സര്‍ക്കാര്‍ പദ്ധതികളിലാണ് സാമ്പത്തിക ഇടപാട് നടന്നതെന്നും ഇതിലെ ദുരൂഹത പാര്‍ട്ടി തന്നെ അവസാനിപ്പിക്കട്ടെയെന്നും വിഡി സതീശൻ പറഞ്ഞു

കൊച്ചി: സിപിഎമ്മിലെ കത്ത് ചോര്‍ച്ചാ വിവാദത്തിൽ ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കത്തിലുള്ളത് ഞെട്ടിക്കുന്ന വിവരങ്ങളാണെന്നും സിപിഎമ്മിന്‍റെ ആരും കാണാത്ത മുഖമാണ് പുറത്തുവന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ചെന്നൈ വ്യവസായി കൊടുത്ത കത്ത് കോടതിയിലെത്തിയതോടെ ഔദ്യോഗിക രേഖയായി മാറിയെന്നും ദുരൂഹമായ സാമ്പത്തിക ഇടപാടുകളെ കുറിച്ചാണ് കത്തിലുള്ളതെന്നും വിഡി സതീശൻ പറഞ്ഞു. ഈ കത്ത് എന്തുകൊണ്ടാണ് പാര്‍ട്ടി മൂടിവെച്ചതെന്ന് വ്യക്തമാക്കണം. കേരളത്തിലെ സിപിഎം നേതാക്കളുടെ അക്കൗണ്ടുകളിലേക്ക് പണം എത്തി എന്നാണ് മനസിലാക്കുന്നത്.

പാർട്ടി സെക്രട്ടറിയുടെ അടുത്ത ബന്ധു തന്നെ ഇടപാടുകളിൽ പങ്കാളിയാണ്. റിവേഴ്‌സ് ഹവാല ഇടപാടാണ് നടന്നത്. പോളിറ്റ് ബ്യൂറോക്ക് കൊടുത്ത കത്താണ് പുറത്തുവന്നത്. സര്‍ക്കാര്‍ പദ്ധതികളിലാണ് സാമ്പത്തിക ഇടപാട് നടന്നത്. ഇതിലെ ദുരൂഹത പാര്‍ട്ടി തന്നെ അവസാനിപ്പിക്കട്ടെ. കേരളത്തിൽ നിന്നുള്ള സിപിഎം നേതാക്കൾക്ക് ബന്ധമുള്ളത് കൊണ്ടാണ് ലോക കേരള സഭയിൽ പരാതിക്കാരൻ പങ്കെടുത്തത്. സത്യം പുറത്തു വരട്ടെയെന്നും വിഡി സതീശൻ പറഞ്ഞു.

'അജിത്കുമാര്‍ മുഖ്യമന്ത്രിയെ വഴിവിട്ട് സഹായിച്ച ഉദ്യോഗസ്ഥൻ'

എഡിജിപി അജിത്കുമാറിനെതിരായ വിജിലന്‍സ് കോടതി ഉത്തരവിലൂടെ മുഖ്യമന്ത്രി അന്വേഷണത്തിൽ ഇടപെട്ടുവെന്ന് വ്യക്തമാവുകയാണെന്നും വിഡി സതീശൻ പറഞ്ഞു. മുഖ്യമന്ത്രിയെ വഴിവിട്ട് സഹായിച്ച ഉദ്യോഗസ്ഥനാണ് എഡിജിപി അജിത്കുമാര്‍, അതുകൊണ്ടാണ് മുഖ്യമന്ത്രി തിരിച്ചും വഴിവിട്ട് സഹായിച്ചത്. ആര്‍എസ്എസ് വിംഗ് കേരളത്തിലെ പൊലീസിൽ ഉണ്ടെന്ന് ആനി രാജ നേരത്തെ പറഞ്ഞപ്പോഴും മുഖ്യമന്ത്രി എന്താണ് ചെയ്തതെന്നും വിഡി സതീശൻ ചോദിച്ചു.

YouTube video player