മുകേഷ് രാജിവെക്കണം, തീരുമാനമെടുക്കേണ്ട സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു: പ്രതിപക്ഷ നേതാവ്
കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: മുകേഷ് രാജിവെക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തീരുമാനമെടുക്കേണ്ടത് മുകേഷും സിപിഎമ്മുമാണ്. സിപിഎം ജനങ്ങളുടെ മുന്നിൽ പ്രതിക്കൂട്ടിൽ നിൽക്കുകയാണ്. നിരവധി ആരോപണങ്ങളാണ് മുകേഷിനെതിരെ ഉയർന്നിരിക്കുന്നത്. മുകേഷ് രാജിവെക്കേണ്ടെന്ന് താൻ പറഞ്ഞിട്ടില്ല. രാജിവെക്കുന്നതാണ് ഏറ്റവും ഉചിതമായ തീരുമാനം. മുകേഷിനെ സംരക്ഷിക്കുന്ന സിപിഎം എന്ത് സന്ദേശമാണ് ജനങ്ങൾക്ക് നൽകുന്നത്? സിനിമാ നയരൂപീകരണ സമിതി 2 മാസത്തിനകം റിപ്പോർട്ട് നൽകണമെന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. അവരോട് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് നയം രൂപീകരിക്കാനാണ് ആവശ്യപ്പെട്ടത്. മുകേഷ് അടക്കമുള്ള എട്ട് അംഗങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ട് വായിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എൽദോസ് കുന്നപ്പള്ളിക്കും വിൻസൻ്റിനുമെതിരെ പാർട്ടി നടപടിയെടുത്തിരുന്നു. കുന്നപ്പള്ളിക്ക് മുൻകൂർ ജാമ്യം അനുവദിച്ചുള്ള കോടതി വിധിയിൽ കാര്യങ്ങൾ വ്യക്തമായിരുന്നു. സോളാർ കേസിൽ സിബിഐക്ക് വിട്ടവരല്ലേ ഇവർ? ഉമ്മൻ ചാണ്ടി മുൻകൂർ ജാമ്യത്തിന് പോലും പോയില്ലല്ലോ. ഇവിടെ സ്ഥിതി വ്യത്യസ്തമാണ്. മുകേഷിനെതിരെ നിരവധി പേരാണ് പരാതിയുമായി രംഗത്ത് വരുന്നത്. കോൺഗ്രസുമായി ബന്ധപ്പെട്ടയാൾക്കെതിരെ ആരോപണം വന്നയുടൻ അദ്ദേഹത്തോടെ കെപിസിസി പ്രസിഡൻ്റ് രാജി ആവശ്യപ്പെട്ടു. മുകേഷ് രാജിവെക്കാൻ തയ്യാറല്ല. സിപിഎം മുകേഷിനോട് രാജി ആവശ്യപ്പെടണം. എന്നാൽ മുകേഷിന് കുട ചൂടി നിൽക്കുകയാണ് സിപിഎം. ഘടകകക്ഷികളിൽ നിന്നടക്കം ആവശ്യം വന്നിട്ടും സിപിഎം അവരെ സംരക്ഷിക്കുകയാണ്. സിപിഎമ്മിൻ്റെ ഒരുപാടാളുകളെ സംരക്ഷിക്കാനുള്ളത് കൊണ്ടാണ് സിപിഎം ഈ നിലപാട് സ്വീകരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ വെളിപ്പെടുത്തലിൽ സർക്കാർ അന്വേഷണം നടത്തുന്നില്ല. മുകേഷിന്റെ രാജി എന്ന ആവശ്യവുമായി സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം പറഞ്ഞു.