യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെ ആഞ്ഞടിച്ച് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു.

ഇടുക്കി: ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. രാജീവ് ചന്ദ്രശേഖർ രാഷ്ട്രീയം പഠിപ്പിക്കേണ്ടെന്നും ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാമെന്നും വി.ഡി സതീശൻ പറഞ്ഞു. യുഡിഎഫ് അധികാരത്തിലെത്തിയാൽ മുസ്ലീം ലീഗിന് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഡീൽ എന്ന രാജീവ് ചന്ദ്രശേഖറിൻ്റെ ആരോപണത്തിനെതിരെയാണ് പ്രതിപക്ഷ നേതാവ് തിരിച്ചടിച്ചത്.

രാജീവ് ചന്ദ്രശേഖർ സ്വന്തം പാർട്ടിയിലെ കാര്യം നോക്കട്ടെ. ഇങ്ങോട്ട് രാഷ്ട്രീയം പഠിപ്പിക്കാൻ വരേണ്ട. ഘടക കക്ഷികളുടെ കാര്യം നോക്കാൻ കോൺഗ്രസിന് അറിയാം. എന്താണ് രാജീവ് ചന്ദ്രശേഖറിൻ്റെ രാഷ്ട്രീയ പാരമ്പര്യം എന്ന് ചോദിച്ച അദ്ദേഹം കേരളത്തിലേക്ക് നൂലിൽ കെട്ടി ഇറക്കിയത് അല്ലേ എന്നും പരിഹസിച്ചു. അതേസമയം, സിപിഎം ശവം തീനികൾ ആണെന്ന് വി ഡി സതീശൻ ആവർത്തിച്ചു. വിഴിഞ്ഞം, ഗെയിൽ ഉൾപ്പെടെയുള്ള പദ്ധതികൾ തുടങ്ങിയത് യുഡിഎഫ് സർക്കാരാണ്. അഞ്ച് ലക്ഷം വീട് വെച്ചുകൊടുത്തത് 10 വർഷം കൊണ്ടാണ്. ഉമ്മൻചാണ്ടി സർക്കാർ 5 വർഷം കൊണ്ട് നാലര ലക്ഷത്തിലേറെ വീട് നൽകി. ഗെയിൽ പദ്ധതിയെ അന്നു എതിർത്തത് ഇന്നത്തെ വ്യവസായ മന്ത്രി പി രാജീവ് ആണെന്നും അദ്ദേഹം പറഞ്ഞു.

ബ്ലൗസ് കീറൽ പരാമർശത്തിൽ സി പി മാത്യുവിനെ തള്ളി വി ഡി സതീശൻ

ബ്ലൗസ് കീറൽ പരാമർശത്തിൽ ഇടുക്കി ഡിസിസി പ്രസിഡൻ്റ് സി പി മാത്യുവിനെ തള്ളി വി ഡി സതീശൻ. തെരഞ്ഞെടുപ്പ് കാലത്ത് പ്രതികരണം നടത്തുമ്പോൾ ശ്രദ്ധ വേണമെന്നും പ്രതികരണം പൊളിറ്റിക്കൽ ഇൻകറക്ട് ആണെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് ഇത്തരം പ്രതികരണങ്ങളെ അംഗികരിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് സ്ത്രീവിരുദ്ധ-വിവാദ പരാമർശവുമായി സി പി മാത്യു രം​ഗത്തെത്തിയത്. സമരത്തിനിടെ സ്വന്തം ബ്ലൗസ് വലിച്ചുകീറാൻ കഞ്ഞിക്കുഴി മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്‍റിന് നിർദേശം നൽകിയെന്നാണ് സി പി മാത്യു പറഞ്ഞത്. ഇടുക്കി സ്ഥാനാർത്ഥി റോയി കെ പൗലോസിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു സിപി മാത്യു. അടുത്ത് വന്നാൽ അപ്പൊ ബ്ലൗസ് കീറിക്കോണം, രാജേശ്വരി ആദിവാസിയാണല്ലോ, പിന്നെ വകുപ്പ് എന്നാന്ന് നമുക്കറിയാം എന്ന് നിർദേശം നൽകിയെന്നാണ് മാത്യു പറഞ്ഞത്.

Asianet News Live | Malayalam Live News | Kerala News Updates | Breaking News | HD News Streaming