തിരുവനന്തപുരം: മസാല ബോണ്ടുമായി ഇടപാടുകളില്‍ സുതാര്യത ഉറപ്പുവരുത്തണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുത്തി. മസാല ബോണ്ടുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ധനമന്ത്രി തോമസ് ഐസക് ആവര്‍ത്തിച്ച് അസത്യം പറയുകയാണെന്നും യഥാര്‍ത്ഥ വസ്തുതകള്‍ മറച്ചു വയ്ക്കുകയാണെന്നും പ്രതിപക്ഷ നേതാവ് കത്തില്‍ ആരോപിക്കുന്നു.
 
ഇക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ മസാല ബോണ്ടുമായി ബന്ധപ്പെട്ട ഫയലുകള്‍ പ്രതിപക്ഷ എംഎല്‍എമാരുടെ സംഘത്തെ പരിശോധിക്കാന്‍ അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യു.ഡി.എഫിനും യോജിപ്പാണുള്ളത്. പക്ഷേ അത് സുതാര്യമായും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുമാകണം.
 
പക്ഷേ ഇവിടെ മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്‍ അടി മുടി ദുരൂഹത നിറഞ്ഞു നില്‍ക്കുകയാണ്. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത് മുതല്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും ഒന്നിന് പുറകെ ഒന്നായി അസത്യങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വയ്ക്കാന്‍ കാണിക്കുന്ന വെപ്രാളം ഇത് സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നുവെന്നും ചെന്നിത്തല ആരോപിക്കുന്നു.
 
കത്തിന്റെ പൂര്‍ണ്ണരൂപം: 
 
 
പ്രിയപ്പെട്ട മുഖ്യമന്ത്രി,
 
കിഫ്ബിയുടെ ധനസമാഹരണത്തിനായി പുറത്തിറക്കിയ മസാലാ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വിടാതെ ഇപ്പോഴും സര്‍ക്കാര്‍ ഒളിച്ചു വച്ചിരിക്കുന്നത് ദുരൂഹമാണ്. 2150 കോടി രൂപയുടെ ബോണ്ടുകള്‍ കനേഡിയന്‍ കമ്പനിയായ സി.ഡി.പി.ക്യൂ വാണ് വാങ്ങിയത്. 9.732% എന്ന കൊള്ളപ്പലിശയാണ് ഈ ബോണ്ടിന്മേല്‍ കിഫ്ബി നല്‍കേണ്ടത്. കേരളത്തിന് തലമുറകളോളം വലിയ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കി വയ്ക്കുന്ന ഈ ഇടപാട് സംബന്ധിച്ച ഫയലുകള്‍ പ്രതിപക്ഷ എം.എല്‍.എമാരുടെ സംഘത്തെ കാണിക്കണമെന്ന് ആവശ്യപ്പെടുകയും ഇത് സംബന്ധിച്ച് താങ്കള്‍ക്ക് കത്ത് നല്‍കുകയും ചെയ്തിട്ടും താങ്കള്‍ ഒന്നും പ്രതികരിക്കാത്തതിനാലാണ് ഇങ്ങനെ ഒരു തുറന്ന കത്ത് എഴുതേണ്ടി വന്നത്. 
 
സംസ്ഥാനത്തിന്റെ വികസനത്തിന് വിഭവ സമാഹരണം നടത്തുന്നതിനോട് യു.ഡി.എഫിനും യോജിപ്പാണുള്ളത്. പക്ഷേ അത് സുതാര്യമായും സംസ്ഥാനത്തിന്റെ താത്പര്യങ്ങള്‍ സംരക്ഷിച്ചു കൊണ്ടുമാകണം. പക്ഷേ ഇവിടെ മസാലാ ബോണ്ടിന്റെ ഇടപാടിന്മേല്‍ അടി മുടി ദുരൂഹത നിറഞ്ഞു നില്‍ക്കുകയാണ്. മാത്രമല്ല ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നത് മുതല്‍ ധനകാര്യ മന്ത്രി തോമസ് ഐസക്കും കിഫ്ബിയും ഒന്നിന് പുറകെ ഒന്നായി അസത്യങ്ങള്‍ പറഞ്ഞ് യഥാര്‍ത്ഥ വസ്തുതകള്‍ മറച്ച് വയ്ക്കാന്‍ കാണിക്കുന്ന വെപ്രാളം ഇത് സംബന്ധിച്ച സംശയങ്ങളെ ബലപ്പെടുത്തുകയും ചെയ്യുന്നു. 
 
