്ലാതെ പ്രയാസപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു.

opposition leader vd Satheesan criticises the LDF government on the government employee salary crisis vkv
Author
First Published Mar 2, 2024, 4:17 PM IST

കൊച്ചി: സംസ്ഥാനത്ത് സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പളം മുടങ്ങുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നും ധനസ്ഥിതി വ്യക്തമാക്കാന്‍ സര്‍ക്കാര്‍ ധവളപത്രം ഇറക്കണംമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരത്തിൽ ഗുരുതര ധന പ്രതിസന്ധി ഉണ്ടാകുമെന്ന യു.ഡി.എഫ് മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചു. ശമ്പളം പോലും മുടങ്ങുന്ന ഗുരുതരമായ ധനപ്രതിസന്ധിയിലേക്കാണ് സംസ്ഥാനം കൂപ്പുകുത്തിയിരിക്കുന്നത്. 2020 ലും 2023 ല്‍ യു.ഡി.എഫ് പുറത്തിറക്കിയ ധവളപത്രങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിരുന്നതാണ്. സര്‍ക്കാരിന്റെ തെറ്റായ രീതിയിലുള്ള ധനകാര്യ മാനേജ്‌മെന്റാണ് ഇതിനു കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

 കേരളം ഇതുവരെ കാണാത്ത ഗുരുതര ധനപ്രതിസന്ധിയിലേക്ക് കേരളം കൂപ്പുകുത്തുമ്പോള്‍ എല്ലാ സാമൂഹിക സുരക്ഷാ പദ്ധതികളും അവതാളത്തിലാണ്. സമൂഹിക സുരക്ഷാ പെന്‍ഷന്‍ മുടങ്ങിയിട്ട് ഏഴു മാസമായി. അഗതികളും വിധവകളും ഭിന്നശേഷിക്കാരും വയോധികരും ഉള്‍പ്പെടെ 55 ലക്ഷം പേരാണ് ആഹാരം കഴിക്കാനോ മരുന്നു വാങ്ങാനോ നിവൃത്തിയില്ലാതെ പ്രയാസപ്പെടുന്നത്. കെട്ടിട തൊഴിലാളി മുതല്‍ അംഗന്‍വാടി വരെയുള്ള എല്ലാ ക്ഷേമനിധികളും തകര്‍ന്നിരിക്കുകയാണ്. ധനസഹായം മുടങ്ങിയതിനെ തുടര്‍ന്ന് പട്ടികജാതി- വര്‍ഗ വിദ്യാര്‍ത്ഥികള്‍ പഠനം അവസാനിപ്പിക്കുകയാണ്. 

സാധാരണക്കാരും ഇടത്തരക്കാരും നേരിടുന്ന പ്രതിസന്ധിക്ക് പുറമെയാണ് ചരിത്രത്തില്‍ ആദ്യമായി സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം മുടങ്ങിയത്. പണം ഇല്ലെങ്കിലും സാങ്കേതിക തടസങ്ങളാണ് സര്‍ക്കാര്‍ പറയുന്നത്. ഒന്നേകാല്‍ ലക്ഷം ജീവനക്കാര്‍ക്കാണ് ഇന്നലെ ശമ്പളം മുടങ്ങിയത്. സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളപത്രം ഇറക്കാന്‍ സര്‍ക്കാര്‍ തയാറാകണം. സാധാരണക്കാര്‍ ജീവിക്കാന്‍ നിവൃത്തിയില്ലാതെ കഷ്ടപ്പെടുകയാണെന്ന് വിഡി സതീശൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 

കേന്ദ്രം നല്‍കാനുള്ളത് ഏത് തുകയാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. 3100 കോടിയാണ് സംസ്ഥാനത്തിന് ലഭിക്കാനുള്ളത്. 57800 കോടി ലഭിക്കാനുണ്ടെന്ന കള്ളക്കണക്ക് നിയമസഭയില്‍ പ്രതിപക്ഷം പൊളിച്ചതാണ്. ജി.എസ്.ടി കോമ്പന്‍സേഷനുള്ള രേഖകള്‍ കൊടുക്കാന്‍ വൈകിപ്പിച്ചത് സംസ്ഥാന സര്‍ക്കാരാണ്. സര്‍ക്കാരിന്റെ അഴിമതിയും കെടുകാര്യസ്ഥതയും ധൂര്‍ത്തുമാണ് ധനപ്രതിസന്ധിക്ക് കാരണമെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Read More : 23.28 ലക്ഷം കുട്ടികൾ, 23,471 ബൂത്തുകൾ, അരലക്ഷത്തോളം ആരോഗ്യ പ്രവര്‍ത്തകർ; പൾസ് പോളിയോ ഇമ്മ്യൂണൈസേഷൻ നാളെ

Latest Videos
Follow Us:
Download App:
  • android
  • ios