ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയിൽ പ്രകോപിതനായ പിണറായി 'ഇടയ്ക്കിടയ്ക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചാൽ പോരാ, നാടിന്‍റെ പ്രശ്നം എന്താണെന്ന് മനസിലാക്കാൻ കഴിയണം'' എന്ന് തിരിച്ചടിച്ചിരുന്നു.
തിരുവനന്തപുരം: യുവാക്കളിലെ അക്രമവാസനയെ കുറിച്ചുള്ള അടിയന്തര പ്രമേയ ചർച്ചക്കിടെ പ്രമേയം അവതരിപ്പിച്ച രമേശ് ചെന്നിത്തലയുടെ 'മിസ്റ്റർ ചീഫ് മിനിസ്റ്റർ' എന്ന വിളിയിൽ പ്രകോപിതനായ പിണറായിക്കെതിരെ പ്രതിപക്ഷ നേതാവ്. അതൊന്നും ഓര്‍മ്മിപ്പിക്കരുത്. രമേശ് ചെന്നിത്തല മിസ്റ്റര്‍ മുഖ്യമന്ത്രി എന്നല്ലേ വിളിച്ചത്. അല്ലാതെ പണ്ട് മുഖ്യമന്ത്രി വിളിച്ചതു പോലെ എടോ ഗോപാലകൃഷ്ണാ എന്നല്ലല്ലോയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കഴിഞ്ഞ നാലു വര്‍ഷവും മുഖ്യമന്ത്രിയെ അപമാനിച്ച് ഒരു വാക്കും ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഞാന്‍ ഇരിക്കുന്ന ഈ സ്ഥാനത്ത് ഇരുന്നു കൊണ്ട് ഞങ്ങളുടെ മുഖ്യമന്ത്രിമാരായിരുന്നവരെ ഇവിടെ ഇരുന്നുകൊണ്ട് പറഞ്ഞതൊക്കെ മുഖ്യമന്ത്രിക്ക് അറിയാമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു.
ചെന്നിത്തലയുടെ മിസ്റ്റർ ചീഫ് മിനിസ്റ്റർ വിളിയിൽ പ്രകോപിതനായ പിണറായി 'ഇടയ്ക്കിടയ്ക്ക് മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്ന് പറഞ്ഞ് ചോദ്യം ചോദിച്ചാൽ പോരാ, നാടിന്‍റെ പ്രശ്നം എന്താണെന്ന് മനസിലാക്കാൻ കഴിയണം'' എന്ന് തിരിച്ചടിച്ചിരുന്നു. എന്നാൽ മിസ്റ്റർ ചീഫ് മിനിസ്റ്റർ എന്നത് അൺ പാർലമെന്‍ററി പദമല്ലെന്ന് ചെന്നിത്തല മറുപടി നൽകി. ഇതിന് പിന്നാലെയാണ് മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷനേതാവ് രംഗത്തെത്തിയത്.
നവകേരള സദസില്‍ തല അടിച്ചുപൊട്ടിച്ചവര്‍ക്കെതിരെ പൊലീസ് കേസെടുത്തപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് അത് രക്ഷാ പ്രവര്‍ത്തനമാണെന്നാണ്. വധശ്രമം നടത്തിയവര്‍ ചെയ്തത് രക്ഷാപ്രവര്‍ത്തനമാണെന്ന് മുഖ്യമന്ത്രി പറഞ്ഞാല്‍ അത് നല്‍കുന്ന സന്ദേശം എന്താണ്? അതുകൊണ്ടാണ് ഭരണത്തലവനായ മുഖ്യമന്ത്രിയില്‍ പ്രതിപക്ഷം സമ്മര്‍ദ്ദം ചെലുത്തുന്നത്. കേരളം വലിയ ഭീതിയിലും ഉത്കണഠയിലുമാണ്. ഒന്നിനു പുറകെ ഒന്നായി നടക്കുന്ന സംഭവങ്ങള്‍ എല്ലാവരെയും ഉത്കണ്ഠയിൽ ആഴ്ത്തിയിരിക്കുകയാണ്. രക്ഷിതാക്കള്‍ ഭീതിയിലാണ്. മാതാപിതാക്കള്‍ കുഞ്ഞുങ്ങളെ സംശയിക്കുകയാണ്. സമൂഹത്തില്‍ അക്രമങ്ങള്‍ വര്‍ധിച്ചു വരികയാണ്.