കേരളത്തില്‍ വലിയ കോളിളക്കമുണ്ടാക്കിയ അഴിമതി ആരോപണത്തിന്റെ കേന്ദ്ര ബിന്ദുവായ എസ്.എന്‍.സി ലാവ്‌ലിന്‍ കമ്പനിയില്‍ ഉടമസ്ഥ പങ്കാളിത്തമുള്ള സി.ഡി.പി.ക്യൂവാണ് മസാലാ ബോണ്ടുകള്‍ വാങ്ങിയതെന്ന വിവരം ആദ്യം ഞാന്‍ പുറത്തു വിട്ടപ്പോള്‍ അത് പൂര്‍ണ്ണമായും നിഷേധിച്ച്, ലാവ്‌ലിന്‍ കമ്പനിയുമായി സി.ഡി.പി.ക്യൂവിന് ഒരു ബന്ധവുമില്ലെന്നാണ് ധനമന്ത്രി തോമസ് ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും  പറഞ്ഞത്. എന്നാല്‍ ലാവ്‌ലിനുമായി സി.ഡി.പി.ക്യൂവിന്  ഗാഢമായ ബന്ധമുണ്ടെന്ന് ഉടന്‍ തന്നെ തെളിഞ്ഞു. കിഫ്ബിയക്ക് ഔദ്യോഗികമായി തന്നെ അത് സമ്മതിക്കേണ്ടി വന്നു.
 
ലാവ്‌ലിനില്‍ ഏറ്റവും കൂടുതല്‍ ഷെയര്‍ (20%) ഉള്ളത് സി.ഡി.പി.ക്യൂവിനാണ്. സത്യം ഇതായിരിക്കെ എന്തിനാണ് അത് മറച്ചു വയ്ക്കാന്‍ ധനമന്ത്രി തോമസ്  ഐസക്കും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും തിടുക്കം കാട്ടിയത്? പുറത്ത് പറയാന്‍ കഴിയാത്ത എന്തോ ഇടപാട് ഇതിന് പിന്നില്‍ നടന്നു എന്നതിന്റെ സൂചനയല്ലേ ഇവര്‍ ഇരുവരുടേയും വെപ്രാളത്തിന് പിന്നില്‍ കാണുന്നത്? 
കിഫ്ബിയുടെ മസാലാ ബോണ്ടിന്റെ പലിശ ഏറ്റവും കുറവെന്നാണ് താങ്കള്‍ (മുഖ്യമന്ത്രി) പിന്നീട് പറഞ്ഞത്. അതും ശരിയല്ലെന്ന് ഞാന്‍ തെളിയിച്ചു.
 
ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിട്ടുള്ള മാസലാ ബോണ്ടുകളില്‍ ഏറ്റവും കൂടുതല്‍ പലിശ നല്‍കുന്നത് കിഫ്ബിയുടെ ബോണ്ടുകളാണെന്നതിന്റെ തെളിവുകളും ഞാന്‍ പുറത്തു വിട്ടു. റേറ്റിംഗ് കുറവായതിനാലാണ് പലിശ കൂടുന്നതെന്ന് അപ്പോള്‍ കിഫ്ബി വിശദീകരിച്ചു. യാഥാര്‍ത്ഥ്യം അതാണെങ്കില്‍ താങ്കളെന്തിന് ആദ്യം വസ്തുതാ വിരുദ്ധമായ കാര്യം പറഞ്ഞു? 
 
വേറെയുമുണ്ടായി കള്ളങ്ങള്‍. ഏറ്റവും ഒടുവില്‍ സുതാര്യമായാണ് ബോണ്ടു വില്‍പ്പന നടന്നതെന്നും ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ പബ്‌ളിക്കായാണ് മസാലാ ബോണ്ട് ലിസ്റ്റ് ചെയ്തതെന്നും, ലോകത്തുള്ള ആര്‍ക്കും അത് വന്ന് വാങ്ങാമെന്നും, അങ്ങനെയാണ് സി.ഡി.പി.ക്യൂ വന്ന് വാങ്ങിയതെന്നും, ഇതിന് പിന്നില്‍ കമ്മീഷന്‍ ഇല്ലെന്നും ധനമന്ത്രിയും കിഫ്ബിയും പറഞ്ഞു. പക്ഷേ അതും ശുദ്ധമായ കള്ളമെന്നാണ് പിന്നീട് തെളിഞ്ഞത്. സി.ഡി.പി.ക്യൂവിന്റെ ആസ്ഥാനമായ കാനഡയിലെ ക്യൂബക് പ്രവിശ്യയില്‍ പ്രൈവറ്റ് ഇഷ്യൂ ആയി കിഫ്ബി മസാലാ ബോണ്ട് ഇറക്കിയിട്ടുണ്ടെന്നാണ് ലണ്ടന്‍ സ്‌റ്റോക്ക് എക്‌സചേഞ്ചിലെ രേഖകള്‍ തെളിയിക്കുന്നത്. അപ്പോള്‍ പിന്നെ എന്തിനായിരുന്നു പബ്‌ളിക് ഇഷ്യൂ ആയിരുന്നെന്ന് ധനമന്ത്രി കള്ളം പറഞ്ഞത്?  
 
