കളമശ്ശേരി കരിമാലൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ പ്രതിപക്ഷ നേതാവിന് തന്റെ കൈകൊണ്ട് എഴുതി ഉണ്ടാക്കിയ ന്യൂ ഇയർ കാർഡിലാണ് തനിക്കൊരു ഡയറി നൽകാമോ എന്ന് കുറിച്ചത്.
കൊച്ചി: അപ്രതീക്ഷിതമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വീട്ടിലെത്തിയതിന്‍റെ സന്തോഷത്തിലാണ് എറണാകുളം കരിമാലൂരിലെ 6 വയസുകാരൻ ആദിത്യനും കുടുംബവും. ഒരു ഡയറി വേണമെന്ന് ആവശ്യപ്പെട്ട് അയച്ച കത്തിന് മറുപടിയുമായാണ് ആദിത്യന്‍റെ വീട്ടിൽ പ്രതിപക്ഷ നേതാവ് എത്തിയത്. ആദിത്യനും സഹോദരിമാർക്കും ഡയറി സമ്മാനിച്ചാണ് പ്രതിപക്ഷനേതാവ് മടങ്ങിയത്.
കളമശ്ശേരി കരിമാലൂർ ഗവൺമെൻറ് എൽ പി സ്കൂളിലെ ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ ആദിത്യൻ പ്രതിപക്ഷ നേതാവിന് തന്റെ കൈകൊണ്ട് എഴുതി ഉണ്ടാക്കിയ ന്യൂ ഇയർ കാർഡിലാണ് തനിക്കൊരു ഡയറി നൽകാമോ എന്ന് കുറിച്ചത്. ''സർ, എനിക്ക് 2024-ലെ ഡയറി തരുമോ? സ്കൂളിൽ ഡയറി എഴുതാൻ പറഞ്ഞിട്ടുണ്ട് '' എന്നായരുന്നു ആദിത്യത്തിന്‍റെ കുറിപ്പ്. കത്ത് പോസ്റ്റൽ വഴി പ്രതിപക്ഷ നേതാവിന്റെ വീട്ടിലെത്തി. വിത്യാസ്ഥമായൊരു ആശംസാ കാർഡ് കണ്ടതോടെ ആദിത്യനുള്ള ഡയറിയുമായി വി ഡി സതീശൻ വീട്ടിലെത്തി.
എന്തായാലും ചെറുതെങ്കിലും തനിക്ക് കിട്ടിയ സമ്മാനം അമ്മൂമ്മയ്ക്കും ബന്ധുക്കൾക്കുമൊക്കെ കാണിച്ചു കൊടുക്കുകയാണ് ആദിത്യൻ. ഇനി സ്കൂളിലെത്തി ടീച്ചറോടും കൂട്ടൂകാരോടും ഗമയോടെ പറയും പ്രതിപക്ഷ നേതാവ് നേരിട്ടെത്തി നൽകിയ ഡയറിയിലാണ് എഴുതാൻ പോകുന്നതെന്ന്. അപ്രതീക്ഷിതമായാണ് വിഡി സതീശൻ അങ്കിൾ വന്നതെന്നും ഡയറി കിട്ടിയപ്പോൾ വളരെയധികം സന്തോഷമായെന്നും ആദിത്യൻ പറയുന്നു.
മകന്‍റെ നിർബന്ധത്തിന് വഴങ്ങി കത്ത് അയക്കുമ്പോള്‍ അച്ഛൻ ശ്രീരാജും കരുതിയിരുന്നില്ല ഇങ്ങനൊരു അതിഥി വീട്ടിലെത്തുമെന്ന്. നന്നായി പഠിക്കണമെന്ന് പറഞ്ഞ് ഡയറിയെഴുതാൻ പേനയും സമ്മാനിച്ചാണ് പ്രതിപക്ഷ നേതാവ് മടങ്ങിയത്. പതിവായി ഡയറിയെഴുതി ശീലമുള്ള ആദിത്യൻ ഡിസംബർ 7 എന്ന ദിവസത്തെയും സന്തോഷത്തോടെ ഡയറിയിൽ പകർത്തി. 'പ്രതിപക്ഷ നേതാവ് വി ഡി സതീശൻ സാർ വീട്ടിലെത്തി എനിക്കും ചേച്ചിക്കും കുഞ്ഞനും ഡയറി തന്നു. ഞങ്ങള്‍ക്ക് സന്തോഷമായി'.