കേരളത്തില്‍ ലഹരി മരുന്ന് വ്യാപനം വര്‍ധിക്കുകയാണ്. ഒരുകാലത്തും ഇല്ലാത്ത നിലയില്‍ 15 മിനിട്ടിനകം ആര്‍ക്കു വേണമെങ്കിലും ഏത് തരത്തിലുള്ള ഡ്രഗ്‌സും കിട്ടും. കഞ്ചാവിന്റെ ഉപഭോഗം കുറയുന്നുവെന്നാണ് എക്‌സൈസ് മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത്. എന്നാല്‍ കഞ്ചാവിന്റെ ഉപഭോഗം കുറയുമ്പോള്‍ രാസലഹരിയുടെ ഉപയോഗം കൂടിക്കൊണ്ടിരിക്കുകയാണ്. ഇത്തരം മയക്കുമരുന്നുകള്‍ വലിയ അളവില്‍ കേരളത്തിലേക്ക് വരികയാണെന്ന യാഥാര്‍ത്ഥ്യം മനസിലാക്കണം.
ഈ വിഷയം മൂന്നാമത്തെ തവണയാണ് പ്രതിപക്ഷം നിയമസഭയില്‍ കൊണ്ടുവരുന്നത്. രണ്ടു തവണ ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ തയാറായി. ലഹരി ഇല്ലാതാക്കുന്നതിന് സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചാലും ഒപ്പമുണ്ടെന്ന ഉറപ്പാണ് പ്രതിപക്ഷം നല്‍കിയത്. എന്നാല്‍ ഈ വിഷയം വീണ്ടും കൊണ്ടുവരാനുള്ള സാഹചര്യം കേരളത്തിലുണ്ടായി. അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ പ്രഖ്യാപിച്ചാല്‍ മാത്രം മതിയോ? മൂന്നാമത്തെ തവണയും പ്രതിപക്ഷം പിന്തുണ പ്രഖ്യാപിക്കണോ? സര്‍ക്കാരിന് എന്തെങ്കിലും ആക്ഷന്‍ പ്ലാന്‍ വേണ്ടേ? എന്തെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് പ്ലാനുണ്ടോ? നിങ്ങളുടെ കയ്യില്‍ ഒന്നുമില്ല. പിന്നെ നമ്മള്‍ അങ്ങോട്ടും ഇങ്ങോട്ടും പിന്തുണ പ്രഖ്യാപിച്ച് പിരിഞ്ഞു പോയാല്‍ മതിയോ?- പ്രതിപക്ഷ നേതാവ് ചോദിക്കുന്നു. ലഹരി മാഫിയകള്‍ക്കെതിരെ സര്‍ക്കാര്‍ അതിശക്തമായ നടപടികള്‍ സ്വീകരിക്കണം. നടപടി സ്വീകരിക്കുന്നില്ല എന്നതാണ് ഞങ്ങളുടെ പരാതി. സ്വീകരിച്ചാല്‍ അതിന് പൂര്‍ണമായ പിന്തുണ നല്‍കുമെന്നും വിഡി സതീശൻ പറഞ്ഞു.
Read More : ‘മിസ്റ്റര്‍ ചീഫ് മിനിസ്റ്റര്‍’, ചെന്നിത്തലയുടെ പ്രസംഗത്തിനിടെ ക്ഷുഭിതനായി മുഖ്യമന്ത്രി; നിയമസഭയില്‍ വാക്പോര്
