Asianet News MalayalamAsianet News Malayalam

മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം, കോഴിക്കോട് പൊലീസ് ലാത്തി വീശി

കൊവിഡ് പ്രോട്ടോകോൾ പോലും ലംഘിച്ചാണ് പ്രതിഷേധക്കാര്‍ സംസ്ഥാന വ്യാപകമായി തെരുവിലിറങ്ങിയത്. 

opposition protest in kerala demanding cm pinarayi vijayans resignation over gold smuggling case
Author
Thiruvananthapuram, First Published Jul 10, 2020, 12:16 PM IST

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളം കേന്ദ്രീകരിച്ചുണ്ടായ സ്വര്‍ണക്കടത്ത് കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ രാജി ആവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ്, യുവമേര്‍ച്ച സംഘടനകളുടെ പ്രതിഷേധം. കോഴിക്കോട് കളക്ട്രേറ്റിലേക്ക് യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് സംഘർഷത്തിൽ കലാശിച്ചു. മാര്‍ച്ചിനിടെ ബാരിക്കേഡ് തള്ളിമാറ്റാൻ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പ്രവര്‍ത്തകര്‍ പിരിഞ്ഞു പോകാതിരുന്നതോടെ പൊലീസ് ഗ്രനേഡും കണ്ണീര്‍വാതകവും പ്രയോഗിച്ചു. യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പടെ 15 പേർക്ക് പരിക്കേറ്റു. ഇവരെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പ്രതിഷേധത്തിനിടെ കോഴിക്കോട്ടെ മാധ്യമപ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. അബു ഹാഷിം (മനോരമ), ദിനേശൻ (ജന്മഭൂമി), സുനിൽ (അമൃത ടിവി) എന്നിവർക്കാണ് പരിക്കേറ്റത്.

പൊലീസ് അഞ്ചിലേറെ തവണ ഗ്രനേഡ് പ്രയോഗിച്ചതായാണ് വിവരം. സമരത്തിന്‍റെ ഉദ്ഘാടനത്തിന് മുമ്പാണ് പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ഗ്രനേഡടക്കം പ്രയോഗിച്ചത്. പിന്നീട് എംകെ മുനീറെത്തി പ്രതിഷേധസമരം ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നേതാവ് പികെ ഫിറോസ് അടക്കം പങ്കെടുത്തു. ഉദ്ഘാടനത്തിന് പിന്നാലെ വീണ്ടും വലിയ പ്രതിഷേധമുണ്ടായി. പിന്നാലെ പൊലീസ് ലാത്തി വീശി. വീണ്ടും കണ്ണീര്‍ വാതകം പ്രയോഗിച്ചു. അതേ സമയം കോഴിക്കോട്ട് യൂത്ത് ലീഗ് മാർച്ച് നടത്തിയത് പൊലീസ് അനുമതിയില്ലാതെയെന്ന് സിറ്റി പൊലീസ് കമ്മീഷണർ പ്രതികരിച്ചു. പ്രവർത്തകർക്കെതിരെ കൊവിഡ് പ്രൊട്ടോക്കോൾ പ്രകരം കേസ് എടുക്കുമെന്നും കമ്മീഷണർ അറിയിച്ചു. 

കോഴിക്കോട് യൂത്ത് ലീഗ് മാര്‍ച്ചിൽ സംഘർഷം, പൊലീസ് ലാത്തിവീശി, നിരവധിപ്പേര്‍ക്ക് പരിക്ക്

കണ്ണൂരിൽ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യൂത്ത് കോൺഗ്രസ് മാർച്ച് നടത്തി. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് ഷാഫി പറമ്പിൽ ഉദ്ഘാടനം ചെയ്തു. കെ സുധാകരനടക്കം പങ്കെടുത്തു. കൊവിഡ് നിര്‍ദ്ദേശങ്ങള്‍ കാറ്റിൽപറത്തിയാണ് പ്രതിഷേധ സമരം നടന്നത്. കണ്ണൂരിൽ പൊലീസ്  ജലപീരങ്കിയും, ഗ്രനേഡും ഉപയോഗിച്ചു. കണ്ണൂരിൽ യൂത്ത് ലീഗ് സമരത്തിനിടയിലും സംഘർഷമുണ്ടായി. മന്ത്രി ഇ പി ജയരാജൻ്റെ വാഹനം സമരക്കാർ തടഞ്ഞു. 

കൊവിഡ് വൈറസ് വ്യാപകമായ സാഹചര്യത്തിലും നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചാണ് സംസ്ഥാന വ്യാപകമായി പ്രതിഷേധം നടക്കുന്നത്. കൊവിഡിനിടയിൽ സംസ്ഥാനത്ത് സമരാഭാസമാണ് നടക്കുന്നതെന്ന് മന്ത്രി ഇപി ജയരാജൻ പ്രതികരിച്ചു. സമരം നടത്തി കൊവിഡ് വന്ന് മരിക്കാൻ ആരും നിക്കേണ്ട. എത്ര അന്വേഷണം നടത്തിയാലും മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് ഒരു അന്വേഷണവും നടത്തില്ല. വകതിരിവില്ലാത്തവരുടെ ആഹ്വാനം കേട്ട് ആരും ഇറങ്ങിപ്പുറപ്പെടേണ്ടെന്നും മന്ത്രി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കൊല്ലത്ത് കെഎസ്‍യു പ്രവര്‍ത്തകരുടെ നേതൃത്വത്തിൽ കമ്മീഷണര്‍ ഓഫീസിലേക്കും പ്രതിഷേധമാര്‍ച്ച് സംഘടിപ്പിച്ചു. 

 

Follow Us:
Download App:
  • android
  • ios