ആകപ്പാടെ നോക്കുമ്പോള്‍ അടിമുടി  ദുരൂഹമാണ് ഈ ഇടപാട്. സര്‍ക്കാരും കിഫ്ബിയും കള്ളത്തിന് മുകളില്‍ കള്ളം പറയുകയും അവ തെറ്റെന്ന് തെളിയിക്കപ്പെടുകയും ചെയ്യുമ്പോള്‍ വീണ്ടും മറ്റൊരു കള്ളം പറയുകയുമാണ്. മാത്രമല്ല, ഇത് സംബന്ധിച്ച എന്റെ വ്യക്തമായ ചോദ്യങ്ങള്‍ക്കൊന്നും ധനമന്ത്രി മറുപടി പറയുന്നില്ല. പകരം വ്യക്തിപരമായി അധിക്ഷേപിക്കുകയാണ് ചെയ്യുന്നത്. വ്യക്തമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ ഉത്തരം നല്‍കാതെ  മത്തിക്കച്ചവടം പോലെയല്ല ബോണ്ടു വ്യാപാരം എന്നൊക്കെ തരംതാണ നിലയില്‍ അധിക്ഷേപിച്ച് രക്ഷപ്പെടാനാണ് ധനമന്ത്രി ശ്രമിക്കുന്നത്. കള്ളം കയ്യോടെ പിടിക്കപ്പെടുമ്പോള്‍ കറ്റവാളികള്‍ കാണിക്കുന്ന വെപ്രാളം പോലെയാണ് ഇത്. 
 
കിഫ്ബിയുടെ മസാലാ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ രഹസ്യമായി വയ്ക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അവകാശമില്ല. കാരണം പൊതുജനങ്ങളുടെ പണമാണ് പലിശയായി നല്‍കേണ്ടി വരുന്നത്. പൊതുജനങ്ങള്‍ നികുതിയായി നല്‍കുന്ന ഓരോ രൂപയും എങ്ങനെ ചിലവാക്കുന്നു എന്നറിയാന്‍ അവര്‍ക്ക് അവകാശമുണ്ട്. ലണ്ടന്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിലെ ഏറ്റവും കൂടിയ പലിശ നിരക്കാണ് കിഫ്ബി ഈ മസാലാ ബോണ്ടിന്മേല്‍ നല്‍കേണ്ടി വരുന്നത്.
 
ഈ ബോണ്ടുകളുടെ കാലാവധി എത്ര വര്‍ഷമാണെന്ന്  പോലും സര്‍ക്കാര്‍ വെളിപ്പെടുത്തുന്നില്ല. 25 വര്‍ഷമെന്ന സൂചനയാണ് സര്‍ക്കാര്‍ നേരത്തെ നല്‍കിയത്. എന്നാല്‍ അഞ്ചു വര്‍ഷമെന്നാണ്  ബോണ്ടിന്റെ രേഖകളില്‍ കാണുന്നത്. 25 വര്‍ഷമാണെങ്കില്‍ തന്നെ വലിയ കടബാദ്ധ്യതയായിരിക്കും ഈ ബോണ്ടുകള്‍ കേരളത്തിന് വരുത്തി വയ്ക്കുക. എങ്കില്‍ നാം  പലിശയായി  മാത്രം 5213 കോടി രൂപ നല്‍കേണ്ടി വരും. ഇനി അഞ്ചു വര്‍ഷമാണെങ്കില്‍ വന്‍ബാദ്ധ്യതയാണ് ഒന്നിച്ച് നമ്മുടെ തലയില്‍ വന്ന് വീഴാന്‍ പോകുന്നത്.  3195 കോടി രൂപയാണ് അഞ്ചാം വര്‍ഷം നാം ഒന്നിച്ച് കൊടുക്കേണ്ടി വരിക. ഇത് കേരളത്തിന് താങ്ങാനാവാത്തതാവും. 
 
