ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി നീതി ന്യായ വ്യസ്ഥയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.  മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തോടും ഏഷ്യാനെറ്റ് ന്യൂസിനോടും മാപ്പു പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കിയുള്ള ഹൈക്കോടതി വിധി നീതി ന്യായ വ്യസ്ഥയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ പൊതുസമൂഹത്തോടും ഏഷ്യാനെറ്റ് ന്യൂസിനോടും മാപ്പു പറയണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു.

യഥാര്‍ത്ഥത്തിൽ ഒരു സര്‍ക്കാരിന് മാധ്യമപ്രവര്‍ത്തനത്തിന്‍റെ മുകളിൽ എത്രമാത്രം ഇടപെടാൻ കഴിയുമെന്നതിന്‍റെ ഹീനമായ ഒരു ഉദാഹരണമാണ് ഈ കേസ്. ഏകാധിപത്യ ഭരണകൂടങ്ങള്‍ മാധ്യമങ്ങളെ അടിച്ചമര്‍ത്താൻ നടത്തുന്ന ശ്രമങ്ങള്‍ക്കെതിരെ വാതോരാതെ സംസാരിക്കുന്നവരാണ് നമ്മള്‍. ഏഷ്യാനെറ്റ് ന്യൂസിനെതിരായ കേസ് അതിന്‍റെ വെറൊരു ഭാഗം മാത്രമാണെന്നും വിഡി സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് സദുദ്ദേശത്തോടെ കൊടുത്ത ഒരു വാര്‍ത്തയാണതെന്നാണ് നിയമസഭയിൽ താൻ ഉന്നയിച്ചത്. ലഹരി വിരുദ്ധ പ്രചരണത്തിന്‍റെ ഭാഗമായി നൽകിയ വാര്‍ത്തയാണത്. ഇന്ന് കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് ലഹരി മരുന്നിന്‍റെ വ്യാപനം. ഇന്നിപ്പോള്‍ എല്ലാ മാധ്യമങ്ങളും ലഹരിക്കെതിരെ പ്രചാരണവുമായി രംഗത്തെറിങ്ങിയിട്ടുണ്ട്. അത് മുന്നിൽ കണ്ട് നേരത്തെ തന്നെ ഉത്തരവാദിത്തത്തോടെ ഏഷ്യാനെറ്റ് ന്യൂസ് ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ആ വാര്‍ത്തയെ വളച്ചൊടിച്ച് കേസ് എടുക്കുന്ന നിലയിലേക്ക് എത്തി.

അതൊടൊപ്പം ഏഷ്യാനെറ്റ് ന്യൂസിന്‍റെ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പ്രശ്നമുണ്ടാക്കി. ഓഫീസ് റെയ്ഡ് ചെയ്യുകയും പോക്സോ കേസ് എടുക്കുകയും ചെയ്തു. മാധ്യമസ്ഥാപനം ക്രൂശിക്കപ്പെടുകയായിരുന്നു. നേതൃത്വത്തിലുണ്ടായിരുന്നവര്‍ അപമാനിക്കപ്പെട്ടു. അന്ന് സര്‍ക്കാര്‍ എടുത്ത ഈ നിലപാടിനെതിരെ പ്രതിപക്ഷം തുറന്ന് എതിര്‍ത്തിരുന്നു. അന്ന് ഞങ്ങള്‍ പറഞ്ഞ കാര്യങ്ങളാണ് ഇന്ന് കോടതി വിധിയിൽ പറഞ്ഞിരിക്കുന്നത്. നീതിന്യായ വ്യവസ്ഥയിൽ വിശ്വാസം ഉറപ്പിക്കുന്ന വിധിയാണ് ഇപ്പോള്‍ വന്നിരിക്കുന്നത്.
ഭരണകൂടം ഒരു അവസരം നോക്കിയിരിക്കുകയായിരുന്നു.

ലഹരിക്കെതിരായ പോരാട്ടത്തിന് ഏഷ്യാനെറ്റ് ന്യൂസിനെ അഭിനന്ദിച്ച് ഹൈക്കോടതി; 'കേസിൽ തെളിവിന്‍റെ കണിക പോലുമില്ല'


വിമര്‍ശിക്കുന്നവര്‍ക്കെതിരെ കേസെടുത്ത് ഭീഷണിപ്പെടുത്താനും ഭയപ്പെടുത്താനുമാണ് സര്‍ക്കാരിന്‍റെ ശ്രമം. അതിനെതിരെ ചെറുത്തുനിൽക്കുകയാണ് വേണ്ടത്. അതിനാലാണ് നിയമസഭയിൽ അന്ന് ഈ വിഷയം തുറന്ന് കാണിച്ച് ജനങ്ങള്‍ക്ക് മുമ്പാകെ കൊണ്ടുവന്നത്. പോക്സോ പോലുള്ള കേസ് ദുരുപയോഗം ചെയ്ത് മാധ്യമ സ്വാതന്ത്ര്യത്തിന്‍റെ കടയ്ക്കൽ കത്തിവെക്കുന്ന നടപടിയാണ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത്. പൊതുസമൂഹത്തോടും ഏഷ്യാനെറ്റ് ന്യൂസിനോടും ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി മാപ്പു പറയണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നതെന്നും വിഡി സതീശൻ പറഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പോക്സോ കേസ് റദ്ദാക്കി; വാർത്താ പരമ്പര സദുദ്ദേശത്തോടെയെന്ന് ഹൈക്കോടതി

YouTube video player