ധാര്‍മ്മികമായും സാമ്പത്തികമായും രാഷ്ട്രീയമായും ഒട്ടേറെ ചോദ്യങ്ങള്‍ ഇവിടെ ഉയരുന്നു. 
 
1. കേരളത്തിന് വന്‍ സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കുന്നതായിട്ടും  മസാലാ ബോണ്ട് സംബന്ധിച്ച വിവരങ്ങളെല്ലാം ഇപ്പോഴും പരമരഹസ്യമായി വച്ചിരിക്കുന്നതെന്തു കൊണ്ട്? 
2. എന്തിനാണ് ഇത്ര ഉയര്‍ന്ന പലിശ നിരക്കില്‍ കിഫ്ബി മസാലാ ബോണ്ടിറക്കിയത്? (ലണ്ടന്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ഇതിന് മുന്‍പ് മസാലാ ബോണ്ടിറക്കിയ പതിനാറോളം ഇന്ത്യന്‍ കമ്പനികളുടെ പലിശ നിരക്ക്  4 മുതല്‍ 8.25% വരെയാണ്.)
3.  ഇത്രയും വലിയ പലിശ നല്‍കി ബോണ്ടിറക്കി സംസ്ഥാനത്തിന് മേല്‍ വന്‍ കടബാദ്ധ്യത കെട്ടി വയ്ക്കുന്നതിന് മുന്‍പ് പൊതു ചര്‍ച്ച ചെയ്യാത്തതെന്തു കൊണ്ട്? കുറഞ്ഞ പക്ഷം ഭരണം നടത്തുന്ന ഇടതു മുന്നണിയിലോ മന്ത്രിസഭയിലോ എങ്കിലും ചര്‍ച്ച ചെയ്യേണ്ടതല്ലേ? 
4. കേരളത്തില്‍ വലിയ അഴിമതിക്കേസിലെ പിടികിട്ടാപ്പുള്ളികളാണ് ലാവ്‌ലിന്‍ കമ്പനി. അങ്ങനെയുള്ള കമ്പനിയുടെ  കൂട്ടു കമ്പനിയുമായി രഹസ്യ ചര്‍ച്ച നടത്തി കൊള്ളപ്പലിശയ്ക്ക് അവര്‍ക്ക് ബോണ്ട് നല്‍കി കേരളത്തെ കടക്കെണിയിലാക്കുന്നത് ധാര്‍മികമായി ശരിയാണോ? 
5. ലാവ്‌ലിന്‍ കേസില്‍ മുഖ്യമന്ത്രിയും പ്രതിസ്ഥാനത്താണ്. ഈ കേസ് സുപ്രീം കോടതി പരിഗണിക്കുകയാണ്. ഈ സന്ദര്‍ഭത്തില്‍  വീണ്ടും ലാവ്‌ലന്‍ ബന്ധമുള്ള കമ്പനിയുമായി ദുരൂഹമായ ഇടപാട് നടത്തുന്നതിലെ യഥാര്‍ത്ഥ ലക്ഷ്യമെന്താണ്? 
6. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ ആശയമാണ് മസാലാ ബോണ്ടുകള്‍.  ഉദാരവത്ക്കരണ നയങ്ങളെ നഖശിഖാന്തം എതിര്‍ക്കുന്ന ഇടതു മുന്നണി ബി.ജെ.പി യുടെ സാമ്പത്തിക നയങ്ങളുടെ പിന്നാലെ പായുന്നതിന്റെ സാംഗത്യം എന്താണ്? ഇടതു മുന്നണി ആരോടൊപ്പമാണ് നില്‍ക്കുന്നത്? 
മസാലാ ബോണ്ട് സംബന്ധിച്ച വിവരങ്ങള്‍ എല്ലാം പരസ്യമാക്കേണ്ടത് സംസ്ഥാനത്തിന്റെ വിശാല താത്പര്യങ്ങള്‍ക്ക് അത്യാവശ്യമാണ്. അതിനാല്‍ ഇത് സംബന്ധിച്ച ഫലുകള്‍ എല്ലാം പ്രതിപക്ഷ എം.എല്‍.എമാരുടെ സംഘത്തെ കാണിക്കണമെന്ന് വീണ്ടും അഭ്യര്‍ത്ഥിക്കുന്നു.